‘പെണ്ണെഴുത്തി’ന് ഒരു ഇരട്ടത്താപ്പുനയമാണുളളതെന്നും സ്‌ത്രീ എഴുത്തുകാർക്കിടയിൽ ഈ ഒരു ‘പേരിടൽ’ വിഭാഗീയത സൃഷ്‌ടിച്ചിരിക്കുന്നുവെന്നും പുരുഷ എഴുത്തുക്കാർ വ്യാകുലപ്പെടുമ്പോൾ തന്നെ, എഴുത്തുകാരികൾ ഈ സമസ്യയെ തകർത്തു മുന്നേറുവാൻ ഒന്നിക്കേണ്ടിയിരിക്കുന്നു. അതിന്റെ എല്ലാ രാഷ്‌ട്രീയ, സാമൂഹ്യ, സ്‌ത്രീപക്ഷപാതങ്ങളെയും ഉൾക്കൊളളുമ്പോഴും, പുരുഷനെ മാറ്റി നിർത്തിക്കൊണ്ടുളള ഒരു സ്‌ത്രീ-സ്‌ത്രീസംവേദനം ‘പെണ്ണെഴുത്തി’നെറ ആത്യന്തികലക്ഷ്യങ്ങളിലൊന്നായി ഞാൻ കാണുന്നു. ഓരോ സ്‌ത്രീയും സംവേദനത്തിനായി കണ്ടെത്തുന്ന എഴുത്തുരൂപങ്ങളിൽനിന്ന് പുരുഷന്റേതു മാത്രമായ അംശങ്ങൾ നീക്കംചെയ്‌ത്, സത്രീയുടെ സ്വത്വം പുറത്തുകൊണ്ടുവരേണ്ടത് വായനക്കാരികളുടെകൂടി കർത്തവ്യമാണ്. കൂടുതൽ വായനക്കാരികളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കേണ്ടത് എഴുത്തുകാരികളുടെ നിയോഗവും. സമൂഹത്തിൽ സ്‌ത്രീയായി ജീവിക്കുകയും തന്റെ അസ്‌തിത്വത്തെ സർഗ്ഗാത്മകതയുമായി കൂട്ടിയിണക്കുകയും ചെയ്യുന്ന വ്യക്തിയുടെ എഴുത്ത് ‘പെൺ’+‘എഴുത്ത്’ തന്നെയാണ്. അത് നിഷേധിക്കുന്നത് സ്വന്തം ലിംഗത്തെയോ സാഹിത്യത്തെയോ സ്വയം നിഷേധിക്കലാണ്, അതിന് പെണ്ണിനെ പ്രേരിപ്പിക്കുന്നതരത്തിലുളള പെണ്ണെഴുത്തുചർച്ചകൾ പുരുഷന്മാർ നടത്തേണ്ട കാലം കഴിഞ്ഞു. ഇനിയുളള കാലത്ത് കൂടുതൽ സ്‌ത്രീ-സ്‌ത്രീ ചർച്ചകൾ-തുറന്ന, ധീരവും ചടുലവുമായ വ്യവഹാരങ്ങൾ-ഉണ്ടാവുകയും ഓരോ സ്‌ത്രീയും സ്വന്തമായ രീതിയിൽ പെണ്ണെഴുത്തിനെ നവീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ് വേണ്ടത്.
Generated from archived content: essay3_may18.html Author: sulochana_rammohan