അദ്ദ്യാപഹയൻ

ഇന്ത്യാമഹാരാജ്യത്തിൽ വിദ്യാഭ്യാസനിലവാരത്തിൽ ഒന്നാംസ്ഥാനത്തുനില്‌ക്കുന്ന കേരളമഹാസംസ്ഥാനത്തിലെ ഒരു മാതൃകാവിദ്യാലയം നേരിൽക്കണ്ട്‌ അനുഭവിക്കാൻ എത്തിയതായിരുന്നു ഐക്യരാഷ്‌ട്രസമിതി ചുമതലപ്പെടുത്തിയ വിദ്യാഭ്യാസ ധുരന്ധരസംഘം. മന്ത്രി ഡീപ്പീഐയേയും, ഡീപ്പീഐ ഡീയീഓയേയും, ഡീയീഓ ഓയീഓയേയും വിവരമറിയിച്ച്‌ ബാക്കി ചടങ്ങുകൾ വഴിയാംവണ്ണം നിർവഹിക്കാൻ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ഏറ്റവുമുയർന്ന നിലവാരമുളള വിദ്യാലയത്തിലേക്ക്‌ സ്ഥലം ഏയീഓ സംഘത്തെ സ്വീകരിച്ചാനയിച്ചു. മാതൃകാവിദ്യാലയത്തിലെ മാതൃകാക്ലാസ്സിൽ മാതൃകാദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക്‌ ഐക്യരാഷ്‌ട്രസംഘത്തെ പരിചയപ്പെടുത്തിഃ “ഹമുക്കുകളേ, ഈ ബന്നിരിക്കണ പഹേമ്മാര്‌ ആരാന്നറിയ്യോ? യൂനൈറ്റഡ്‌ നേഷൻസാണ്‌. ഇബ്‌ടത്തെ പടിപ്പീര്‌ നേരിട്ടുകണ്ട്‌ മാർക്കിടാൻ ബന്നിരിക്ക്വാണ്‌. പുടികിട്ടിയോ….? ശരി. ഇന്നി, ഞമള്‌ ചില ശോദ്യങ്ങള്‌ ശോദിക്കും. നിങ്ങളെല്ലാരും ആലോശിച്ചുബേണം മറുപടി പറയാൻ. തെറ്റിച്ചാൽ നിങ്ങളെമാത്രമല്ല, നിങ്ങളെ ബാപ്പാമാരേം തല്ലും. പറഞ്ഞില്ലെന്നു ബേണ്ട. എന്നാലിനി ശോദ്യങ്ങൾ.” ഇടയ്‌ക്കുകയറി ഒന്നു പറഞ്ഞോട്ടെ. ക്ലാസ്സിലെ കുട്ടികൾ അയ്‌മ്പതും ബഹുമിടുക്കൻമാരാണ്‌. കയറിയ ക്ലാസ്സിൽതന്നെ ഇപ്പോഴും ഇരിക്കുകയാണ്‌. ഏതു ചോദ്യം ചോദിച്ചാലും അവർക്ക്‌ ഒരു ഉത്തരമേയുളളൂ-‘അറിഞ്ഞൂടാ.’ ഇനി അദ്ദ്യാപഹയന്റെ ചോദ്യാവലി.

ഒന്ന്‌. ചോദ്യം വ്യാകരണമാണ്‌. ഗ്രാമർ.

“കുട്ടികളേ, ശർദ്ദിച്ചു കേട്ടോളണം. ശോദ്യമിതാണ്‌- ‘അറിയാം’ എന്ന പദത്തിന്റെ എതിർപദം എന്താണ്‌?”

കുട്ടിൽ ഒന്നടങ്കം ഃ ‘അറിഞ്ഞൂടാ.“

രണ്ട്‌ഃ ”ഭേഷ്‌, കലക്കി. അടുത്ത ശോദ്യം-ശാസ്‌ത്രമാണ്‌, സയൻസ്‌. തോമസ്‌ ആൽവാ എഡിസനുമുമ്പ്‌ ഇലക്‌ട്രിക്‌ ബൾബിനെക്കുറിച്ച്‌ ആർക്കെങ്കിലും അറിയാമായിരുന്നോ?“

കുട്ടികൾ ഒന്നടങ്കംഃ ”അറിഞ്ഞൂടാ!“

മൂന്ന്‌ഃ ”വെരിജൂഡ്‌ഡ്‌. അടുത്ത ശോദ്യം കണക്ക്‌. മാത്ത്‌സ്‌. പീധോഗറസ്‌ തിയറം, ഓന്റെ ബാബാക്ക്‌ അറിയാമായിരുന്നോ?“

”അറിഞ്ഞൂടാ.“

നാല്‌ഃ ”വൊണ്ടർഭൂൾ! അടുത്ത ശോദ്യം ചരിത്രം. ഹിസ്‌റ്ററി. വാസ്യോഡിഗാമാക്ക്‌ കോയിക്കോട്ട്‌ ബന്നിറങ്ങുംമുമ്പ്‌ ഇന്ത്യയെക്കുറിച്ച്‌ ബല്ലചുക്കും അറിയാമായിരുന്നോ?“

”അറിഞ്ഞൂടാ!“

അഞ്ച്‌ഃ ”ക്വസ്‌റ്റ്യൺ നംബർ ഭൈ. ബൂമിസാത്രം. ജിയോഗ്രഭി. ശോദ്യം-സൂനാമി ബരുമ്മുമ്പ്‌ നമുക്ക്‌ അദിനേക്കുറിച്ച്‌ ബല്ല സൂചനേം അറിയാമായിരുന്നോ?“

”അറിഞ്ഞൂടാ.“

ഇത്തവണ ആശ്ചര്യപരതന്ത്രനായത്‌ ഏയീഓയാണ്‌. ഓന ഐക്യരാഷ്‌ട്രത്തെ വിവരമറിയിച്ചപ്പോൾ രാഷ്‌ട്രവും മൂക്കിൽപ്പിടിച്ച്‌ ശ്വാസമടക്കി! വൊണ്ടർ!

”കുട്ടികളേ ഇനി ചിലചില ജനറൽ ക്വസ്‌റ്റ്യൺസാണ്‌. ഛർദ്ദിച്ച്‌ കേട്ട്‌ ഉത്തരം ’ഡഗേ ഡഗേ‘ന്നു പറയണം.“

’യേശുദാസിന്‌ പീറ്റി ഉഷയെപ്പോലെ ഓടാനറിയാമോ?”

“അറിഞ്ഞൂടാ.”

“റിവേഴ്‌സ്‌. പീറ്റി ഉഷയ്‌ക്ക്‌ യേശുവിനെപ്പോലെ പാടാനറിയാമോ?”

“അറിഞ്ഞൂടാ.”

“കർണ്ണം മല്ലേശ്വരിക്ക്‌ ലതാമങ്കേഷ്‌ക്കറെപ്പോലെ പാടാനറിയാമോ?”

“അറിഞ്ഞൂടാ.”

“പൂച്ചയ്‌ക്ക്‌ പട്ടിയെപ്പോലെ കുരയ്‌ക്കാനറിയാമോ?”

“അറിഞ്ഞൂടാ.”

“കുഞ്ഞുണ്ണിമാഷിന്‌ അഴീക്കോടിനെപ്പോലെ പ്രസംഗിക്കാനറിയാമോ?”

“അറിഞ്ഞൂടാ.”

“നമ്മുടെ മുഖ്യമന്ത്രിക്ക്‌ ഹിന്ദി അറിയാമോ?”

“അറിഞ്ഞൂടാ.”

ഏയീഓ ഇടപെട്ടു.

“മതിമതി മാഷേ! ഈ വിദ്യാലയത്തിന്റെ ‘സ്‌റ്റാന്റേർഡ്‌’ ഞങ്ങൾക്കെല്ലാർക്കും ബോധ്യമായി.”

അവരെണീറ്റപ്പോൾ അദ്ദ്യാപഹയൻ സവിനയം ഏയീഓയെ ഭോദിപ്പിച്ചു.

“എന്നാൽ സാറെ, പിളളാരോട്‌ ഒരു ശോദ്യംകൂടി ശോദിച്ചിട്ട്‌ നിർത്താം. അതൊരു രഹസ്യശോദ്യമാണ്‌. പുറത്തറിഞ്ഞാൽ നമ്മുടെ രണ്ടുപേരുടെ പണിയും പളളിപ്പുറത്താകും. ഞാനത്‌ പതുക്കെ പിളളാരോട്‌ ശോദിക്കാം. സാറ്‌ അത്‌ കേട്ടതായി ഭാവിക്കേണ്ട.”

“ശരി ആയിക്കോട്ടെ.”

അദ്ദ്യാപഹയൻ പിളളാരെ വിളിച്ചു.

“കുട്ടികളേ, അറ്റേൻഷം! ഫൈനൽ ശോദ്യം. ഛർദ്ദിച്ച്‌ ഉത്തരം പറയണം. ശോദ്യമിതാണ്‌. ഉത്തരം പതുക്കെവേണം പറയാൻ- നമ്മുടെ മുൻ വിദ്യാബ്യാസമന്ത്രിക്ക്‌ വിദ്യാബ്യാസത്തിനെക്കുറിച്ച്‌ ബല്ലതുമറിയാമോ?”

“അറിഞ്ഞൂടാ.”

ഏയീഓ പറഞ്ഞുകൊണ്ടെണീറ്റു. ഒപ്പം സംഘവും.

“ഞാൻ കേട്ടിട്ടില്ല.”

“ഞങ്ങൾ പറഞ്ഞിട്ടുമില്ല.”

ഏയീഓ തന്റെ ‘ലെറ്റർഹെഡ്‌’ എടുത്ത്‌, അദ്ദ്യാപഹയന്‌ ‘സംസ്ഥാന മാതൃകാദ്യാപഹയനുളള അവാർഡ്‌’ ശുപാർശ ചെയ്‌ത്‌ എഴുതി അദ്ദേഹത്തെ ഏല്പിച്ചു. “താങ്കൂ സേർ. എന്നാലിനി ഒരു സംഗതി കൂടി. കുട്ടികളെ മാത്രമല്ല, ഞാൻ വീട്ടുമൃഗങ്ങളെയും പഠിപ്പിക്കുന്നുണ്ട്‌. അവിടെ ‘ഇംഗ്ലീഷ്‌മീഡിയ’മാണ്‌.”

“ഉവ്വോ! ഭയങ്കരൻ! എന്നാലതുമൊന്ന്‌ കാണുകതന്നെ!” അദ്ദേഹം അക്കാര്യം ഐക്യരാഷ്‌ട്രത്തെ അറിയിച്ചപ്പോൾ, അവർക്കും അത്‌ അനുഭവിക്കാൻ തിടുക്കമായി.

“എന്നാൽ വരൂ സേർ! അടുത്തുതന്നെയാണ്‌ വീട്‌.”

എല്ലാവരും അങ്ങോട്ടു പുറപ്പെട്ടു. അവിടെയെത്തിയപ്പോൾ മാഷ്‌, തന്റെ പട്ടി പൂച്ച ആടു കോഴികളെയൊക്കെ മാന്യാതിഥികൾക്കു പരിചയപ്പെടുത്തിയശേഷം, ഒരു ആടിനോട്‌ ഒരു ശോദ്യംഃ

“ലുക്ക്‌ ഹിയർ ഡാളിങ്ങ്‌! വാട്ടീസ്‌ ദി മന്ത്‌ ആഫ്‌റ്റർ ഏപ്രിൽ?”

നിങ്ങൾ പറയുന്നതുതന്നെ ആടും പറഞ്ഞു.

“മേ…..”

ഏയീഓ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. മറ്റൊരു ‘ലെറ്റർഹെഡ്ഡ’ടുത്തുവച്ച്‌ വേറൊരു ശുപാർശ-അദ്ദ്യാപഹയന്‌ ‘ദേശീയ മാതൃകാദ്ദ്യപഹയനുളള’ അവാർഡ്‌.

Generated from archived content: story2_aug13_05.html Author: sukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here