അനുഭവയോഗം

വസ്‌തുവകകൾ വാങ്ങിവാങ്ങിക്കൂട്ടുന്നതിൽ വിരുതനായിരുന്നു വക്കീലദ്ദേഹം. ഏതുവസ്‌തു എവിടെക്കണ്ടാലും അദ്ദേഹത്തിന്‌ താല്‌പര്യം തോന്നിയാൽ അദ്ദേഹമത്‌ എപ്പോൾ മേടിച്ചെന്ന്‌ ചോദിച്ചാൽ മതി. വസ്‌തു ഉടയോനിട്ട്‌ ഒരു ഊരാപ്പാര പണിഞ്ഞ്‌ അതദ്ദേഹം കൈയ്യടക്കിയിരിക്കും, തീർച്ച.

കേസിലും വഴക്കിലുംപെട്ട്‌ അനാഥമായിക്കിടക്കുന്ന വസ്‌തുക്കൾ. വാദിക്കോ പ്രതിക്കോ വേണ്ടി അദ്ദേഹം നയചാതുര്യത്തോടെ വാദിക്കും, ജയിക്കും. ഫീസായി വലിയൊരു തുക പറയും. വാദിയും പ്രതിയും അതുകേട്ട്‌ അന്ധാളിക്കും. ഉടക്കിയാൽ മറ്റൊരുകേസ്‌ ഉടനെ രൂപമെടുക്കും. അവരെയിട്ട്‌ വലയ്‌ക്കും. ഒടുക്കം വസ്‌തു വക്കീലദ്ദേഹത്തിന്റെ പേരിലുമാവും. ഈ ദുഷ്‌പ്രവൃത്തി കണ്ടും കേട്ടും അങ്ങേയറ്റം വെറുത്ത ഭാര്യ ഒരിക്കൽ സഹികെട്ട്‌ പറഞ്ഞുഃ

“ദേ, ഇതൊന്നും ദൈവത്തിനുനിരക്കുന്ന പ്രവൃത്തിയല്ല കേട്ടോ! നിങ്ങക്കൊരുകാലോം ഗുണംപിടിക്കത്തില്ല, നോക്കിക്കോ!”

“നീ എന്തറിഞ്ഞിട്ടാടി കഴുതേ, ഈ പുലമ്പുന്നേ? എന്റെ ജാതകത്തിൽ ഉലക്കപോലെ എഴുതിവച്ചിട്ടുണ്ട്‌. എന്തോവാ, അന്യന്റെ വസ്‌തുവും വഹേമൊക്കെ സ്വാനുഭവത്തിനായി ഈശ്വരഗത്യാ കിട്ടുമെന്ന്‌! ഞാനിവിടെ വെറുതേ കൈയുംകെട്ടി മിണ്ടാണ്ടിരുന്നാലും ശരി, ഓരോരുത്തമ്മാർ ഇവിടെ കൊണ്ടുവന്നു തന്നേച്ചു പോകും! ഇതിനാടി കഴുതേ പറയുന്നത്‌ ‘അനുഭവയോഗ’മെന്ന്‌!”

“അതേ അനുപവ ഓഗം!” ഭാര്യ സമ്മതിച്ചു. എന്നിട്ടിത്രയും കൂടി പറഞ്ഞിട്ട്‌ അടുക്കളയിലേക്ക്‌ പോയി.-

“ഇവിടുത്തെ മക്കളും ഓരോരുത്തമ്മാരുടെ വകയാ. അനുപവിച്ചോ!”

Generated from archived content: story1_sept1_06.html Author: sukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here