ചെറൂട്ടി റോഡിൽ മൂന്നാംഗേറ്റിൽ റെയിൽപാളത്തിൽ നിന്നും പത്തടി ദൂരെയാണ് യുവാവിന്റെ കബന്ധം കിടക്കുന്നത്. ശിരസ് പാളത്തോടു ചേർന്ന് കരിങ്കൽചീളുകൾക്ക് മുകളിൽ പകുതി മിഴിചിമ്മിക്കൊണ്ട്. അപകടമോ ആത്മഹത്യയോ… ആർക്കറിയാം. എത്രപെട്ടെന്നാണ് കാണികൾ തടിച്ചുകൂടിയത്.
ശിരസു നോക്കി പറഞ്ഞു ഃ “നമ്മുടെ തീവണ്ടിചക്രത്തിന്റെ കൃത്യത… തല കണ്ടില്ലേ. മോഡേൺ ബ്രഡ്‌ഡിന്റെ പീസുപോലെയല്ലേ മുറിച്ചുവച്ചിരിക്കുന്നത്”.
പാളത്തിനു നടുവിലായി തടിയൻ പേഴ്‌സും മൊബൈലും. “നല്ല ചെമ്പുള്ള വീട്ടിലെ പയ്യനാ. കനം കണ്ടിട്ട് പേഴ്‌സില് അയ്യായിരമെങ്കിലും ഉണ്ടാവുംന്നാ തോന്നുന്നത്”. “മൊബൈലിന്റെ കെയ്‌സ് മാത്രമേ ഇത്തിരി പൊട്ടീറ്റുള്ളൂ. നന്നാക്ക്യാ മത്യാവും”.
“എൽ.ജീയാന്ന് തോന്നുന്നു”. “റിലയൻസല്ലേ?” കാണികൾ അക്ഷമയോടെ കുനിഞ്ഞു ഃ “അല്ലല്ല…. ഒറിജിനൽ നോക്കിയയാ. ക്യാമറുമുണ്ട് കേട്ടോ. പതിനാറായിരമെങ്കിലും വില വരും.”
അവർക്കിടയിലേക്ക് കാക്കകളും വന്നു. മൊബൈലും പേഴ്‌സും ഗൗനിക്കാതെ ചോരവാർന്ന ശിരസിലെ പാതിതുറന്ന മിഴികളിൽ ഇടയ്‌ക്കിടെ കൊത്തിവലിച്ചു.
കാക്കകളെ ഓടിക്കാതെ കാണികൾ ഃ “കാക്കകൾക്ക് നല്ല കോളായി. ബുൾസ്‌ഐ കിട്ടിയ മാതിരി” ചുറ്റുമൊരു കൂട്ടച്ചിരി പടർന്നു.
Generated from archived content: story5_mar31_07.html Author: sreeni_balussery