പൊണ്ണന്റേനും കണ്ണന്റേനും ബലൂൺ കാണാൻപോയ കഥ

‘ഊതിയെടുത്താൽ മത്തങ്ങാ

ഉരുണ്ടുനീണ്ടൊരു മത്തങ്ങാ

തട്ടിയുരുട്ടാം മത്തങ്ങാ

തൊട്ടാൽപൊട്ടും മത്തങ്ങാ.’

ഇതൊരു കടങ്കവിതയാണ്‌. ബലൂൺ എന്നാണുത്തരം. കുട്ടികളുടെ കളിക്കൂട്ടുകാരനാണ്‌ ബലൂൺ. എന്റെ കുട്ടിക്കാലത്ത്‌ ഇവൻ നാട്ടിൽ വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിൽ ഈ സാധനം വന്നാൽ കാണാൻ വലിയ തിരക്കാണ്‌. ഉന്ത്‌, തളള്‌… കുമ്പളങ്ങാ ബലൂൺ… പടവലങ്ങാ ബലൂൺ… ഇങ്ങനെ പലതരം ബലൂണുകൾ. പോരുവഴിയിലെ കാക്കാമാരാണ്‌ ഉത്സവപ്പറമ്പുകളിൽ ബലൂൺകച്ചവടക്കാർ. കുട്ടികളുടെ കളിപ്പാട്ടമാണെങ്കിലും മുതിർന്നവർക്കും അതൊന്നു കാണുക രസമാണ്‌. അതൊക്കെ അന്നത്തെ കാര്യം.

ഏതാണ്ട്‌ അരനൂറ്റാണ്ടിനുമുമ്പ്‌-അന്ന്‌ എനിക്ക്‌ അഞ്ചുവയസ്സാണ്‌. ആലപ്പുഴയ്‌ക്കടുത്തുളള മുഹമ്മയിൽ ആരോ ബലൂൺ കൊണ്ടുവന്നെന്ന്‌ കച്ചവടത്തിനുപോയ വളളക്കാർ പറഞ്ഞ്‌ നാടറിഞ്ഞു. അന്ന്‌ അതൊരു വലിയ അറിവുതന്നെ.

പൊണ്ണന്റേനും കണ്ണന്റേനും പോരുവഴിയിലെ രണ്ടുവലിയ പ്രമാണിമാരാണ്‌. എല്ലാം അറിയുന്നവർ. പക്ഷേ ബലൂൺ എന്നുകേട്ടപ്പോൾ പ്രമാണിമാർക്ക്‌ വലിയ അത്ഭുതമായി. ഈ ബലൂൺ എന്ന അത്ഭുതവസ്‌തു കാണാൻ അവർ രണ്ടുപേരും തീരുമാനിച്ചു. അന്ന്‌ യാത്രയെല്ലാം വളളത്തിലാണ്‌. തൂറുന്നത്‌ വെളളത്തിൽ.

പൊണ്ണന്റേനും കണ്ണന്റേനും ഒരു കെട്ടുവളളം വാടകയ്‌ക്കെടുത്തു. വളളംനിറയെ അരികറി സാമാനങ്ങളും കുടിക്കാനുളളതും കൂത്താടാനുളളതും നിറച്ച്‌ മാലുമേൽകടവിൽനിന്നും വളളക്കാരൻ വളളം കുത്തിവിട്ടു. വളളം അങ്ങനെ നീങ്ങി.

‘പൊണ്ണന്റേനും കൂടെ കണ്ണന്റേനും

കന്നേറ്റിപ്പാലം കടന്നുപോയി.’

അങ്ങനെ ചെറിയഴീക്കൽ കായംകുളംവഴി കൊച്ചിയുടെ ജെട്ടി എല്ലാംകടന്ന്‌ പല്ലന പതിനെട്ടുവളവും കടന്ന്‌ വളളം പളളാത്തുരുത്തിയും കടന്ന്‌ വടക്കോട്ട്‌ വടക്കോട്ട്‌ നീങ്ങി. അങ്ങനെ ചോദിച്ചും പറഞ്ഞും വാദിച്ചും ചൊറിഞ്ഞും രണ്ടാളും എങ്ങനെയോ മുഹമ്മ ജെട്ടിയിലെത്തി. ബലൂൺകാരൻ കാക്കായെ തെരഞ്ഞു. ബലൂൺ കാണാനായി പോരുവഴിയിൽനിന്നും കെട്ടുവളളത്തിൽ രണ്ടുപ്രമാണിമാർ വന്നിട്ടുണ്ടെന്ന്‌ നാടെല്ലാം അറിഞ്ഞു. ബലൂൺ കാണാനെത്തിയവരെ കാണാനുമൊക്കെയായി ഒരായിരംപേർ. സ്‌ത്രീകൾ ഉൾപ്പെടെ ഒരു വലിയ പുരുഷാരം, പരുഷാരവം. കഥാനായകനായ ബലൂൺകാക്കാ ബലൂണുമായിവന്നു. ബലൂൺകാക്കാ ബലൂൺ ഊതിവീർപ്പിച്ചുകൊണ്ട്‌ നിന്നു. പൊണ്ണന്റേനും കണ്ണന്റേനും വളരെ ഭയഭക്തി ബഹുമാനത്തോടെ ബലൂണിന്റെ അടുക്കലേക്കുചെന്നു. പൊണ്ണന്റേൻ ബലൂണിൽ ഒന്നുതൊട്ടു. കാക്കാ ബലൂണിന്റെ കാറ്റങ്ങ്‌ വിട്ടു. ബലൂൺ കീയോന്നു പഴന്തുണിപോലായി. കാര്യം ആകെക്കുഴഞ്ഞു. ബലൂൺക്കാക്കായുടെ സ്വഭാവം ആകെമാറി. അയാൾ പറഞ്ഞു.

“ഇത്രയും വലിയ ബലൂൺ ഇത്ര ചെറുതായത്‌ നിങ്ങൾ തൊട്ടതുകൊണ്ടാണ്‌. പത്തുചക്രം പിഴയടയ്‌ക്കാതെ നിങ്ങളെ വിടുകയില്ല. നഷ്‌ടപരിഹാരം വേണം.”

ചുറ്റുംനിന്നവരെല്ലാം ബലൂൺകാക്കായുടെ ഭാഗംചേർന്നു. ബഹളമായി. പൊണ്ണന്റേനും കണ്ണന്റേനും ഇളിഭ്യരായി നടുവിൽനിന്നു വിയർത്തു. ഒടുവിൽ പത്തുചക്രം പിഴയും കെട്ടി ബലൂണിന്റെ രണ്ട്‌ അവസ്ഥാവിശഷങ്ങളായ വികാസ സങ്കോചങ്ങളുംകണ്ട്‌ കോണകവും മുറുക്കിയുടുത്ത്‌

‘പൊണ്ണന്റേനും കൂടെ കണ്ണന്റേനും

പോയതുപോലെ തിരികെപ്പോന്നു.’

ബലൂൺകാക്കാ അങ്ങനെ പലരേയും പിന്നെയും പറ്റിച്ച്‌ ഒറ്റബലൂൺകൊണ്ട്‌ വലിയ കാശുകാരനായിപോലും. വളളക്കാരൻ അവിടംമുതൽ ഇവിടംവരെ ചിരിച്ചുകൊണ്ട്‌ വളളമൂന്നിയെന്നാണ്‌ കേട്ടറിഞ്ഞത്‌. വളളമൂന്നാനും ഒരു രസമൊക്കെ വേണ്ടേ.

ഇനി ഒരു സ്വകാര്യംകൂടി; ആ വീർത്ത ബലൂൺതൊട്ടു ചെറുതാക്കിയ ആ പൊണ്ണന്റേന്റെ മകളാണ്‌ ഈയുളളവന്റെ സഹധർമ്മിണിയും ഭാര്യയും ഭാരങ്ങളുമൊക്കെയായ സാക്ഷാൽ ചെമ്പകക്കുട്ടിയമ്മ.

‘ഊതിയെടുത്താൽ മത്തങ്ങാ

ഉരുണ്ടുനീണ്ടൊരു മത്തങ്ങാ.’

ഈ കടങ്കവിതയുടെ അർത്ഥം കുട്ടികൾ പറയട്ടെ. ഇനി മറ്റൊരുകാര്യം; ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ച സംഭവം കുറിക്കട്ടെ. വടക്കേ അമേരിക്കയിലെ മിഷിഗണിന്റെ ആകാശത്തുകൂടി ഒരു സാഹസികൻ ബലൂണിൽ ലോകംചുറ്റാനായി പറന്നുപോകുന്ന കാഴ്‌ച കണ്ടുകൊണ്ടാണ്‌ ഈ ബലൂൺകഥ എഴുതുന്നത്‌. എന്തൊരത്ഭുതം. ഇത്‌ അമേരിക്കയല്ലെ.

Generated from archived content: essay_sooranadu.html Author: sooranad_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here