പട്ടിക്കുട്ടികൾക്ക്‌ മുലപ്പാൽകൊടുത്ത പണിക്കത്തിയുടെ കഥ

എന്റെ വീടിന്റെ തെക്കേത്‌ വഴി. അതിനും തെക്ക്‌ ഒരു വീടുണ്ട്‌. പാറോതിപ്പണിക്കത്തിക്കൊരു മകനുണ്ടായിരുന്നു. കോവാലൻ. പിത്തംപിടിപെട്ടു ചത്തുപോയി. പിന്നെ പാറോതിപ്പണിക്കത്തി പെറ്റു. പെൺകുട്ടി. അതും കിണറ്റിൽവീണു ചത്തു. പക്ഷെ പാറോതിപ്പണിക്കത്തിക്ക്‌ മുലപ്പാൽ ധാരാളമുണ്ട്‌. വറ്റാത്ത ഉറവപോലെയാണതെന്ന്‌ പെണ്ണുങ്ങൾ പറയും. അയൽവക്കത്തോ അകലത്തോ ആർക്കെങ്കിലും ചെങ്കണ്ണ്‌ വന്നാൽ അല്‌പം മുലപ്പാലിനുവരുന്നത്‌ പാറോതിപ്പണിക്കത്തിയുടെ മുമ്പിലാണ്‌.

ഒരിക്കൽ ഒരു ദാരുണസംഭവമുണ്ടായി. പണിക്കത്തിയുടെ കുടിലിനോടു ചേർന്നുളള ചാമ്പൽക്കുഴിയിൽ ഒരു പെൺപട്ടി വന്നുകിടന്ന്‌ പെറ്റു. ആറ്‌ പട്ടിക്കുട്ടികൾ. എല്ലാം നല്ല ചുണക്കുട്ടികൾ. പെട്ടെന്ന്‌ എന്തോ അസുഖം വന്ന്‌ തളളപ്പട്ടി ചത്തു. പട്ടിക്കുട്ടികൾ പട്ടിണിയായി. പാലികിട്ടാതെ പട്ടിക്കുട്ടികൾ ഉച്ചത്തിൽ കരഞ്ഞുതുടങ്ങി. ഈ കാഴ്‌ച പാറോതിപ്പണിക്കത്തിക്ക്‌ സഹിച്ചില്ല. അവർ തന്റെ മാറത്തെ വറ്റാത്ത ഉറവയിൽനിന്നും ആ ആറുപട്ടിക്കുട്ടികൾക്കും പാലുകൊടുത്തു. ആ പട്ടികളെ മാറോടുചേർത്തുപിടിച്ച്‌ താൻ പെറ്റമക്കളെപ്പോലെ രക്ഷപ്പെടുത്തിയ ആ പാറോതിപ്പണിക്കത്തിയുടെ ചിത്രം ഇന്നും കൺമുന്നിൽ തെളിയുന്നു. സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ, അവിടെ സൽക്കർമ്മം ചെയ്‌തവർക്കിടമുണ്ടെങ്കിൽ കറുത്തുതടിച്ച പാറോതിപ്പണിക്കത്തി ആ സ്വർഗ്ഗത്തെ സിംഹാസനത്തിലുണ്ടാകും തീർച്ച.

ഈ കുറിപ്പ്‌ എഴുതുമ്പോൾ പാറോതിപ്പണിക്കത്തിയുടെ രൂപസാദൃശ്യമുളള ‘വെറോണിക്ക’ എന്ന എയർഹോസ്‌റ്റസ്‌ മുന്നിൽക്കൂടി കടന്നുപോകുന്നു. അമേരിക്കയിലെ നോർത്ത്‌വെസ്‌റ്റ്‌ എയർലൈൻസിലെ എയർഹോസ്‌റ്റസ്‌ ആണ്‌ വെറോണിക്ക. ഏതു സമയവും ഭീകരർ തട്ടിയെടുത്തേക്കാമെന്ന ഭയം ഉളളിലൊളിപ്പിച്ചുകൊണ്ട്‌ എന്തും വരട്ടെയെന്നു തീരുമാനിച്ച്‌ യാത്രചെയ്യുന്ന വിമാനയാത്രക്കാർക്ക്‌ സ്‌നേഹത്തിന്റെ മുലപ്പാൽനല്‌കുന്ന വെറോണിക്ക. എന്റെ ചെറുമകൻ തേജസിന്‌ ആ ഭീകരരൂപവുമായി പൊരുത്തപ്പെടാൻ കുറച്ചുദിവസം വേണ്ടിവന്നു. ഇപ്പോൾ അവർ നല്ല കൂട്ടുകാരാണ്‌. സ്‌നേഹം എവിടെ. അതു ചുണ്ടിലോ നെഞ്ചിലോ എന്ന്‌ തിട്ടപ്പെടുത്താൻ ഞാൻ വളരെ പണിപ്പെടുമ്പോൾ പാറോതിപ്പണിക്കത്തിയും വെറോണിക്കയുമൊക്കെ ശരിയായ ഉത്തരം തന്നുകൊണ്ട്‌ മുന്നിൽകൂടി കടന്നുപോകുന്നു.

Generated from archived content: essay4_mar20.html Author: sooranad_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here