വലാന്റെ കപ്പ്‌, ശൂത്തനിക്കൊരു കറി, പിന്നെ എട്ടുകാശ്‌

എന്റെ തീരെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ഒരു മുതിർന്ന മുസ്ലീം കാരണവരുണ്ടായിരുന്നു; ‘വിളയിൽ അലിമേത്തർ.’ അലിമേത്തർ അറിയപ്പെടുന്ന ധനവാനായിരുന്നു. അയാൾ പണക്കാരനായതിനെപ്പറ്റി നാട്ടിൽ ഒരു കഥയുണ്ട്‌; ഒരു നാണക്കേടിന്റെ കഥ. നാണംകെട്ടു പണം തേടിയാൽ നാണക്കേട്‌ ആ പണം തന്നെ മാറ്റുമല്ലോ.

എട്ടു കാശിന്റെ പന്തയത്തിന്‌ ശാസ്‌താംകോട്ട ചന്ത മുതൽ കുമരംചിറ വരെ ചന്തികൊണ്ട്‌ നിരങ്ങി പന്തയം ജയിച്ചു പണം വാങ്ങിയ ആളാണ്‌ വിളയിൽ അലിമേത്തർ. അലിമേത്തർ എല്ലാ ചന്ത ദിവസവും ചന്തയിൽ പോകുക പതിവാണ്‌. അന്ന്‌ ആഴ്‌ചയെല്ലാം ‘കോട്ട’ ആഴ്‌ചയാണ്‌. ബുധനും ശനിയുമാണ്‌ കോട്ടേൽ ചന്ത. ചക്ക കൊടുത്ത്‌ ഉപ്പുവാങ്ങും, നെല്ലു കൊടുത്ത്‌ മുളകുവാങ്ങും. ഇങ്ങനെയായിരുന്നു പതിവ്‌. നാണയം അത്രമാത്രം നാട്ടിൽ നിരന്നു തുടങ്ങിയില്ല. നോട്ടുകൾ കാണാനില്ല.

പൊടിക്കാശ്‌-നാലുകാശ്‌, എട്ടുകാശ്‌-ഒരു ചക്രം, പതിനാറ്‌ ചക്രം-ഒരണ, ഇരുപത്തെട്ടരചക്രം-ഒരു രൂപ. അണയും രൂപയും ബ്രിട്ടന്റേത്‌. ചക്രം തിരുവിതാംകൂറിന്റെ ശംഖുമുദ്രയുളളത്‌. ഇപ്പോഴത്തെ അമേരിക്കൻ പെനിയുടെ നിറമാണ്‌ ചക്രത്തിന്‌.

എട്ടുകാശായിരുന്നു പന്തയം. അലിമേത്തര്‌ പിൻമാറിയില്ല. പന്തയം വച്ചത്‌ നാട്ടിലെ ഒരു നായർ പ്രമാണിയാണ്‌.

പ്രമാണി അലിമേത്തരോട്‌ ചോദിച്ചു.

“എടോ അലിമേത്തരേ, എട്ടുകാശു തരും. കോട്ടേൽ ചന്തമുതൽ കുമരംചിറ വരെ ചന്തികൊണ്ടു നിരങ്ങാമോടോ?”

അലിമേത്തർ വിട്ടില്ല. മേത്തര്‌ ചന്തിക്ക്‌ കമുകിൻപാള വച്ചുകെട്ടി ശാസ്‌താംകോട്ട ചന്ത മുതൽ കുമരംചിറ വരെയുളള നാലുനാഴിക നിരങ്ങി ജയിച്ച്‌ എട്ടുചക്രവും വാങ്ങി. അങ്ങനെ നായര്‌ തോറ്റു. മേത്തര്‌ ജയിച്ചു. ഈ കഥ നാട്ടിൽ ചിലർക്ക്‌ ഇന്നും അറിയാം. അലിമേത്തർ അത്രമാത്രം കഷ്‌ടപ്പെട്ട്‌ പണമുണ്ടാക്കി പറമ്പുവാങ്ങി. പന്തയംവച്ച നായരുടെ പറമ്പാണ്‌ ആദ്യം വാങ്ങിയത്‌ എന്നും അറിയുന്നു.

ധനവാനായ വിളയിൽ അലിമേത്തരെ നായന്മാർ കല്യാണത്തിനും വിളിച്ചു തുടങ്ങി. കല്യാണം കഴിഞ്ഞ്‌ ഊണിന്‌ ഇലവച്ചാൽ പച്ചടി കഴിഞ്ഞ്‌ നാരങ്ങയാണ്‌ വിളമ്പുന്നത്‌. അലിമേത്തർ നാരങ്ങ ആദ്യംതന്നെ നക്കിത്തിന്നും. വീണ്ടും നാരങ്ങ വിളമ്പും. അതും ആദ്യമേ തിന്നുതീർക്കും. വലായുടെ ശല്യം തീർക്കാൻ വേണ്ടിയാണ്‌ ആദ്യം തിന്നുക. പക്ഷേ വിളമ്പുകാരുടെ ധാരണ മറിച്ചാണ്‌. അലി മേത്തർക്ക്‌ നാരങ്ങ വലിയ ഇഷ്‌ടമാണെന്ന്‌ അവർ കരുതും. ഒടുവിൽ അലിമേത്തർ ശപിച്ചുകൊണ്ട്‌ ഉറക്കെ പറഞ്ഞുഃ

“ശൂത്തനിക്കൊരു കറി, വലാന്റെ കപ്പ്‌.” എന്നും എങ്ങും എഴുതപ്പെടാത്തതായി ഈ പ്രയോഗവും അലിമേത്തർ പണമുണ്ടാക്കിയ കഥയും നാട്ടിൽ പ്രചാരത്തിലുണ്ട്‌. അലിമേത്തരുടെ വലിയ വലിയ വീടുകൾ കാണുമ്പോൾ ഇന്നും ആളുകൾ ആ ചന്തിയും പാളയും എട്ടുകാശും നാരങ്ങാക്കറിയും ഓർക്കുന്നു.

അമേരിക്കയിൽ നൂറു പെനിയാണ്‌ ഒരു ഡോളർ. പെനി നമ്മുടെ പഴയ നയാപൈസപോലിരിക്കും. വില്ലോക്രീക്കിലെ ഗ്രീൻവുഡ്‌ ഡ്രൈവിൽക്കൂടി സഞ്ചരിച്ചപ്പോൾ എങ്ങും പെനി കിടക്കുന്നു. നിക്കലും ഡൈമുമുണ്ട്‌. കുറേ പെറുക്കിക്കൂട്ടി പാന്റിന്റെ പോക്കറ്റിലിട്ടു. റൂമിൽവന്ന്‌ എണ്ണിനോക്കി, മൂന്നര ഡോളർ. പ്യൂട്ടോറിക്കൻ റം ഇരുനൂറ്‌ മില്ലിക്ക്‌ മൂന്നുഡോളർ 30 സെന്റാണ്‌. ഉറങ്ങാൻ സുഖം.

അലിമേത്തര്‌ നിരങ്ങിയ വേദന ഉറക്കത്തിൽ എനിക്ക്‌ തോന്നിയില്ല.

പണ്ട്‌ അങ്ങനെ, ഇന്ന്‌ ഇങ്ങനെ.

Generated from archived content: essay2_june.html Author: sooranad_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here