ടോയിലറ്റ്‌ സാഹിത്യത്തെപ്പറ്റി

കേരളത്തിലെ അവാർഡ്‌ കൃതികൾ പലതും അമേരിക്കൻ ടോയിലറ്റുകളിൽ ചന്തിതുടയ്‌ക്കാൻ ഉപയോഗിക്കുന്നു എന്ന്‌ ഞാൻ എഴുതിയതിനെ വിമർശിച്ചുകൊണ്ടുളള ഒരു കുറിപ്പ്‌ ചാരുംമൂട്‌ വാസവന്റേതായി ഉൺമയിൽ കണ്ടു. വാസവന്റെ സഹികേട്‌ ഞാൻ സഹിക്കുന്നു. പക്ഷേ എന്റെ സഹികേടോ!

രാജാവ്‌ നഗ്നനാണെന്ന്‌ പറഞ്ഞ കുട്ടിയുടെ കഥ ഓർത്തുപോകുകയാണ്‌. മുണ്ടില്ലാത്തവന്‌ മുണ്ടുണ്ടെന്ന്‌ പറയുന്നവർ ഇന്നും ഉണ്ടെന്ന്‌ വാസവന്റെ കുറിപ്പ്‌ സമ്മതിക്കുന്നതായി തോന്നുന്നു. ദുഃഖമുണ്ട്‌.

എനിക്ക്‌ അവാർഡ്‌ കിട്ടാത്തതിന്റെ കലിയാണ്‌ ആ കുറിപ്പിന്‌ കാരണമെന്നു പറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോൾ ചിരിക്കാനും കരയാനും തോന്നി. 1989ലെ ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.റ്റി. അവാർഡ്‌ ലഭിച്ച ഞാൻ ഡൽഹിവരെ പോയിവരാനുളള വണ്ടിക്കൂലി അന്ന്‌ ഇല്ലാത്തതിനാൽ വേണ്ടെന്നു വച്ചവനാണ്‌. ഈ കത്തെഴുതുമ്പോൾ ‘ഭാരത്‌ എക്‌സലൻസ്‌ അവാർഡ്‌’ എനിക്കുണ്ടെന്നുളള അറിയിപ്പ്‌ എന്റെ മുന്നിൽ ഇരിക്കുന്നു. ഇൻഡ്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാം അത്‌ വിതരണം ചെയ്‌തത്‌. പക്ഷേ സുദീർഘമായൊരു ലോകം ചുറ്റൽ കഴിഞ്ഞ്‌ മടങ്ങിയെത്തിയ എനിക്ക്‌ ഡൽഹിവരെ പോകാനുളള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാൽ പോയില്ല. ഉൺമയുടെ പത്രാധിപർ നൂറനാട്‌ മോഹനും അത്‌ ബോദ്ധ്യമുളളതാണ്‌.

‘അടുത്ത വർഷത്തെ അവാർഡ്‌ നിങ്ങൾക്ക്‌, എഴുതിക്കോ ഒരു പുസ്‌തകം’ എന്നു പറഞ്ഞ്‌ അവാർഡ്‌ കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും പേരുകൾ വേണമെങ്കിൽ നിരത്തിക്കാണിക്കാം. മറ്റുളളവരുടെ കൃതികൾ സ്വന്തം പേരിൽ വിലയ്‌ക്കുവാങ്ങി അവാർഡ്‌ നേടിയ പ്രമുഖർ മലയാളത്തിലുണ്ട്‌. വേണമെങ്കിൽ തെളിവു തരാം. ഉൺമയുടെ കോളം ചെറുതായതുകൊണ്ട്‌ നീട്ടി എഴുതുന്നില്ല. അർഹതയുളളവർക്ക്‌ അർഹമായ സമയത്ത്‌ താനേ വന്നുചേരുന്ന അംഗീകാരമാണ്‌ വലുത്‌. അത്‌ തീരുമാനിക്കേണ്ടത്‌ ‘പരണേറി’യിരിക്കുന്നവരുടെയും ചരടുവലിക്കാരുടെയും കളിയിലൂടെയല്ല. ചാക്യാർ ഉച്ചികുത്തും.

അമേരിക്കയിലെ മോട്ടോർകാർ നിർമ്മാണകേന്ദ്രമായ മിഷിഗണിലെ ടിട്രോയിറ്റിലെ റോസ്‌ വില്ലിയിലുളള 25648-​‍ാം നമ്പർ വീട്ടിലെ ടോയിലറ്റിലാണ്‌ ടോയിലറ്റ്‌ സാഹിത്യം ഞാൻ കണ്ടത്‌. ഇപ്പോൾ അതിന്റെ ഗതി ഗാർബേജിലാകാം. ഈ പ്രക്രിയയ്‌ക്ക്‌ അവകാശിയായ സാഹിത്യകാരൻ ആ സത്യം നൂറനാട്‌ മോഹനെ നേരിട്ട്‌ കണ്ട്‌ പറഞ്ഞ്‌ ശരിവച്ചതായും അറിഞ്ഞു.

എന്തായാലും രാജാവ്‌ നഗ്നനാണെന്നു പറഞ്ഞതിന്‌ എന്നെ പാരാട്ടാമായിരുന്ന (തമിഴിൽ പുകഴ്‌ത്തൽ) ചാരുംമൂട്‌ വാസവൻ ചാരാട്ടിയപ്പോൾ എനിക്ക്‌ ചൊറിഞ്ഞു തടിച്ചു. ഇപ്പോൾ ചൊറിയോ ചൊറിയൊട്‌ ചൊറി തന്നെ.

പ്രസിദ്ധ നാടൻ കലാരൂപമായ ഏഴാമത്തുകളിയിലെ ഒരു നായർ ചൊറിയൻചേമ്പു ചുരണ്ടിയ ഒരു പാട്ട്‌ ഓർമ്മവരുന്നു.

ചൊറിയോ ചൊറിചൊറി

കാലേൽ ചൊറിചൊറി

മുതുകേൽ ചൊറിചൊറിചൊറി

മൂക്കേൽ ചൊറിചൊറിചൊറി

തലയിൽ ചൊറിചൊറി.

——

Generated from archived content: aug_essay7.html Author: sooranad_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English