ശംഖുമുഖം കടപ്പുറത്ത് അവളെ അനാഥയെപ്പോലെ വിട്ടിട്ട് തിരിഞ്ഞുനടക്കുമ്പോൾ അവൻ പറഞ്ഞുഃ
“ക്രിയാത്മകതയിലേ എനിക്കു താത്‌പര്യമുളളൂ.”
കടൽ അവളുടെ പാദങ്ങളിൽ ഉരുമ്മിക്കൊണ്ടിരുന്നു.
“എനിക്കു നിന്നെയിങ്ങനെ…”
അത്രയും പറഞ്ഞപ്പോൾ അവളുടെ ശബ്‌ദമിടറി, കടൽ തൊണ്ടയിയിലേക്കിരച്ചുകയറി.
“ആ…. എനിക്കറിയാം, നീ പറഞ്ഞു വരുന്നതെന്താണെന്ന്. നിനക്ക് എന്നെയിങ്ങനെ വെറുതെ നോക്കിക്കൊണ്ടിരിക്കണം. ദിവ്യപ്രണയം! പറ്റില്ല മോളേ പറ്റില്ല. നോക്കിക്കൊണ്ടിരുന്നിട്ട് എന്തോ കിട്ടാനാണ്? ഞാനൊരു പക്കാ ക്രിയാത്മകനാണ്. ഒരു ഹോട്ടലിൽ മുറിയെടുക്കാൻ നീ തയ്യാറല്ലല്ലോ. ഹോട്ടൽമുറിയിലെ ജനാലയിൽക്കൂടി നീ കടലിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടോ?”
“ഞാൻ പറയുന്നത്…”
അവളുടെ വായിൽ ഉപ്പുചുവച്ചു. അവൻ കൈയുയർത്തി അവളെ വിലക്കി.
“നീയിനി ഒന്നും പറയേണ്ട. എന്റെ ഒരു ഹാഫ്‌ഡേ ലീവ് പോയി.”
അവൾ നിറം മാറുന്ന കടലിനെ നോക്കി.
“നോക്ക്, കടലൊരു വലിയ കിടക്ക. തിരമാലകൾ പതുപതുത്ത ഉരുണ്ട തലയിണകൾ. അന്തിവെട്ടം വീണ ആകാശം പട്ടുമേലാപ്പ്.”
അവൻ ഉറക്കെച്ചിരിച്ചു.
“ഇതൊക്കെ വല്ല സിനിമാപ്പാട്ടിനും കൊളളാം. നീ അല്ലെങ്കിലും ഒരു ലളിതകാമുകിയാണല്ലോ. എനിക്ക് പറഞ്ഞുനിൽക്കാൻ നേരമില്ല; നിന്റെ തീരുമാനത്തിനു മാറ്റമില്ലല്ലോ?”
കടൽ അവളുടെ കണ്ണിലേക്ക് കവിഞ്ഞു. അവനതു ശ്രദ്ധിച്ചതേയില്ല.
“ശരി….ഞാൻ പോകുന്നു. അടുത്ത ബസ്സിന് നീയും പോ…”
അവൻ കൈവീശി മുന്നോട്ടുനടന്നു. ശംഖുമുഖത്ത് അവളും കടലും തനിച്ചായി.
Generated from archived content: story5_mar10_08.html Author: silvikutty