വേദാന്തം

ദൈവം അവരെ ഉണ്ടാക്കി. ആണും പെണ്ണുമായുണ്ടാക്കി. ആദമെന്നും ലിലിത്തെന്നും പേരിട്ടു. പിന്നെ പെണ്ണിനോടു പറഞ്ഞു.

“ലിലിത്തേ, നീ ഈ ആദത്തെ അനുസരിച്ച്‌ സേവിച്ച്‌ അവനുവേണ്ടി ജീവിക്കുക.”

ലിലിത്ത്‌ ദൈവത്തിന്റെ മുഖത്തുനോക്കി പറഞ്ഞുഃ “എനിക്കു മനസ്സില്ല ദൈവമേ, ഇതാണ്‌ നിന്റെ നീതിയെങ്കിൽ ഞാനിതാ സ്ഥലംവിടുന്നു.”

അവൾ ദൈവത്തിന്റെ വേലിചാടി ഓടിമറഞ്ഞുന്ന വിഷണ്ണനായി നിന്ന ആദത്തോട്‌ ദൈവം കോപിച്ചു.

“ചുണകെട്ടവൻ! നിന്റെ പെണ്ണിനെ വരുതിയിലാക്കാൻ നിനക്കുകഴിഞ്ഞില്ല. എന്നെയും നാണംകെടുത്തി. നിന്റെ എല്ലു ഞാനൂരിയെടുക്കും.”

ആദം ദൈവത്തിന്റെ കോപംകണ്ട്‌ പേടിച്ചു ബോധംകെട്ടു. എന്നിട്ടും അരിശമടങ്ങാതെ ദൈവം അവന്റെ വാരിയെല്ലൂരിയെടുത്തു. വാരിയെല്ലിന്റെ വളവുകൾ നിവർത്തിക്കൊണ്ടുതന്നെ ഹവ്വയെ സൃഷ്‌ടിച്ചു. ഒരെല്ലിന്റെ കുറവോടെ കണ്ണും തിരുമ്മിയെഴുന്നേറ്റ ആദത്തിനു മുന്നിലേയ്‌ക്കിട്ടുകൊടുത്തു.

“ഇന്നാ പിടിച്ചോ. ഇതിനെയെങ്കിലും കൈവിട്ടുകളയരുത്‌. വളവു നിവരാൻ ഒരിക്കലും സമ്മതിക്കരുത്‌. ഇനിയെല്ലാം നിന്റെ മിടുക്കുപോലെ.”

അന്നുമുതൽ തുടങ്ങിയതാണ്‌ പ്രശ്‌നം. സ്‌ത്രീയെ വളച്ചുപിടിക്കാൻ പുരുഷനും നിവർന്ന്‌ നിൽക്കാൻ സ്‌ത്രീയും കഠിനപരിശ്രമം തന്നെ. കർമ്മനിരതനായ ദൈവമാണെങ്കിലോ ഇവരെ രണ്ടിനെയും മറന്നുംപോയി.

(ഹവ്വയ്‌ക്കുമുമ്പ്‌ ദൈവം ലിലിത്ത്‌ എന്നൊരുവളെ സൃഷ്‌ടിച്ചുവെന്നും അവൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചില്ലെന്നും ഒരു കഥയുണ്ട്‌.)

Generated from archived content: story1_aug8_08.html Author: silvikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here