വരാത്ത സന്ദർശകരുടെ ചാവുനിലം. പുറത്ത് ബ്രേക്കിട്ടത് ഇരുചക്രമോ, നാല്‌ച്ചക്രമോ?
വരും; വരാതിരിക്കില്ല.
ഡോർബെൽ മുഴങ്ങിയോ? പ്രജ്ഞ ഒരു പഴയ പ്രണയസംഗീതത്തിൽ മുങ്ങിപ്പോവുന്നു. കാപ്പിപ്പൂക്കളുടെ മണം.
“നീ… ആരോഗ്യം ശ്രദ്ധിക്കുന്നതേയില്ല.”
“നീ… നീയാണ് ശ്രദ്ധിക്കേണ്ടത്.”
ഒരു ചിരി.
ഫോൺ ശല്യപ്പെടുത്തുന്നു.
സുഖമായോ? എഴുന്നേല്‌ക്കാറായോ? വരാറായോ? തിരക്കാണെനിക്കും.
ദാഹിക്കുന്നു-
ആരാണ് എനിക്കുവേണ്ടി ഒരു ചുക്കുകാപ്പി സ്‌പോൺസർ ചെയ്യുന്നത്?
തൊട്ടിൽകാലത്തും കട്ടിൽകാലത്തും പനിച്ചപ്പോൾ അമ്മ-
ഏയ്… അമ്മ ചുക്കുകാപ്പിയുണ്ടാക്കി തന്നിരുന്നോ? സംശയമുണ്ട്. ഇല്ലെങ്കിലുമെന്ത്?
അമ്മയ്‌ക്കിരിക്കട്ടെ, ഇത്തിരി ചുക്കുകാപ്പിയുടെ മണം. നമ്മുടെ കേരളത്തിലെ പാവം അമ്മയല്ലേ? ചുക്കുകാപ്പിയാവാം.
സ്‌നേഹം, പ്രാർത്ഥന, പാചകം, വൈദ്യം-ഇതു നാലുമല്ലോ അമ്മയുടെ വേദങ്ങൾ! ‘ഇവയിൽ വലുതോ സ്‌നേഹം തന്നെ.’
പനിക്കിടക്ക-
വരാത്ത സന്ദർശകർ പെരുകുുന്നു. മയക്കം! സ്വപ്‌നങ്ങൾ! കൈയ്‌പും മധുരവും ചവർപ്പും- വായ കയ്‌ക്കുന്നല്ലോ-ഒരു തുണ്ടു ശർക്കര-അതൊരു കൗമാര പ്രണയത്തിന്റെ സ്‌മൃതിയായലിഞ്ഞുപോയല്ലോ. വർത്തമാനം വരട്ടുന്ന തൊണ്ട. കുത്തിവയ്‌ക്കാൻ വന്ന മാലാഖയുടെ സൂചിമുഖം.
“അമ്മേ…”
“വേദന തീരെ സഹിക്കില്ല അല്ലേ?”
പിന്നെയുമവൻ-
“നീയുറങ്ങുന്നില്ലേ?”
“ഞാൻ തൊട്ടാൽ നീയുറങ്ങും.”
“നിന്റെ വിരലും പനിക്കുന്നു.”
ലോകത്തിനു മുഴുവൻ പനിക്കുന്നു. എനിക്കുമാത്രം വയ്യല്ലോ. മിഥുനമാസമാണ്. കാറ്റും കോടയുമ…
“അമ്മേ, എനിക്ക് ശർക്കരവേണം.”
“പോടീ, ഇന്നിത് നാലാംതവണയാ…”
കടലുപോലെ കാറ്റിരമ്പുന്നു; മലയിരമ്പുന്നു. കാപ്പിയിലകളും കാപ്പിക്കുരുമുത്തുകളും ചിതറിത്തെറിക്കുന്നു. കാപ്പിയിലകളുടെ പച്ചമണം. ശ്വാസംമുട്ടുന്നു.
“ഇൻഹെയ്‌ലർ എവിടെ?”
എന്തൊക്കെയോ താഴെ വീണുടയുന്നു.
“വയ്യാത്തപ്പോൾ അടങ്ങിക്കെടന്നൂടേ നെനക്ക്?”
“ആവൂ.. തണുക്കുന്നു.”
“മൂടൽമഞ്ഞു മുലക്കച്ചകെട്ടിയ മുത്തണിക്കുന്നിൻ താഴ്‌വരയിൽ…”
“പനിച്ചു വിറയ്‌ക്കുമ്പോൾ മൂളിപ്പാട്ട്. ഭ്രാന്തുതന്നെ.”
“നോക്ക്….”
“മുറിയിലാകെ മൂടൽമഞ്ഞ്…അരക്കെട്ട്… നെഞ്ച്… കഴുത്ത്… മൂക്കുമിപ്പോൾ മൂടുമേ… മൂടുമേ… തണുക്കുന്നു…. തണുക്കുന്നു.”
Generated from archived content: sept_story6.html Author: silvikutty