ആധുനികതയുടെ അധിനിവേശം സംസ്‌കാരത്തെ ബാധിക്കുമ്പോൾ അതിനനുസരിച്ച് ഭാഷയിലും മാറ്റമുണ്ടാകും. എന്നാൽ ഈ മാറ്റം ഭാഷാപരമായ അധിനിവേശമായി മാറുമ്പോൾ തനതുഭാഷാപ്രയോഗമാണ് നഷ്‌ടമാകുന്നത്. കുഞ്ഞിനെ ആദ്യമായി എഴുത്തിനിരുത്തിയശേഷം ആശാൻപളളിക്കൂടത്തിലയച്ചിരുന്നു. എന്നാൽ ഇന്ന് എൽ.കെ.ജിയും യു.കെ.ജിയും നാവിൽ വഴങ്ങുമ്പോൾ ഡാഡിയും മമ്മിയുമായി രക്ഷകർത്താക്കൾ മാറുന്നു. കിന്റർഗാർട്ടൻ, പ്ലേ തുടങ്ങിയ സ്‌കൂളുകൾ വളരുന്നു. ബഞ്ചും ഡസ്‌കും സ്ഥലം കൈയേറിയപ്പോൾ ഇരുകാലിയും നാല്‌ക്കാലിയും പീഠവും വരിമാറി. ഇവിടെ ഇരുകാലി ജന്തുവല്ല, നാല്‌ക്കാലിയും അതുപോലെ പഴയ പ്രയോഗങ്ങൾ മാത്രം. ഉർദ്ദുവിലെ മേജ് നമുക്ക് മേശയായി. അതിലെ ഡ്രോകൾ പണ്ട് പിളളറ, കളളറകളായിരുന്നു. തേപ്പുപെട്ടിപോയി ഇപ്പോൾ കറണ്ടിലുളള അയൺബോക്‌സായി. ദൂരദർശനു പകരം എളുപ്പത്തിന് ടി.വിയായി. ടെലിഫോണിന് തമിഴർ തൂലൈപ്പേശി പറയുമ്പോൾ നമുക്കിപ്പോഴും ദൂരെപ്പേശി എന്ന് പറയാനാവുന്നില്ല. പത്തുവരി മലയാളം പറയുമ്പോൾ, എഴുതുമ്പോൾ ഒരന്യഭാഷാപ്രയോഗം കടന്നുവരുന്നു. അതുവരാതിരിക്കാനെന്തുചെയ്യാം എന്നാരും ആലോചിക്കുന്നില്ല. അഥവാ അങ്ങനെ ചെയ്‌താലതു പഴഞ്ചൻ. പാമ്പും പഴയതാണ് നല്ലതെന്ന പഴമൊഴിക്കെവിടെ സ്ഥാനം. കാടിയാണെങ്കിലും മൂടിക്കുടിക്കണം. അതുപോലെ നമുക്കും ശ്രദ്ധിച്ച് തനി മലയാളം കണ്ടെത്തി പ്രയോഗിക്കണം. അക്കാര്യത്തിൽ തമിഴരുടെ ഭാഷാപിടിവാശി ഒരതിരുവരെ നന്ന്. തനിമലയാളം കൊണ്ട് മലയാളത്തെ നന്നാക്കാം. അത് നമ്മുടെ ഭാഷയ്‌ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. പ്രചാരണപ്രസാര മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വളരെയേറെ ചെയ്യാനാകും.
Generated from archived content: essay8_july.html Author: shanavas_konarath
Click this button or press Ctrl+G to toggle between Malayalam and English