മഴയും കുടപ്പരസ്യങ്ങളും

പണ്ടൊക്കെ മഴമാസങ്ങൾക്കുചുറ്റിലും തവളകളുടെ കരച്ചിൽ നാം കേൾക്കുമായിരുന്നു. അപ്പോൾ അറിയാതെ മഴ കടന്നുവരും. മഴ വന്നാലാണ്‌ സ്‌കൂളുകൾ തുറക്കുന്നത്‌. സ്‌കൂൾ തുറന്നാലാണ്‌ കുട്ടികൾ കുട ചൂടുന്നത്‌. ഓലക്കുടകളുടെ ഒരുകാലം വളരെമുമ്പ്‌ കുറ്റിയും പറിച്ച്‌ പോയപ്പോൾ, പുതുതായെത്തിയ ശീലക്കുടകളെ നമ്മൾ കൗതുകത്തോടെ എതിരേറ്റു. അക്കാലത്ത്‌ കുടകൾക്ക്‌ കറുപ്പായിരുന്നു നിറം.

ഇന്ന്‌ മഴയെക്കുറിച്ചുളള മുന്നറിയിപ്പ്‌ സ്വീകരിക്കുന്നത്‌ തവളകളുടെ കരച്ചിലിലൂടെയല്ല, കുടപ്പരസ്യങ്ങളുടെ പാട്ടുകളിലൂടെയാണ്‌. മലയാളി പാടിപ്പതിഞ്ഞ പല പല ശീലുകൾ കടംകൊണ്ട്‌ പുതുതായി ചിട്ടപ്പെടുത്തുന്ന ‘കുടപ്പാട്ടുകൾ’.

കുടക്കമ്പനികൾ ഇത്രയേറെ മേന്മകൾ വിളംബരം ചെയ്യാൻ മാത്രം മഴയ്‌ക്കിതെന്താണ്‌ സംഭവിച്ചതെന്നറിയാൻ ഗവേഷണം നടത്തുന്നവർ ഉണ്ടായിക്കൂടെന്നില്ല. വാസ്‌തവത്തിൽ മഴയ്‌ക്ക്‌ സംഭവിച്ചത്‌ ശോഷണമാണ്‌. മഴയുടെ നാഭിക്കുഴിയിൽ ചവുട്ടി മലയാളി ചിലപ്പോഴൊക്കെ പരിസ്ഥിതിയെപ്പറ്റി വാചാലനുമായി. മഴയ്‌ക്കുപോലും മലയാളിയോട്‌ മനംമടുത്തു. എന്നിട്ടും കേരളത്തിൽ നല്ലൊരു വ്യവസായ സാധ്യതയായി കുട വളർന്നുകഴിഞ്ഞു. കുട നിർമ്മാതാക്കൾ പരസ്യകർത്താക്കളാകുന്നതിനും മുമ്പ്‌ ആളുകൾ കുടചൂടിയിരുന്നുവെന്നത്‌ ആരും നിഷേധിക്കില്ല. കുടയില്ലാത്തവർ പാളകൊണ്ടോ വാഴയിലകൊണ്ടോ പോളിത്തീൻ കവറുകൊണ്ടോ തലയെ മഴയിൽനിന്നും സംരക്ഷിച്ചുപോന്നു. എന്നാലിന്ന്‌ പരസ്യങ്ങളുണ്ടെങ്കിലേ കുടകളും പിന്നെ മഴയും ഉണ്ടാകൂ എന്ന സ്ഥിതിയായിപ്പോയി.

മുമ്പ്‌ മഴയിൽനിന്നോ വെയിലിൽനിന്നോ ഉളള സംരക്ഷണം മാത്രമാണ്‌ കുടകളുടെ ദൗത്യമെങ്കിൽ ഇന്നത്‌ പലതരം രൂപമാറ്റങ്ങൾക്കും വിധേയമാവുകയുണ്ടായി. ബട്ടണമർത്തി നിവർത്തുന്നതും മൂന്നാക്കി മടക്കാവുന്നതുമായ വർണ്ണക്കുടകൾ പഴഞ്ചനായെങ്കിൽ, വെളളം തുപ്പുന്നതും ലൈറ്റു കത്തുന്നതും സംഗീതമുയർത്തുന്നതുമായ കുടകളുടെ വൈവിധ്യം ഒരുപക്ഷെ ലോകത്തിൽതന്നെ അപൂർവ്വമായിട്ടായിരിക്കും മലയാളി സ്വീകരിച്ചത്‌. ഇപ്പോൾ താനേതിരിയുന്ന കുടകളും ലഭ്യമാണ്‌. ഈവിധം അവതരണത്തിന്റെ മത്സരരീതികൾക്കൊടുവിൽ നമ്മുടെ കുടകൾ ചതുരാകൃതിയിലും പ്രത്യക്ഷപ്പെടുകയുണ്ടായല്ലോ.

കേരളത്തിൽ കുടയെ ഒരു ബിഗ്‌ബജറ്റ്‌ വ്യവസായമായി മാറ്റിയതിനു പുറകിൽ പരസ്യങ്ങൾ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. കുട്ടികളാണ്‌ കുടപരസ്യങ്ങളുടെ ആണിക്കല്ലുകൾ. സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളിലുണ്ടാകുന്ന ഒരു ശാഠ്യമാണല്ലോ പുത്തൻ കുട? ചില കുസൃതിക്കുരുന്നുകൾക്ക്‌ കുട കളിക്കോപ്പുകൂടിയാണ്‌. അതുകൊണ്ടാണ്‌ കുട്ടികളുടെ ചിന്താധാരയെ അടിസ്ഥാനമാക്കി കുടപ്പരസ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഇതൊക്കെ കണ്ട്‌ ഇതരപ്രായക്കാർക്ക്‌ മഴ കുട്ടികളുടേതുമാത്രമാണെന്ന്‌ തോന്നിപ്പോകുന്നതിൽ അത്ഭുതമില്ല.

‘മഴ എന്നുമെന്നും തോരാതെ പെയ്യട്ടെ’ എന്ന കുടനിർമ്മാതാക്കളുടെ പ്രാർത്ഥനകളിലേക്കാണ്‌ ഇന്ന്‌ മഴ പെയ്‌തിറങ്ങുന്നത്‌. കാലവർഷം ചതിച്ചാലോ; പാവം കുടക്കമ്പനിയുടമയുടെ നെഞ്ചിനകത്ത്‌ വരൾച്ച പടരാൻ തുടങ്ങും.

Generated from archived content: essay7_july.html Author: shanavas_konarath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English