ക്യാപ്‌സ്യൂൾ കവിതകൾ

കാഴ്‌ച

അജിത്‌ കെ.സി.

പടിപ്പുരയിലിരുന്ന്‌

പകലുകാണുക

മട്ടുപ്പാവിലിരുന്ന്‌

രാത്രിയും.

ഓണക്കല്ല്‌

സിക്‌സ്‌റ്റസ്‌ പി.വെട്ടുകാട്‌

ഓണം കേറാമൂലയിലും

ഓണത്തപ്പനെത്തുമ്പോൾ

ഓണത്തല്ലു കൂടരുതേ

‘ഓണക്കല്ലെ’റിയരുതേ.

മുറിവ്‌

മോഹൻദാസ്‌ വയലാംകുഴി

തൊഴിച്ചാലും മുറിവേല്‌ക്കും

പഴിച്ചാലും മുറിവേല്‌ക്കും

തൊഴിച്ചമുറിവുണങ്ങും

പഴിച്ചമുറിവുണങ്ങില്ല.

കരിയിലകൾ

ഡോ.രതീഷ്‌കുമാർ തിരൂർ

പ്രണയ കാലത്തെന്നിലെ

പ്രകൃതി സ്‌നേഹിയായ സാഹിത്യകാരന്റെ

പ്രണയലേഖനങ്ങൾ മലയാളത്തനിമയിൽ

തുടങ്ങി, ജൈവവളത്തിൽ അവസാനിച്ചിരുന്നു.

വിവാഹ പിറ്റേന്നെന്റെ പ്രണയിനി

മുറ്റത്തുനിന്ന കാശിത്തുമ്പ പറിച്ചു-

കൊണ്ടുവന്ന്‌ ടെറസിലവൾ സ്ഥാപിച്ച

ആന്തുറിയത്തിന്റെ ചട്ടിയിലിട്ടു.

അന്നെന്നിലെ കവിതയുടെ ഉറവവറ്റി.

പ്രതിഷേധം

മുരളീധരപ്പണിക്കർ

കൊക്കക്കോളയിൽ വിഷം!

മദ്യത്തിൽ വിഷം!

ഭക്ഷ്യവസ്‌തുക്കളിൽ വിഷം!

വിഷപ്പാമ്പുകൾ പ്രതിഷേധിക്കുന്ന

ഒരു സമരദിനം ആസന്നമായി.

എന്തുകൊണ്ട്‌

ആനന്ദൻ ചെറായി

പകൽ വെട്ടമെത്തീട്ടും

പാത വിളക്കുകൾ

കണ്ണടച്ചീടാത്തതെന്തുകൊണ്ട്‌?

നേരം വെളുത്തിട്ടും നിദ്രവിടാത്തവർ

സ്വപ്‌നാടനം ചെയ്‌വതോർത്തുകൊണ്ട്‌!

സാമ്രാജ്യത്വസന്നിധിയിൽ

പരമേശ്വരൻ കോറോം

“അകത്താര്‌?”-യുദ്ധകാളി

പുറത്തോ? “ദാസനാണിവൻ

ബുഷ്‌-ഞ്ഞാൻ താനമേരിക്ക”

(ഇരിക്കും ചില്ല വെട്ടുവോൻ)

കൊയ്‌ത്ത്‌

രാജേന്ദ്രൻ പന്തളം

മലയാളത്തിലിപ്പോൾ

കഥയില്ല, കദയേയുളളു

കവിതയില്ല, വിതയുമില്ല

മെതിയില്ല പക്ഷേ കൊയ്‌ത്തുണ്ട്‌

കൊയ്യുന്നത്‌ തലയാണെന്നുമാത്രം!

Generated from archived content: sept_poem8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here