സി. അയ്യപ്പന്റെ ഭാഷ

അയ്യപ്പന്റെ വിചാരത്തിന്റെ സ്വത്വം ഭാഷയുടെ കരുത്തായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഭാഷയും മറ്റു കഥാകാരന്മാരുടെ വലിയൊരു നിര മലയാള കഥാ സാഹിത്യത്തിലുണ്ട്‌. എം.ടി.യുടെ ‘പ്രേതം’ പിടി കൂടാത്ത എഴുത്തുകാർ വിരലിലെണ്ണാവുന്നതേയുള്ളൂ. ഭാഷയുടെ സവിശേഷമായ സാന്നിധ്യമാണ്‌ കോവിലനെയും പട്ടത്തുവിളയെയും എം.സുകുമാരനെയും ഇന്ത്യൻ എഴുത്തുകാർ എന്ന നിലയിൽ നവവിമർശനം വിലയിരുത്തുന്നത്‌. കഥയിലും കവിതയിലും നോവലിലും ഭാഷതന്നെയാണ്‌ ഒരെഴുത്തുകാരന്റെ സ്വത്വത്തെ നിർണ്ണയിക്കുന്നതെന്നു കാണാൻ കഴിയും. അയ്യപ്പന്റെ ഭാഷ ഉളിയുടെ വായ്‌ത്തല (Sharp edge) പോലെ ശക്തമാണ്‌. ഇരുണ്ട മൗനത്തിന്റെ ഭാഷയാണ്‌ അദ്ദേഹത്തിന്റെതെന്ന്‌ നവവിമർശനം കണ്ടെത്തുന്നു. വേട്ടക്കാരുടെയും ഇരകളുടെയും സാമൂഹികവ്യവസ്ഥയാണ്‌ ഇന്ത്യയിൽ നിലനിൽക്കുന്നത്‌. ഇരകളുടെ നിലവിളിയും ഉത്‌കണ്‌ഠയും സാമൂഹികവ്യവസ്ഥയുടെ അപചയവുമാണ്‌ സി. അയ്യപ്പൻ കഥകളുടെ നിലപാട്‌. ഈ നിലപാടിന്റെ ദലിത്‌സ്വരമാണ്‌ അയ്യപ്പന്റെ കഥകളുടെ ശക്തി. ഭാഷയാണ്‌ എഴുത്തുകാരന്റെ ആയുധമെന്ന്‌ വ്യക്തമാക്കിത്തരുന്ന കഥകളാണ്‌ അയ്യപ്പന്റേത്‌. മലയാളിയുടെ വായനയിൽ ദലിത്‌ ചിന്തയും ചരിത്രവും ആദ്യം കടന്നുവരുന്നത്‌ അയ്യപ്പന്റെ കഥകളിലൂടെയാണ്‌. ജീവിതവും സമൂഹവും തമ്മിലുള്ള ഇടപെടലുകളിൽ നിന്നാണ്‌ വ്യതിരിക്തമായ ഭാഷ രൂപപ്പെടുക. പൊരുത്തപ്പെടാനാവാത്ത സാമൂഹിക വ്യവസ്ഥിതിയിൽ നിന്നാണ്‌ അദ്ദേഹത്തിന്റെ വരവ്‌. കഥയ്‌ക്കും ഭാഷയ്‌ക്കും സാമൂഹികവ്യവസ്ഥിതിയോടുള്ള എതിർബോധത്തിന്റെ കറുത്ത വാങ്ങ്‌മയമുണ്ട്‌.

“വടക്കുനിന്നും വന്ന സഹോദരികളായ ഏഴുദേവിമാരിൽ രണ്ടുപേരാണല്ലോ നിങ്ങൾ. പുലയക്കുടിലിൽ തീ വാങ്ങാൻ പോയപ്പോൾ മീൻ ചുടുന്നതിന്റെ പണം അറിയാതെ ആസ്വദിച്ചതിന്റെ പേരിൽ ഭ്രഷ്ടരായ ഏറ്റവും ഇളയ സഹോദരിമാരാണ്‌ നിങ്ങൾ. നിങ്ങൾക്കൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇവിടെ നടക്കാൻ പോകുന്നത്‌ മരണമോ ആത്മഹത്യയോ അല്ലെന്നു മനസ്സിലാകുന്നതും നിങ്ങൾക്കു മാത്രമായിരിക്കും. ഞാൻ ആത്മഹത്യ ചെയ്യുകയല്ല, ജനിക്കാൻ പോവുകയാണ്‌. ഞാൻ എന്നെ ജനിപ്പിക്കാൻ പോവുകയാണ്‌”. (സി. അയ്യപ്പൻ; ഞണ്ടുകൾ. അരുന്ധതീ ദർശനന്യായം, പുറം 33, ഡി.സി.ബുക്സ്‌, ഒക്ടോബർ 2003). “ഞണ്ടുകൾ” എന്ന കഥാസാമാഹാരത്തിലെ ‘അരുന്ധതീ ദർശനന്യായ’ത്തിലെ ഒരു ഖണ്ഡമാണ്‌ മുകളിൽ പറഞ്ഞത്‌. ഭാഷ എങ്ങനെ ജൈവസാന്നിധ്യമാകുന്നുവെന്നതിനു തെളിവാണ്‌ കഥയിലെ ഈ ഖണ്ഡം. മലയാളത്തിലെ പല എഴുത്തുകാരുടെയും ഭാഷ നിർജ്ജീവമാണ്‌. നാടൻപാട്ടുകളും നാടൻ പഴമൊഴികളും ചേർന്നുണ്ടാകുന്ന ഭാഷയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ കഥക്കുണ്ട്‌. ‘എലുമ്പൻ കൊച്ചാത്തൻ’ അത്തരമൊരു വാങ്ങ്‌മയത്തിലൂടെ രൂപപ്പെട്ട കഥയാണ്‌. എന്താണ്‌ ദലിത്‌ സാഹിത്യം? ഓരോ വാക്കിലും ചരിത്രത്തിന്റെയും സംസ്‌കരണത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളുണ്ട്‌. എല്ലാ മണ്ഡലങ്ങളിലും ദലിതരുടെ ഉയിർപ്പിന്റെ മുഴക്കങ്ങളുണ്ട്‌. ഇവിടെ തകർന്നുവീഴുന്നത്‌ സവർണ്ണ ഹിന്ദുവിന്റെ സാഹിത്യമാണ്‌. സവർണ്ണ ഹിന്ദുവിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും കലാപമുയർത്തിക്കൊണ്ടു മാത്രമേ ദലിത്‌സാഹിത്യം രൂപപ്പെടുകയുള്ളൂ. ദലിത്‌സാഹിത്യം കേരളീയ സമൂഹത്തിലെ മുഴുവൻ പീഡിതന്റെയും സാഹിത്യമാണ്‌. അപഹരിക്കപ്പെട്ടതോ അപമാനിക്കപ്പെട്ടതോ ആയ ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്‌കാരവും അതിലുണ്ട്‌. നവദലിത്‌ സാഹിത്യത്തിന്റെ സംസ്‌കാരം സി. അയ്യപ്പന്റെയും യു.പി. ജയരാജിന്റെയും കഥകളിലുണ്ട്‌.

Generated from archived content: essay4_may15_07.html Author: satheesh_chelatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here