സ്വാതന്ത്ര്യത്തിന്റെ നദീതടങ്ങൾ

പെണ്ണെഴുത്ത്‌ പെണ്ണുങ്ങളെഴുതുന്നതാണെന്ന വിചാരം അപപാഠമാണ്‌. പെണ്ണെഴുത്തെന്ന രചനാരീതിശാസ്‌ത്രത്തിന്‌ ചില സവിശേഷതകളുണ്ട്‌. സമൂഹത്തിന്റെ ഏറ്റവും താഴത്തെപടിയിൽ നില്‌ക്കുന്ന മർദ്ദിതവിഭാഗത്തിന്റെ സാഹിത്യമെന്നു വിവക്ഷിക്കുന്നത്‌ നിസ്സഹായരുടെ നിലവിളിയുടെ സാഹിത്യമാണ്‌. ആ സാഹിത്യം മലയാളത്തിൽ ഉറവകൊള്ളുന്നുവെന്നതാണ്‌ യഥാർത്ഥ്യം. പെണ്ണിനേൽക്കേണ്ടി വരുന്ന ‘അസ്‌പൃശ്യത’യുടെ സ്വരമാണ്‌ പെണ്ണെഴുത്തിലൂടെ പകർന്നുവരുന്നത്‌. കുടുംബം മുതൽ ഭരണകൂടം വരെ സ്‌ത്രീയ്‌ക്ക്‌ ഈ ‘അസ്‌പൃശ്യ’ത അനുഭവപ്പെടുന്നു. കല, സാഹിത്യം, ചരിത്രം, സംസ്‌കാരം തുടങ്ങിയ മണ്ഡലങ്ങളിൽനിന്നെല്ലാം സ്‌ത്രീയെ മാറ്റിനിർത്തുന്നത്‌ സാമൂഹ്യവ്യവസ്ഥയുടെ കോട്ടം മൂലമാണ്‌. ഇത്തരമൊരവസ്ഥ സ്‌ത്രീയുടെ മനസ്സിൽ സൃഷ്ടിക്കുന്ന സ്‌ഫോടനവും അസ്വസ്ഥതയുമാണ്‌ പെണ്ണെഴുത്തിന്റെ നിലം. പെണ്ണെഴുത്തും പെൺകൂട്ടായ്‌മയും വെവ്വേറെ കാണാണമെന്നാണ്‌ പുതിയ ദാർശനികവിമർശനം ബോദ്ധ്യപ്പെടുത്തുന്നത്‌.

പെണ്ണെഴുത്തിന്റെ സ്വരം, നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലെ പ്രതിബോധമാണ്‌. ആൺകോയ്‌മ സംസ്‌കാരം മനസ്സിലുറച്ച എഴുത്തുകാരുടെ ഇടങ്ങളിൽ പെണ്ണെഴുത്തുകാരുടെ സാന്നിദ്ധ്യം ശക്തമാണ്‌. മാധവിക്കുട്ടി, പി. വൽസല, സുഗതകുമാരി, സാറാജോസഫ്‌ തുടങ്ങിയവരുടെ കൃതികൾ മലയാളത്തിലെ മർദ്ദിതസാഹിത്യം വ്യക്തമാക്കുന്നു. പാർവ്വതിയും അരുന്ധതിയും അജിതയും ഈ ഭൂമി സ്‌ത്രീയ്‌ക്കുകൂടി അവകാശപ്പെട്ടതാണെന്ന ബോധം ഉണർത്തുന്നു. സ്വതന്ത്ര്യത്തിന്റെ നദീതടങ്ങളാണ്‌ അവരുടെ ദർശനത്തിന്റെ ഭൂപടം. സ്‌ത്രീയ്‌ക്കെതിരെ നടത്തുന്ന പീഡനങ്ങൾ കേരളത്തെ ചരിത്രത്തിന്റെ പിന്നിലേക്കു കൊണ്ടുപോകുന്നു. സ്‌ത്രീകൾ അധികാരത്തിനും സ്‌ത്രീസത്വത്തിനുംവേണ്ടിയാണ്‌ സമരം നടത്തുന്നത്‌. സ്‌ത്രീകളുടെ സ്വാതന്ത്ര്യ സമരം കേരളത്തിൽ രൂപപ്പെടുന്നു. സ്‌ത്രീയുടെ ശരീരത്തിനും മനസ്സിനുമേല്‌ക്കുന്ന ക്ഷതങ്ങൾ ഡറ്റോൾകൊണ്ട്‌ കഴുകിയാൽ മായ്‌ക്കപ്പെടുന്നതല്ലെന്ന്‌ വർത്തമാനകാലം തെളിയിക്കുന്നു. ഈ സാമൂഹ്യവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയാണ്‌ സ്‌ത്രീകളുടെ ഉദ്ദേശ്യം. ഇതവരുടെ സ്വതന്ത്ര്യസമരമാണ്‌. സാറാജോസഫ്‌ ‘സാധനം പറയുന്നു’ എന്ന ലേഖനത്തിൽ എഴുതുന്നത്‌ ശ്രദ്ധിക്കുകഃ

‘നിങ്ങളെ പേപ്പട്ടി കടിച്ചുവെന്ന്‌ കരുതുക. അതിനപ്പുറം നിങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല. വീട്ടിൽപോയി ഡറ്റോൾകൊണ്ട്‌ കഴുകുക-എന്ന മാധവിക്കുട്ടിയുടെ അതിശക്തമായ പ്രതികരണം ആൺകോയ്‌മയുടെ ’പീഡിതസ്‌ത്രീബിംബത്തെ‘ തകർത്തു. കടിച്ച പേപ്പട്ടിക്കാണ്‌ പേയുള്ളത്‌ എന്ന അറിവ്‌ എഴുത്തുകാരി ഇവിടെ നിശ്ശബ്ദവത്‌കരിക്കപ്പെട്ട സ്‌ത്രീകളോട്‌ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.’ (സാറാജോസഫ്‌, ‘സാധനം പറയുന്നു’ ‘മാതൃഭൂമി’ ആഴ്‌ചപ്പതിപ്പ്‌, 2003 ഡിസംബർ 14-20, ലക്കം 43)

മാധവിക്കുട്ടിക്കോ സാറാജോസഫിനോ കീഴാളസ്‌ത്രീകളുടെ നഷ്ടപ്പെട്ട സ്വത്വത്തെ ഡറ്റോൾകൊണ്ടു രക്ഷിക്കാനാകുമോ? ആൺകോയ്‌മയുടെ സാമൂഹികവ്യവസ്ഥയെയും അധികാരത്തെയും തച്ചുടയ്‌ക്കുന്നതിലൂടെ മാത്രമേ ‘പീഡിതസ്‌ത്രീബിംബത്തെ തകർക്കാൻ കഴിയൂ. ’സാധനം പറയുന്നു‘ എന്ന ലേഖനത്തിലൂടെ സ്‌ത്രീയുടെ നിസ്സഹായതയെയോ മർദ്ദിതസാഹിത്യത്തേയോ സാറാജോസഫ്‌ ആലോചിച്ചറിയുന്നില്ല. അതിനുപകരം, സിതാരയുടെ ’അഗ്നി‘ എന്ന കഥയെ അപഗ്രഥിക്കുകയയും ഒടുവിൽ​‍്‌ ശൂന്യമായ അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നുവെന്നാണ്‌ പരമാർത്ഥം. വലതുപക്ഷ നിരീക്ഷണം ഉള്ളടക്കമായ കഥയാണ്‌ ’അഗ്നി‘ ഒറ്റവായനയിൽതന്നെ ഒഴിവാക്കുന്ന ഈ കഥ ഗൗരവമുള്ള നിരീക്ഷണത്തിലൂടെ മഹത്തരമാക്കുന്നു. ഈ സ്‌തുതിപ്പിലൂടെ മലിനമാകുന്നത്‌ കലയാണെന്ന സത്യം വിസ്‌മരിക്കാതിരിക്കുക.

Generated from archived content: essay3_sept1_06.html Author: satheesh_chelatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here