വർഗവീക്ഷണത്തിലൂടെ സ്‌ത്രീപ്രശ്‌നത്തെ വിലയിരുത്തുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വസ്‌തുനിഷ്‌ഠസമീപനം. വർഗേതരമായി സ്‌ത്രീപ്രശ്‌നത്തെ കാണുന്നതിലൂടെ യാഥാർത്ഥ്യത്തെ മൂടിവയ്‌ക്കുകതന്നെയാണ് ചെയ്യുന്നത്. സാറാജോസഫ് ‘വർഗേതര’മെന്നു പറയുമ്പോഴും നവ ഇടതുപക്ഷരാഷ്‌ട്രീയത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നതാണ് അവരുടെ ചിന്തയുടെ സാരം. കക്ഷിരാഷ്‌ട്രീയത്തിൽ നിന്ന് വ്യത്യസ്‌ത ഉളളടക്കമുളള വിചാരമാണിത്. സ്‌ത്രീപക്ഷനിലപാടുകളിൽ സാമൂഹികനീതിയുടെ രാഷ്‌ട്രീയമുണ്ട്. സ്‌ത്രീകളുടെ വിചാരത്തിൽ നിന്നുവരുന്ന വാക്കുകൾക്കു ചുവന്നനിറമുണ്ട്. ഭൂമിയും നദികളും ചിന്തപ്പെടുന്നുവെന്ന യാഥാർത്ഥ്യം ഉത്തരാധുനിക കാലത്തിന്റെ പ്രത്യക്ഷതയാണ്. ഉത്തരാധുനികതയ്‌ക്കു ശേഷക്രിയ ചെയ്‌തുകൊണ്ടേ സാമൂഹിക വ്യവസ്ഥയുടെ പുതിയ ജനാധിപത്യം സൃഷ്‌ടിക്കാൻ കഴിയൂ. ശിരച്ഛേദം ചെയ്യപ്പെട്ട ഭൂമിയും, സ്രോതസ്സ് വറ്റിവരണ്ട ഉറവകളും, കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്‌ത്രീകളും, വംശനാശം നേരിടുന്ന ജീവികളും ഇന്നത്തെ സാമൂഹിക അവസ്ഥയുടെ ചിഹ്നങ്ങളാണ്. എഴുത്തുകാരുടെ ഹൃദയത്തിൽനിന്നുവരുന്ന വാക്കുകൾക്കും മഷിക്കും ചോരയുടെ നിറമാണ്. ഇതു കാല്‌പനികതയുടെ കാലമല്ല; ക്ഷുഭിതചിന്തയുടെ കാലമാണ്. എഴുത്തുകാരുടെ വിചാരലോകം, ദർശനത്തിന്റെ പുതിയ നിയമം സൃഷ്‌ടിക്കാനുളള ഏകാന്തതയുടെ ഇടമാണ്. വത്സലയുടെ കഥകളിൽ വർഗബോധത്തെ സ്‌ഫുടീകരിക്കുന്നു. ‘പംഗുരുപുഷ്‌പത്തിന്റെ തേൻ’, ‘മണ്ടകത്തിലെ ദേവി’ തുടങ്ങിയ കഥകളിൽ സ്‌ത്രീ&ദലിത് ജീവിതത്തിന്റെ യഥാതഥമായ ബിംബങ്ങളുടെ ചാരുതയുണ്ട്. വർഗനിലപാടുളള എഴുത്തുകാരിയാണ് വത്സലയെന്ന് അവരുടെ കഥകളുടെ കനലുകൾ വ്യക്തമാക്കിത്തരുന്നു. സ്‌ത്രീ&ദലിത് ബിംബങ്ങൾക്കനുയോജ്യമായ വാക്കുകൾ നോവലിലും കഥയിലും വത്സല കലയുടെ തിളക്കത്തോടെ ഉപയോഗിച്ചിരുന്നു.
Generated from archived content: essay2_mar10_08.html Author: satheesh_chelatt
Click this button or press Ctrl+G to toggle between Malayalam and English