പൂക്കാരി

തീവണ്ടി വൈകിയതിന്റെ കാരണം കേട്ട്‌ ശ്രീദേവിയമ്മ ഞെട്ടി. വിജയവാഡയ്‌ക്കപ്പുറത്തുവച്ച്‌​‍്‌ ഒരു പെൺകുട്ടി തീവണ്ടിക്കു മുന്നിൽ ചാടിയത്രെ. പതിനഞ്ചു പതിനാറു വയസ്സു പ്രായം. ആത്മഹത്യ. നീണ്ടുവിടർന്ന ഒരു ജോഡി കരിനീലമിഴികൾ ശ്രീദേവിയമ്മയുടെ ഓർമ്മയിൽ തെളിഞ്ഞു. ഒരു മധ്യവേനൽ ഒഴിവിന്‌ നാട്ടിലേക്കു മടങ്ങുകയായിരുന്നു. വിജയവാഡയ്‌ക്കപ്പുറം ഏതോ സ്‌റ്റേഷനിൽ വണ്ടിനിന്നു. അന്തിമയങ്ങാറായ നേരം. ആകാശത്ത്‌ മഴമേഘങ്ങൾ. “അമ്മാ..” ജനാലയ്‌ക്കരുകിൽ ഒരു പെൺകുട്ടി. അവൾ മുല്ലപ്പൂമാല വച്ചു നീട്ടി. “വേണ്ട…”. “അമ്മാ കൊഞ്ചുന്ന വിളി. ”രണ്ടുരൂപ… ഇതുംകൂടെ വിറ്റുകിട്ടിയാൽ തീർന്നു. വീടങ്ങു ദൂരെയാ…“ കണ്ണുകളിൽ യാചന, മിഴിനീർത്തിളക്കം. ഹാൻഡ്‌ബാഗിൽ നിന്നും രണ്ടുരൂപയെടുത്തു കൊടുത്തു. പൂമാലയ്‌ക്കൊപ്പം ദുഃഖമുറങ്ങുന്ന ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ അവൾ നടന്നുപോയി. ഒഴിഞ്ഞ പൂക്കൂടയുമായി റയിൽപ്പാത മുറിച്ചുകടന്ന്‌ കരിമ്പനകൾ കാവൽനിൽക്കുന്ന വിജനമായ വയൽവരമ്പിലൂടെ അവൾ ഓടിപ്പോകുന്നത്‌ നോക്കിയിരുന്നു. പച്ചയിൽ ചുവപ്പു ബോർഡറുള്ള അവളുടെ പാവാട കൊടിക്കൂറപോലെ കാറ്റിൽ പാറുന്നുണ്ടായിരുന്നു. അവൾക്കു പിന്നാലെ രണ്ട്‌ ആണുങ്ങൾ അതിവേഗം നടക്കുന്നതു കണ്ടപ്പോൾ നെഞ്ചുപിടഞ്ഞു. പൂമാല നെഞ്ചോടു ചേർത്തു പിടിച്ചു. മാനം ഇരുണ്ടു. മിന്നൽപ്പിണരുകൾ, മേഘഗർജ്ജനങ്ങൾ. വണ്ടി നീങ്ങി. നീണ്ടു വിടർന്ന കാതരമിഴികളും വിഷാദമൊളിക്കുന്ന പുഞ്ചിരിയും പൂവിതളുകൾപോലെ പേലവങ്ങളായ വിരലുകളും മനസിൽ ഒരു വിഷാദചിത്രം വരഞ്ഞിടുകയായിരുന്നു. ശ്രീദേവിയമ്മയുടെ കൺകോണിൽ നീർത്തുള്ളി പൊടിഞ്ഞു.

Generated from archived content: story3_agu31_07.html Author: sarojini_unnithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here