വേണം ഇത്തിരി അഹന്ത

പലരും അഹന്തയെ അഹങ്കാരമെന്നു വ്യാഖ്യാനിക്കാറുണ്ട്‌. അതൊരു പ്രതിനായക സ്വഭാവമായിട്ടാണ്‌ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുളളതും. എന്നാൽ താൻ വലിയവനാണെന്നുളള മനോഭാവം ഇല്ലാത്തവരെയാണ്‌ നാം ഭയപ്പെടേണ്ടത്‌. അവരാണ്‌ സമൂഹത്തിലെ പുഴുക്കുത്തുകൾ.

ഞാനെന്ന ഭാവമുളളവർ സ്വയം ആദരിക്കുന്നവരായിരിക്കും. അഭിമാനികൾ. അവർക്ക്‌ തരംതാണ പ്രവൃത്തിചെയ്യാൻ മടിയുണ്ടാവും. ഉളളിലെ വലിയവൻ ചിന്തയിലും വലിയവനായിരിക്കും. അവർക്കു മറ്റുളളവരുടെ ആദരവു പിടിച്ചുപറ്റണമെന്ന മോഹവും കാണാതിരിക്കില്ല. അത്തരക്കാർ നമ്മുടെ സമൂഹത്തിലിന്നു വിരളമാണ്‌.

താൻ ആരാണ്‌? തന്റെ സാംസ്‌കാരികപാരമ്പര്യം എന്താണ്‌? സമൂഹത്തിൽ താനെവിടെ നില്‌ക്കണം. തന്റെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും എത്രമാത്രം ആഴവും വ്യാപ്‌തിയുമുണ്ട്‌. ഇതെല്ലാം ഉളളിലിട്ടുപെരുക്കി, വിശകലനം ചെയ്‌ത്‌ തന്റെ പ്രവർത്തികൾക്കൊരു പരിധി നിർണ്ണയിച്ചു ജീവിക്കുന്ന ഒരു ജനതയാണോ നമുക്കിന്നുളളത്‌?

ഞാനെന്ന ചിന്ത ചുരുങ്ങിച്ചുരുങ്ങി തന്റെ ഉളളിലെക്കു മാത്രമായി ഒതുക്കിനിർത്തുന്നവരെയല്ല അഹംഭാവികളെന്നു കരുതേണ്ടത്‌. സർവ്വം ഞാനാണ്‌. ഞാൻ ചെയ്യുന്ന ശരിയും തെറ്റും സർവ്വരേയും ബാധിക്കും എന്നു തിരിച്ചറിയുന്നവനാണ്‌ അഹംഭാവി.

ഇവിടെ രാഷ്‌ട്രീയക്കാരനും തൊഴിലാളിയും മുതലാളിയും മേധാവിയും കീഴാളനുമൊക്കെ അഹന്തയില്ലാത്തവരാണ്‌. അവനവനെപ്പറ്റി മതിപ്പില്ലാത്തവരും ആദരവില്ലാത്തവരുമാണ്‌. ചെയ്യാൻ പാടില്ലാത്തതു ചെയ്യുവാൻ മടിയില്ലാത്തവരാണ്‌. തമ്മിലടിക്കാനും എതിർപക്ഷക്കാരനെ ഏതു ഹീനപ്രവർത്തിയിലൂടെയും അടിച്ചമർത്താനും തക്കംപാർത്തു കഴിയുന്നവരാണ്‌. അതിന്റെ കെടുതികളനുഭവിക്കുന്ന ഒരു ജനതയാണിന്നിവിടെയുളളത്‌. തേച്ചുമായ്‌ച്ചു കളയാനുളള ധിക്കാരവും കാവലാളുകളുമുണ്ടെങ്കിൽ ഏത്‌ അധമപ്രവൃത്തിക്കും തയ്യാറുളളവർക്കു സമൂഹത്തോടുളള പ്രതിബദ്ധത അറിയില്ല. താൻ കൈയാളുന്ന അധികാരത്തിന്റെ പവിത്രതയും കടമയും തിരിച്ചറിയാനവർക്കാവില്ല.

ഇത്തരക്കാരിൽനിന്നാണ്‌ അടുത്ത തലമുറ പിറന്നുവീഴുന്നത്‌. അവർക്കവരുടെ മുൻഗാമികളെ ആദരിക്കാൻ വകയുണ്ടാകുമോ? സ്വയം ആദരിക്കാനുളള ആത്മബോധം അവർക്കെവിടുന്നുണ്ടാവാൻ? ഇനിയെങ്കിലും നാം അതു മനസ്സിലാക്കണം. മക്കളുടെ ഭാവി മുന്നിൽക്കണ്ടു ജീവിക്കുന്നവർക്കു കൈക്കൂലി വാങ്ങി കളളുകുടിക്കാനും അന്യന്റെ കുട്ടിയെ നശിപ്പിച്ചു സുഖഭോഗങ്ങൾ നേടാനും എങ്ങനെ മനസ്സുവരും.

ഭാവിജനതയ്‌ക്ക്‌ സംശുദ്ധമായൊരു ജീവിതസാഹചര്യങ്ങളൊരുക്കിക്കൊടുക്കുവാൻ കഴിയണമെങ്കിൽ അവനവനെ ആദരിക്കാൻ കഴിയുന്ന അഹന്തയുളെളാരു വ്യക്തിത്വം ഓരോരുത്തരും കാത്തുസൂക്ഷിച്ചാൽ നന്ന്‌.

Generated from archived content: essay3_nov25_05.html Author: santha_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here