മരിച്ചുപോയ കുഞ്ഞിന്റെ ജീവൻ തിരികെക്കിട്ടാനാണ് അവൾ കുഞ്ഞിന്റെ ജഡവുമായി ബുദ്ധന്റെ മുന്നിലെത്തിയത്.
ബുദ്ധൻ പറഞ്ഞുഃ
“ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽനിന്ന് കുറച്ച് കടുകുകൊണ്ടുവരൂ.”
കുഞ്ഞിനെ ബുദ്ധന്റെയരികിൽ കിടത്തിയിട്ട് അവൾ കടുക് അന്വേഷിച്ച് യാത്രയായി.
വളരെ വൈകാതെ അവൾ മടങ്ങിവന്നു. അവൾ സന്തുഷ്‌ടയായിരുന്നു.
“ബോധിസത്വാ, ഇത് അങ്ങ് ആവശ്യപ്പെട്ട കടുക്.”
ബുദ്ധന് വിശ്വാസം വന്നില്ല. ബുദ്ധൻ പറഞ്ഞു.
“നീ ആ വീട്ടുകാരനെ കൂട്ടിക്കൊണ്ടുവരൂ. എനിക്ക് സത്യമറിയണം.”
അവൾ വീട്ടുകാരനെ കൂട്ടിക്കൊണ്ടുവന്നു.
ബുദ്ധൻ ചോദിച്ചു.
“നിങ്ങൾതന്നെയാണോ ഈ സ്‌ത്രീയ്‌ക്ക് കടുക് നൽകിയത്?”
“അതെ പ്രഭോ.”
അയാൾ വിനയാന്വിതനായി മറുപടി പറഞ്ഞു.
“നിങ്ങളുടെ കുടുംബത്തിൽ ആരും മരിച്ചിട്ടില്ലേ?”
“ഇല്ല.”
“എന്ത്?”
“ഏതാണ് നിങ്ങളുടെ വംശം?”
“അഴിമതി എന്നു കേട്ടിട്ടുണ്ടാവും.”
അയാൾ സാദരം മൊഴിഞ്ഞു.
ബുദ്ധന്റെ ചുണ്ടുകൾ അവ്യക്തമായി എന്തോ മന്ത്രിച്ചു. പിന്നെ മെല്ലെ കണ്ണുകളടഞ്ഞു.
Generated from archived content: story3_sep.html Author: sankar_kariyam