സ്നേഹം

ഗർഭിണിയായിരുന്ന അവളെ പല അസുഖങ്ങളും പിടികൂടിയിരുന്നു. പ്രസവമടുത്തപ്പോൾ അതുവരെ ചികിത്സിച്ച പ്രൈവറ്റ്‌ ആശുപത്രിക്കാർ പറഞ്ഞു. ഇനി പറ്റില്ല. ഞങ്ങൾ ആവതും നോക്കി. അടുത്തപടി ചികിത്സിക്കാൻ വേണ്ട ഉപകരണങ്ങൾ വന്നുചേർന്നിട്ടില്ല. ഗവൺമെന്റ്‌ ആശുപത്രിയാണ്‌ നല്ലത്‌.

അങ്ങനെ ആംബുലൻസിൽ ഗവൺമെന്റ്‌ ആശുപത്രിയിലെത്തിച്ചു. അവർ പറഞ്ഞുഃ കേസ്‌ വളരെ കോംപ്ലിക്കേറ്റഡ്‌ ആയിരിക്കുന്നു. അമ്മയെയോ കുഞ്ഞിനെയോ ആരെയെങ്കിലും ഒരാളെ രക്ഷിക്കാമെന്നുവച്ചാൽ അതും സാധ്യമല്ലാത്ത സ്ഥിതിയായി. ഇനി ഏറിയാൽ അൽപം മണിക്കൂറുകൾ.

പേരുവെട്ടി. ആംബുലൻസിൽ വീട്ടിലേക്ക്‌ കൂട്ട നിലവിളി. അപ്പോൾ കാരണവർക്ക്‌ ഒരു ഉൾവിളി. വയറ്റാട്ടി കല്യാണിയെ വിളിച്ചാലോ. വിളിച്ചു. കല്യാണി തയ്യാറായി വരുന്നവഴി ചില പച്ചിലകൾ ഒടിച്ചെടുത്തു. രണ്ടു പെണ്ണുങ്ങളേയും കൂട്ടി അകത്തു കയറി. കുറച്ചു സമയം കഴിഞ്ഞു. ള്ളേ..ള്ളേ… ശബ്ദം!

കുഞ്ഞിനേയും കൊണ്ടു പുറത്തുവന്ന കല്യാണിയോട്‌ ശ്വാസമടക്കിപ്പിടിച്ചുനിന്ന കാരണവർ ആരാഞ്ഞു – “എങ്ങനെയുണ്ടായിരുന്നു?”

“ഏയ്‌ ഒന്നുമില്ല. ഞാൻ വളരെ സ്നേഹത്തോടെ വിളിച്ചു. ‘എറങ്ങിവാടാ എന്റെ പൊലയാടിമോനേ’ വിളിച്ചു തീരും മുമ്പേ അവന്റെ തല എന്റെ കൈയിൽ. കുട്ടികളോട്‌ സ്നേഹം വേണേയ്‌… നല്ല സ്നേഹം”

Generated from archived content: story2_agu31_07.html Author: sankar_kariyam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here