നംഡപീ

നഗരത്തിൽ ഒരു സൂപ്പർ മാർക്കറ്റ്‌ തുടങ്ങുന്നു എന്നുകേട്ടപ്പോൾ യാമിനി സന്തോഷിച്ചു. അവിടെ ഒരു ജോലി… വീട്ടമ്മമാർ മിക്‌സി, വാഷിംഗ്‌ മെഷീൻ, തെർമോവേവ്‌, യൂറോക്ലീൻ തുടങ്ങിയ വൈദ്യുത കുണ്ടാമണ്ടികളിൽ തൂങ്ങിയതോടെ പാവപ്പെട്ട അടുക്കളപ്പണിക്കാർ തൊഴിൽരഹിതരായി.

യാമിനിയുടെ കുടുംബം കൊടുംപട്ടിണിയിലാണ്‌. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ടാൺമക്കൾ.

നിത്യരോഗിയായ ഭർത്താവ്‌.

പ്രതിദിനം മുപ്പത്തിയഞ്ചുരൂപയുടെ ഗുളികയിലാണ്‌ ആ ജീവൻ തടഞ്ഞുനില്‌ക്കുന്നത്‌. മൂന്നര രൂപപോലും എടുക്കാനില്ലാത്ത ദിവസങ്ങളിൽ, യാമിനി, ഭർത്താവിന്റെ ശിരസ്സ്‌ മടിയിലെടുത്തു തലോടി, ആശ്വസിക്കുകയോ ആശ്വസിപ്പിക്കുകയോ ഒക്കെ ചെയ്യും. പത്താംക്ലാസ്സുകാരൻ ഫുട്‌ബോൾതാരവും കൂടിയാണ്‌. നാട്ടിലെ അണ്ടർ എയ്‌റ്റീൻ സംഘത്തിലെ ഏറ്റവും ദരിദ്രവാസി, സൂപ്പർതാരം.

നല്ലവരിൽ നല്ലവനായ നഗരസഭാധ്യക്ഷന്റെ ശുപാർശയിൽ യാമിനിക്ക്‌ എസ്സെമ്മിൽ ജോലി കിട്ടി. അവിവാഹിതകളെ മാത്രമേ അവിടെ ജോലിക്ക്‌ നിയമിച്ചിട്ടുളളു. പ്രസവം, ശിശുപരിചരണം, ഭർത്തൃശുശ്രൂഷ തുടങ്ങിയ തൊന്തരവുകളൊന്നും എസ്സെമ്മിന്റെ മുതലാളിക്ക്‌ ഇഷ്‌ടമല്ല. അവർക്കിടയിൽ തനിക്ക്‌ ജോലി കിട്ടിയത്‌ നഗരസഭാധ്യക്ഷന്റെ നന്മയിലുപരി കുളങ്ങര ഭഗവതിയുടെ കാരുണ്യം.

എസ്സെമ്മിന്റെ ഉദ്‌ഘാടനത്തിന്റെ നാലാംപക്കം ഒരു വില്‌പനപെൺകുട്ടി (സെയിൽസ്‌ ഗേൾ) പിണങ്ങിപ്പോയി. മുതലാളിയേയും മക്കളേയും ‘നല്ലതുനാല്‌’ പറഞ്ഞിട്ടാണ്‌ അവൾ പടിയിറങ്ങിയത്‌. മുഖത്തടി കൊണ്ടതുപോലെയായിപ്പോയി. കടയ്‌ക്കകത്ത്‌ അലമാരകൾക്കുപിന്നിൽ വേണ്ടത്ര മറവുണ്ട്‌.

മറ്റു പെൺകുട്ടികൾ പോയവളെയോർത്തു സഹതപിച്ചു, പിന്നെ പരിഹസിച്ചു.

രാവിലെ എട്ടുമുതൽ ഒരുമണിവരെ വലിയ മുതലാളിക്കും, ഉച്ചയ്‌ക്കുശേഷം രണ്ടു പുത്രൻസിനുമാണ്‌ കടയുടെ ചാർജ്ജ്‌. മൂവരുടെയും തൃപ്‌തിക്കൊത്ത്‌ പണിയെടുക്കാൻ പെൺകുട്ടികൾ ശ്രദ്ധിച്ചു. അലമാരകൾക്ക്‌ പിന്നിൽ വേണ്ടത്ര മറവുണ്ട്‌. എന്നാലും യാമിനി ഇടയ്‌ക്കിടെ ചിന്താധീനയാകും. റ്റുബീ ഓർ നോട്ടുബീ എന്ന്‌ അവളും അങ്കലാപ്പിലാകും.

കരകാണാത്ത കടലിൽ നീന്തിത്തളർന്നപ്പോൾ കിട്ടിയ തോണിയുടെ സൗന്ദര്യമോ സാംഗത്യമോ ഒന്നും നോക്കേണ്ട എന്നു യാമിനി തീരുമാനിച്ചു.

ഇപ്പോൾ വീട്ടിൽ സുഭിക്ഷത എന്നു പറയാനാവില്ല. എന്നാലും അത്യാവശ്യങ്ങൾ നടന്നുപോകുന്നു. ഒന്നുമില്ലാതെ വിങ്ങിപ്പൊട്ടിയിരുന്ന്‌, ഭർത്താവിന്റെ ശിരസ്സ്‌ മടിയിൽവെച്ചോമനിക്കാൻ ഇപ്പോൾ യാമിനിക്ക്‌ സമയമില്ല. മനസ്സിൽ എന്തൊക്കെയോ വീണുടയുന്നുമുണ്ട്‌. എന്നാലും മക്കൾക്കും അച്‌ഛനും സന്തോഷമാണ്‌. അതല്ലേ ഒരമ്മയുടെ സന്തോഷം..?

Generated from archived content: story1_may15.html Author: sajini_pavithran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here