വ്യാസഭാവന

മകൾ വായിച്ചുകൊണ്ടിരുന്നു. അമ്മ കേട്ടുകൊണ്ടും. ‘ഈ ലോകത്തിലുളള സകലതും ഈ ഗ്രന്ഥത്തിലുണ്ട്‌. ഇതിലില്ലാത്തത്‌ ഒരിടത്തുമില്ല.’ എന്നത്രേ വ്യാസമഹർഷി പറഞ്ഞത്‌.

ഇടയ്‌ക്ക്‌ മകൾക്കൊരു സംശയം-

“അതു ശരിയാണോ? പഠിക്കാൻ കഴിവും ആഗ്രഹവും ഉളളവരെ പഠിക്കാൻ വിടുന്ന പ്രവണത മഹാഭാരതം എഴുതിയ കാലത്തുണ്ടായിരുന്നോ?”

“മകളെ, മഹാഭാരതത്തിൽ നിന്നൊരു കഥ. കൗരവ, പാണ്ഡവ രാജകുമാരന്മാർ ദ്രോണാചാര്യരുടെ കീഴിൽ അസ്‌ത്രവിദ്യ അഭ്യസിക്കുന്ന കാലം. അടുത്തൊരു കാട്ടിലെ കാട്ടാളരാജാവ്‌ ഹിരണ്യധനുസ്സിന്റെ മകന്‌ ഒരു പൂതി. ദ്രോണഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കണം.

ചെക്കൻ കുളിച്ച്‌ നനഞ്ഞ മരത്തോലും ചുറ്റി ഗുരുസന്നിധിയിലെത്തി. കാര്യമറിഞ്ഞ ഗുരു ചീറി.

”കടന്നുപോടാ ചെക്കനേ…നാണംകെട്ടവൻ!“

ചെക്കൻ പിൻവാങ്ങി. അവൻ ഗുരുവിന്റെ മൺപ്രതിമയുണ്ടാക്കിവെച്ച്‌ അതിനുമുന്നിൽ പഠനം തുടങ്ങി. പഠിച്ചുപഠിച്ച്‌ ഗുരുവിന്റെ പ്രിയശിഷ്യനായ അർജ്ജുനനെയും വെല്ലുന്ന വില്ലാളിവീരനായി.

വിവരമറിഞ്ഞ്‌ ഗുരുവിന്‌ ഇരിക്കപ്പൊറുതി ഇല്ലാണ്ടായി. ചെക്കനെ തേടിപ്പിടിച്ച്‌ അവന്റെ എല്ലാ നന്മകളെയും ആവാഹിച്ച്‌ കുപ്പിയിലാക്കി ഗുരുദക്ഷിണയായി വാങ്ങിയത്‌ അവന്റെ വലംകൈയുടെ തളളവിരൽ. ഇനിയും ആയുസ്സിൽ അവൻ അമ്പെയ്യുകയോ തന്റെ ശിഷ്യന്മാർക്ക്‌ പ്രതിയോഗിയാകുകയോ ഇല്ലെന്ന്‌ ആ ‘മഹാനായ’ ഗുരു ഉറപ്പാക്കി.

അപമാനിതനായിട്ടും ആത്മഹത്യചെയ്യാതെ സ്വാശ്രയവിദ്യാഭ്യാസം നടത്തി ഏകലവ്യനായിപ്പോയ ചെക്കന്റെ കഥ അന്ന്‌.

ഒന്നോർത്തുനോക്കൂ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നായില്ലേ അവന്റെ സ്ഥിതി.

ഇന്ന്‌ വിദ്യാഭ്യാസം മോഹിച്ചതിന്റെ പേരിൽ ഉണ്ടായ അപമാനഭാരം താങ്ങാനാവാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നു.

”മോൾക്ക്‌ എന്തുതോന്നുന്നു?“

”ക്രാന്തദർശിയായ വ്യാസമഹർഷി അന്നേ പറഞ്ഞുവെച്ച ഒരു കഥയുടെ തനിയാവർത്തനം അല്ലേ ഇതും.“

Generated from archived content: essay8_sep2.html Author: sajini_pavithran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English