വിജയനെ കാലം വിലയിരുത്തട്ടെ

ഒ.വി. വിജയൻ കടന്നുപോയശേഷം അദ്ദേഹത്തിന്റെ കൃതികളെയും വ്യക്തിജീവിതത്തെപ്പോലും അപകീർത്തിപ്പെടുത്തുന്ന ലേഖനങ്ങൾ പല ആനുകാലികങ്ങളിലും കാണുന്നു. അതിന്റെ പിന്നിലുളള മനോവ്യാപാരം സ്‌പഷ്‌ടമായതിനാൽ അതർഹിക്കുന്ന അവഗണന കൊടുക്കുന്നതാണ്‌ നല്ലത്‌. ഒരു കൃതിയുടെ മൂല്യം തിട്ടപ്പെടുത്തുന്നത്‌ കാലമാണ്‌. വിജയൻകൃതികളുടെ മൂല്യം കാലംതന്നെ തിട്ടപ്പെടുത്തട്ടെ.

ജൂൺ ലക്കം ഉൺമയിൽ രാജഗോപാൽ വാകത്താനം എഴുതിയ ലേഖനത്തിലെ അവസാനത്തെ വാക്യം ‘ബ്രാഹ്‌മണ്യം ജന്മംകൊണ്ടുമാത്രം ആർജ്ജിക്കാൻ കഴിയുന്നതാണെന്ന്‌ പഞ്ചമരെയെങ്കിലും ബോദ്ധ്യപ്പെടുത്തുന്നത്‌ ഇനി എന്നാണാവോ?’ ആക്ഷേപഹാസ്യമാണോ അതോ ഒരു നേർപ്രസ്‌താവനയാണോ? ഒട്ടും മനസ്സിലാകുന്നില്ല ഇതിന്റെ അർത്ഥം. ഈ തെറ്റായ കാര്യം ആര്‌ ആരെയാണ്‌ ബോദ്ധ്യപ്പെടുത്തേണ്ടതെന്നും മനസ്സിലാകുന്നില്ല.

ജന്മനാ ജായതേ ശൂദ്രാഃ

കർമ്മണാ ജായതേ ദ്വിജഃ

എന്ന്‌ ധർമ്മശാസ്‌ത്ര വചനം. ജനനാൽ എല്ലാവരും ശൂദ്രർതന്നെ. പിന്നീട്‌ അവരവർ ചെയ്‌ത കർമ്മഭേദങ്ങളനുസരിച്ച്‌, സ്വഭാവരീതികളും ആചാരങ്ങളുമനുസരിച്ച്‌ ബ്രാഹ്‌മണരോ ക്ഷത്രിയരോ വൈശ്യരോ ആകുന്നു. ‘ശൂദ്രൻ’ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌, നാം ഇപ്പോൾ കരുതുന്ന ‘നായർ’ എന്ന അർത്ഥത്തിലല്ല.

പ്രാചീന (വേദകാല) ഗുരുകുല വിദ്യാഭ്യാസസമ്പ്രദായത്തിൽനിന്ന്‌ വർണ്ണ്യവ്യവസ്ഥ ഉണ്ടായത്‌. ഗുരുവിന്റെ മുന്നിലെത്തുന്നവരെല്ലാം ശൂദ്രന്മാർതന്നെ. ദീർഘമായ വിദ്യാഭ്യാസകാലത്തിനിടയിൽ, ബൗദ്ധിക ഔന്നത്യം, സ്വാർത്ഥരാഹിത്യം, സ്വാധ്യായശീലം, പരോപകാരതത്‌പരത തുടങ്ങിയ ഗുണങ്ങളുളളവർ ബ്രാഹ്‌മണരായി വിവക്ഷിക്കപ്പെടുന്നു. ക്ഷാത്രഗുണം (ക്ഷിതി (ഭൂമി)യെ ത്രാണനംചെയ്യാൻ (രക്ഷിക്കാൻ) വേണ്ട തടിമിടുക്കും, മനസ്സും കഴിവും) തികഞ്ഞവൻ ക്ഷത്രിയൻ. ജനസേവനമെന്ന ലക്ഷ്യം മുൻനിർത്തി ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ താത്‌പര്യമുളളവൻ വൈശ്യൻ, ഇതിലൊന്നും പെടാതെ സേവനതത്‌പരത മാത്രമുളളവരോ, അഹങ്കാരമുളളവരോ, മന്ദബുദ്ധികളോ ഒക്കെയായിട്ടുളളവർ ശൂദ്രൻ.

ഒരുവന്‌ ഇതിൽ ഏതുവേണമെങ്കിലും ആർജ്ജിക്കുന്നതിന്‌ സ്വാതന്ത്ര്യമുണ്ട്‌. ഒരുവൻ വരിക്കുന്നത്‌ ഏതോ അതാണ്‌ അവന്റെ വർണ്ണം. ബ്രാഹ്‌മണന്‌ നീചകർമ്മങ്ങളാൽ ശൂദ്രനായി മാറാം. ഒരു ശൂദ്രന്‌ തന്റെ സ്വഭാവവും കർമ്മങ്ങളും മെച്ചപ്പെടുത്തി വൈശ്യനോ ബ്രാഹ്‌മണനോ ക്ഷത്രിയനോ ആകാം. ഇതായിരുന്നു വേദകാലത്തെ വർണ്ണവ്യവസ്ഥ. പിന്നീട്‌ സ്വാർത്ഥമോഹികളായ കുഴിമടിയന്മാർ മെയ്യനങ്ങാതെ ജീവിക്കാനും അന്യനെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ സുഖിക്കാനും വേണ്ടി വർണ്ണവ്യവസ്ഥയെ തന്ത്രപൂർവ്വം ജാതിവ്യവസ്ഥയാക്കി മേലാളരെയും കീഴാളരെയും സൃഷ്‌ടിച്ചു. വേദങ്ങളിൽ പറഞ്ഞിരിക്കുന്ന സത്യങ്ങൾ കീഴാളർ വായിച്ചു മനസ്സിലാക്കാതിരിക്കാൻ അവർക്ക്‌ വിദ്യയും നിഷേധിച്ചു. ശൂദ്രൻ വിദ്യ അഭ്യസിച്ചാൽ അവന്റെ ചെവിയിൽ ഈയമുരുക്കിയൊഴിക്കണമെന്ന തത്ത്വം ഒരു വേദവാക്യത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്‌. അവിടെ ശൂദ്രൻ എന്നു വിവക്ഷിക്കുന്നത്‌ അഹങ്കാരിയേയും അസൂയാലുവിനേയുമാണ്‌. അങ്ങനെയുളളവർ വിദ്യ സ്വായത്തമാക്കി കൂടുതൽ ശക്തിയാർജ്ജിച്ചാൽ നാട്‌ അസുരഭൂമിയായിമാറും. (ഇന്ന്‌ അതാണല്ലോ നടക്കുന്നത്‌) അല്ലാതെ പുലയനോ പറയനോ ഈഴവനോ ഒന്നും വിദ്യാഭ്യാസത്തിന്‌ യോഗ്യരല്ലെന്ന്‌ ആരും എങ്ങും പറഞ്ഞിട്ടില്ല. അതൊക്കെ ബോധപൂർവ്വം തട്ടിക്കൂട്ടിയെടുത്ത സൂത്രവാക്യങ്ങളാണ്‌. കീഴാളർ എന്നും കീഴാളരായിത്തന്നെ ഇരുട്ടിലിരുന്നാലല്ലേ മേലാളന്മാർക്ക്‌ ഉണ്ണാനും ഉടുക്കാനുമുളള വക ഉത്‌പാദിപ്പിക്കാൻ അവരെക്കിട്ടൂ? ‘ചാതുർവർണ്ണ്യം മയാസൃഷ്‌ടം’ എന്ന ഗീതാവാക്യത്തിന്‌ അർത്ഥാന്തരം വരുത്തി ജാതി നിർമ്മിച്ചത്‌ സാക്ഷാൽ ശ്രീകൃഷ്‌ണഭഗവാനാണെന്നും വരുത്തി വച്ചിട്ടുണ്ട്‌. ഗീതാശ്ലോകങ്ങൾ ഇങ്ങനെ പലരും പലപ്പോഴും സൗകര്യംപോലെ വളച്ചൊടിച്ച്‌ ശത്രുവിനെതിരെ കുലയ്‌ക്കാറുണ്ട്‌. (മനുവിന്റെ തലയിലുമുണ്ട്‌ ഒരു പാപാരോപണംഃ ‘നഃ സ്‌ത്രീ സ്വാതന്ത്ര്യമർഹതി’ എന്നത്‌ ഒരു ശ്ലോകത്തിന്റെ നാലാംപാദമാണ്‌. എന്തിനൊക്കെയാണ്‌ സ്‌ത്രീയ്‌ക്ക്‌ സ്വാതന്ത്ര്യമില്ലാത്തതെന്ന്‌ വിവരിക്കുന്ന ആദ്യഭാഗങ്ങൾ വിട്ടുകളഞ്ഞിട്ടാണ്‌ ഈ വചനങ്ങൾ ഒരു ഇരുതലവാളായി ഒരേസമയം സ്‌ത്രീകൾക്കും മനുവിനും നേരെ പ്രയോഗിക്കുന്നത്‌.)

രാജഗോപാൽ വാകത്താനം ഈവക കാര്യങ്ങളിൽ എന്നെക്കാൾ കൂടുതൽ അറിയുന്ന ആളായിരിക്കണം. എന്നിട്ടും അദ്ദേഹമെന്തേ ലേഖനത്തിന്റെ അവസാനം അങ്ങനെയെഴുതി? തർക്കിക്കാനല്ല അറിയാൻവേണ്ടിമാത്രമാണ്‌ ഈ കുറിപ്പ്‌.

Generated from archived content: essay7_aug13_05.html Author: sajini_pavithran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English