എനിക്കു പ്രണയം
ഹൃദയങ്ങളുടെ തേൻതിങ്കൾരാത്രി.
നിന്റെ നോവുകളൊക്കെയും
എനിക്കു തന്നേക്കുക
മുളങ്കാടുകളെപ്പോലെ നമുക്കും
സങ്കടങ്ങൾ പരസ്‌പരം തൊട്ടുരുമ്മി
സങ്കീർത്തനങ്ങളാക്കാം.
ഇനി ഞാൻ
നിന്റെ ഹൃദയമിടിപ്പുകൾക്കു
മുകളിൽ ചുംബിക്കാം…
പ്രണയത്തിന്റെ മഞ്ഞുമഴയിൽ
മിഴിയിണകൾക്കു നീ
ലജ്ജകൊണ്ടു ചിത്രകമ്പളം തുന്നുക
നിന്റെ ഇളംചൂടുളള സ്‌നേഹത്തിൻ
മുഖമാഴ്‌ത്തി
ഞാനീ നോവുകളെ പുതപ്പിച്ചുറക്കാം…
നിന്റെ മൗനരാഗങ്ങൾക്ക്
ഞാൻ ഇമ്പമെഴും കാവലാൾ.
കനിവിന്റെ ആമ്പലല്ലിത്തളികയിൽ
നമുക്കു കിനാവുകൾ വിളമ്പാം
എന്റെ രുചിഭേദങ്ങളിൽ
നീ മുന്തിരിയായ്…. ഓറഞ്ചായ്…
ആപ്പിളായ്…
എന്റെ മൊഴിയമ്പുകളിൽ
നിന്റെ മൗനത്തിൻ തൂവലുകൾ
കൊഴിഞ്ഞേപോയ്….
നാൾപ്പഴമയിൽ
പ്രണയതേൻകിണ്ണം നീലിച്ചുപോയ്….
ഒടുവിൽ
നീയറിയാതെ ഞാനും
ഞാനറിയാതെ നീയും
നമ്മളെത്തന്നെ മറന്നേപോയ്…!
Generated from archived content: poem1_may18.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English