കാഴ്‌ചപ്പാട്‌

ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലും എന്നേ വിശ്വാസം നഷ്‌ടപ്പെട്ടുപോയ സാധാരണക്കാരന്റെ അവസാനത്തെ അഭയകേന്ദ്രമായിരുന്നു നാളിതുവരെ ജ്യുഡീഷ്യറി. പക്ഷേ ഇന്നിപ്പോൾ സാധാരണക്കാരനെയും സാമൂഹ്യനീതിയെയും തളളിപ്പറഞ്ഞ്‌ വിദ്യാഭ്യാസകച്ചവടക്കാരന്റെയും ഹെൽമറ്റ്‌ വ്യവസായിയുടെയും വക്കാലത്ത്‌ ഒപ്പിട്ടുവാങ്ങിയിരിക്കുകയാണെന്നു തോന്നിപ്പിക്കുന്നു ജ്യുഡീഷ്യറിയും. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ വിധികളിൽ എന്തെങ്കിലും പന്തികേട്‌ തോന്നുന്നുണ്ടോ? ലെറ്റസ്‌ ഹാവ്‌ എ ക്ലോസ്‌ വാച്ച്‌…!

വിധിന്യായങ്ങളിലൊക്കെ ചെറുചെറു മറിമായങ്ങൾ! ‘അരിയെത്ര’യെന്ന ആവലാതിക്കാരന്റെ ചോദ്യത്തിന്‌ ‘പയറഞ്ഞാഴി’ എന്ന മട്ടിലുളള ഹൈക്കോടതിവക ഒന്നാന്തരം ഉത്തരങ്ങൾ (സൂക്ഷിക്കുക… ഇതൊക്കെ ഒരു ‘ഭീകരരോ’ത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാവാം.)

വിദ്യാർത്ഥിരാഷ്‌ട്രീയ നിരോധനം, ഹെൽമറ്റ്‌ നിർബന്ധമാക്കൽ…ഏറ്റവും ഒടുവിലായി സ്വാശ്രയകോളേജ്‌ ഫീസ്‌ പ്രശ്‌നംവരെയുളള ഗൗരവമുളള വിഷയങ്ങളിൽ ബഹു.കോടതിയുടെ കണ്ടെത്തലുകൾക്കുമേൽ സംശയത്തിന്റെ നിഴൽ വീണുകഴിഞ്ഞിരിക്കുന്നു. മേൽവിഷയങ്ങളിൽ കോടതി നടത്തിയ പരാമർശങ്ങൾക്ക്‌ ന്യായീകരണം നൽകുവാൻ സുപ്രീംകോടതി റിട്ടയേർഡ്‌ ജഡ്‌ജിമാരായ വി.ആർ.കൃഷ്‌ണയ്യർ, കെ.ടി.തോമസ്‌ തുടങ്ങിയ പ്രഗത്ഭമതികൾക്കുപോലും കഴിയുന്നില്ല. ഇത്തരത്തിൽ നിയമപണ്ഡിതർക്കുപോലും പ്രഹേളികയാകുന്നതരം വിചിത്രമായ കണ്ടെത്തലുകൾ നടത്തുന്ന ഹൈക്കോടതി അതിന്റെ അതിന്റെ വിശ്വാസ്യത സ്വയം കളഞ്ഞു കുളിക്കുകയാണ്‌. കേസുകളുടെ എല്ലാവശങ്ങളും പഠിക്കാതെ ആർക്കോവേണ്ടി ഓക്കാനിക്കുന്ന മട്ടിൽ എഴുതിപ്പിടിപ്പിക്കുന്ന വിധിന്യായങ്ങൾ സാധാരണക്കാരന്‌ പൊളളുന്ന ബാദ്ധ്യതയാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സ്വാശ്രയ കോളേജ്‌ ഫീസ്‌ സംബന്ധിച്ച്‌ സെപ്‌തംബർ 24-ലെ വിവാദമായ കേരളാ ഹൈക്കോടതി വിധി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50% മെറിറ്റ്‌ സീറ്റുകളിലേക്കുളള ഫീസ്‌ സർക്കാർ കോളേജുകളുടേതിന്‌ തുല്യമാക്കിയ സർക്കാർ ഉത്തരവ്‌ ഹർഷാരവത്തോടെയാണ്‌ സാക്ഷരകേരളം എതിരേറ്റത്‌. പക്ഷെ, ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾക്ക്‌ ആശ്വാസമായിമാറിയ സർക്കാർ ഉത്തരവ്‌ സ്‌റ്റേ ചെയ്‌തുകൊണ്ടുളള കേരളാ ഹൈക്കോടതിയുടെ വിധി പൊതുജനങ്ങൾക്കെന്നപോലെ ജഡ്‌ജിമാർക്കിടയിൽപോലും കടുത്ത അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരിക്കുകയാണ്‌. ഇത്തരത്തിലൊരു വിധിയെഴുത്ത്‌ നടത്തുന്നതിന്റെ മുന്നോടിയായി ഹൈക്കോടതിയിൽ അരങ്ങേറിയ ചില നാടകീയ രംഗങ്ങളാണ്‌ ഏറെ വിചിത്രം. കേസിൽ വിധിപറഞ്ഞ ഡിവിഷൻബഞ്ചിലെ ന്യായാധിപൻമാരായ സാക്ഷാൽ ചീഫ്‌ ജസ്‌റ്റിസ്‌ ജവഹർലാൽ ഗുപ്‌തയും ജസ്‌റ്റിസ്‌ ആർ.ബസന്തും തമ്മിലുണ്ടായ ശീതസമരവും വാക്കുതർക്കവുമാണ്‌ അണിയറ നാടകത്തിന്റെ ദൃശ്യങ്ങൾ കൊഴുപ്പിച്ചത്‌. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്‌ജിയായ ചീഫ്‌ ജസ്‌റ്റിസിന്റെ ‘പന്തികെട്ട’ തീരുമാനത്തിന്‌ വിരുദ്ധ നിലപാടെടുത്തുകൊണ്ട്‌ അതേ കോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്‌ജി ആർ.ബസന്ത്‌ കച്ചവട മനഃസ്ഥിതിയുളള സ്വാശ്രയ കോളേജുകളുടെ താളത്തിനൊത്തു തുളളാൻ തന്നെ കിട്ടില്ലെന്ന സൂചനയാണ്‌ നൽകിയത്‌. സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾക്കനുകൂലമായി വിധിയെഴുതിയാൽ മെറിറ്റ്‌ സീറ്റിൽ അഡ്‌മിഷൻ നേടുന്ന ആയിരക്കണക്കിന്‌ വിദ്യാർത്ഥികളോടു ചെയ്യുന്ന കടുത്ത നീതിനിഷേധമാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തു. എന്നാൽ ചീഫ്‌ ജസ്‌റ്റിസ്‌ സ്വാശ്രയകോളേജ്‌ മാനേജുമെന്റിന്‌ അനുകൂലമായി നില്‌ക്കുകയും തന്റെ ഭാഗം വിജയിപ്പിച്ചെടുക്കുവാൻവേണ്ടി അടിയന്തിരമായി ജസ്‌റ്റിസ്‌ എം.രാമചന്ദ്രനെ വിളിച്ചുവരുത്തി മൂന്നംഗ ബഞ്ച്‌ രൂപീകരിച്ച്‌ അന്നുതന്നെ വാദം വീണ്ടും കേൾക്കുകയും ചെയ്‌തു. ഹൈക്കോടതിയുടെ ചരിത്രത്തിൽപോലും കേട്ടിട്ടില്ലാത്ത പിന്നാമ്പുറ നാടകങ്ങളാണ്‌ ഹൈക്കോടതിയിൽ അരങ്ങേറിയത്‌. ചീഫ്‌ ജസ്‌റ്റിസിന്‌ പിന്തുണ നൽകുവാൻവേണ്ടിമാത്രം ‘കഥയറിയാതെ’ വിധിയെഴുതിയ ജസ്‌റ്റിസ്‌ എം.രാമചന്ദ്രന്‌ കേസിന്റെ ഫാക്‌ടിനെക്കുറിച്ച്‌ യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികളായിരുന്ന സീനിയർ അഭിഭാഷകർ സാക്ഷ്യപ്പെടുത്തുന്നു. ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം തുറന്നുപ്രകടിപ്പിച്ച ആർ.ബസന്ത്‌ എന്ന ന്യായാധിപശ്രേഷ്‌ഠൻ തന്റെ അഭിപ്രായം വിയോജനക്കുറിപ്പായി എഴുതുകയും ചെയ്‌തു. (കോടികൾ മുടക്കിയും ഹൈക്കോടതിവിധി തങ്ങൾക്കനുകൂലമാക്കുമെന്ന്‌ പരസ്യമായി ഹുങ്കുപറഞ്ഞ പുഷ്‌പഗിരി മെഡിക്കൽ കോളേജ്‌ ഹർജി കക്ഷിയായുളള കേസിലാണ്‌ ഇത്തരത്തിലുളള നാടകീയ രംഗങ്ങൾക്ക്‌ ഹൈക്കോടതി സാക്ഷിയായതെന്ന വസ്‌തുത പലവിധത്തിലുളള സംശയങ്ങൾക്കും ആക്കംകൂട്ടുന്നതാണ്‌.)

കേസിൽ സർക്കാർഭാഗം തോറ്റു. വിദ്യാഭ്യാസ കച്ചവടക്കാർ നീതിദേവതയെയും ഹൈജാക്ക്‌ ചെയ്‌തു. ഫലമോ സ്വാശ്രയകോളേജുകളിലെ മെറിറ്റ്‌സീറ്റിൽ അഡ്‌മിഷൻ ലഭിക്കുന്ന മിടുമിടുക്കൻപോലും വിദ്യാഭ്യാസ കച്ചവടക്കാരന്റെ ഇരയാകുമെന്ന്‌ സാരം! പണത്തിനുമേലെ പരുന്തും പറക്കില്ലല്ലോ…?

അനുബന്ധം ഃ (ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഉൺമ മാസികയ്‌ക്കും പത്രാധിപർക്കുമെതിരെ സ്വമേധയാ കോടതി കേസെടുത്തേക്കാം. അഭിഭാഷകൻ കൂടിയായ ലേഖകനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും നീതിയുടെ കൊടുമുടിയിൽ അനീതി കൊടികുത്തിവാഴുന്നത്‌ ഏവർക്കും കണ്ടുനില്‌ക്കാനാവില്ലല്ലോ!)

Generated from archived content: nov_essay1.html Author: s_jithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English