പി.സി. സനൽകുമാർഃ ചിരിമൊഴികളുമായി ഒരു ഐ.എ.എസ്‌ ഓഫീസർ

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും ചിരിവിരിയിക്കുന്ന അനുഗൃഹീത ഹാസ്യ സാഹിത്യകാരനാണ്‌ വി.സി. സനൽകുമാർ ഐ.എ.എസ്‌. ആവുന്നത്ര മസിലുപിടിച്ച്‌ ദുർമുഖം കാട്ടാൻ ബഹുകേമന്മാരായ ഉന്നത ഉദ്യോഗസ്ഥൻമാർക്കിടയിൽ തീർത്തും വ്യത്യസ്‌തനാണ്‌ പുഞ്ചിരിച്ചും സൗമ്യമായും മാത്രം ഇടപെടുന്ന ഇദ്ദേഹം. വേളൂർ കൃഷ്‌ണൻകുട്ടിയ്‌ക്കുശേഷം പ്രഭാഷണകലയിലൂടെ ഇത്രകണ്ട്‌ തലയറഞ്ഞ്‌ ചിരിപ്പിച്ച മറ്റൊരു ഹാസ്യസാഹിത്യകാരനും മലയാളത്തിലില്ല. സരളവും സഭ്യവുമായ വാക്കുകളിലേക്ക്‌ ശുദ്ധമായ ചിരിയെ സന്നിവേശിപ്പിക്കാനുളള പി.സിയുടെ അനിതരസാധാരണമായ കഴിവിനുളള അംഗീകാരമായി ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഹാസ്യസാഹിത്യകാരനുളള കേരളസാഹിത്യഅക്കാദമിയുടെ പുരസ്‌കാരലബ്‌ധി.

ചിരിച്ചെപ്പ്‌, പാര, ഹാസ്യകൈരളി തുടങ്ങി മലയാളത്തിലെ പ്രമുഖ വിനോദമാസികകൾക്കെല്ലാം പതിവായി ചിരിവിഭവങ്ങളൊരുക്കുന്ന പി.സി. സനൽകുമാറിന്റെ 250-തിലേറെ പാരഡിഗാനങ്ങളും 200-ലേറെ മറ്റ്‌ ഹാസ്യരചനകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. നർമ്മവിഭവങ്ങൾ കൂടാതെ ‘കുമാരി’ വാരികയിൽ ഖണ്ഡഃശവന്ന ‘വേനൽപ്പൂക്കൾ’ എന്ന നോവൽ, അൻപതിൽപരം ചെറുകഥകൾ, ചലച്ചിത്രസംബന്ധിയായ നിരവധി ലേഖനങ്ങൾ, പൊതുഭരണം സംബന്ധിച്ച ഇരുപത്തഞ്ചോളം അക്കാദമിക്‌ ലേഖനങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌.

‘ഒരു ക്ലൂ തരുമോ?’ ‘കളക്‌ടർ കഥയെഴുതുകയാണ്‌’ ‘ഊമക്കത്തിന്‌ ഉരിയാടാമറുപടി’ എന്നീ മൂന്ന്‌ കൃതികൾ പി.സി.സനൽകുമാറിന്റേതായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പെരുമ്പടവം ശ്രീധരന്റെ എല്ലാ പുസ്‌തകങ്ങളും ആശ്രാമം ഭാസി പ്രസിദ്ധീകരിക്കുന്നതുപോലെ പി.സി.സനൽകുമാറിന്റെ എല്ലാ പുസ്‌തകങ്ങളും ‘ഉണ്മ’യിലൂടെ എന്നതും മറ്റൊരു കൗതുകം! ചൂടപ്പം പോലെ വിറ്റുപോകുന്നവയുടെ ഗണത്തിലാണ്‌ സനൽകുമാറിന്റെ എല്ലാ കൃതികളും എന്ന്‌ പ്രസാധകരായ ഉൺമ പബ്ലിക്കേഷൻസ്‌ സാക്ഷ്യപ്പെടുത്തുന്നു. കാസർഗോഡ്‌ കളക്‌ടറായിരിക്കുമ്പോൾ പ്രസിദ്ധീകരിച്ചതും ഇപ്പോൾ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചതുമായ ‘കളക്‌ടർ കഥയെഴുതുകയാണ്‌’ എന്ന കൃതി ഒരു മാസംകൊണ്ട്‌ എണ്ണൂറിലേറെ കോപ്പികളാണ്‌ വിറ്റഴിഞ്ഞത്‌. മലയാളത്തിൽ ഇതെന്തുകൊണ്ടും ഒരഉ അപൂർവ്വതയാണ്‌.

തിരുവനന്തപുരം ‘നർമ്മകൈരളി’യുടെ സജീവനേതൃത്വം വഹിക്കുന്ന പി.സി.സനൽകുമാർ എഴുന്നൂറോളം വേദികളിൽ ചിരിയരങ്ങ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ടി.വി ചാനലുകളിലെ നർമ്മപരിപാടികളിലും നിത്യഹരിതസാന്നിദ്ധ്യമാണ്‌ ഈ എം.എ., എൽ.എൽ.ബി. ബിരുദധാരി. അധികവേഗഭൂമി പദ്ധതിയുടെ തലവനാണ്‌ അദ്ദേഹം ഇപ്പോൾ. 1949-ൽ ചങ്ങനാശ്ശേരി അമരക്കുന്നത്ത്‌ ജനനം. 1997-ൽ ഐ.എ.എസ്‌ കേഡർ ലഭിച്ചു. തിരുവനന്തപുരം കുണ്ടമൺകടവിലാണ്‌ താമസം. ഓമന ഭാര്യ. അഡ്വ.ദീപക്‌, അപർണ്ണ, രാഹുൽ എന്നിവർ മക്കൾ.

Generated from archived content: essay6_june_05.html Author: s_jithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here