വായനദിനവും രാഷ്ര്ടീയവും
കുടിപ്പള്ളിക്കൂടത്തിൽ എഞ്ചുവടീം കേരളപാഠാവലീമല്ലാതെ മറ്റൊരു പുസ്തകവും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത ചില രാഷ്ര്ടീയ ഏമാന്മാർ നാടൊട്ടുക്കും ഓടിച്ചാടി നടന്ന് വായനദിനാഘോഷം ഉദ്‌ഘാടിക്കുന്ന കാഴ്‌ച കൗതുകം തന്നെ!
ബാലജനസഖ്യവും പടമെടുക്കലും
മലയാള മനോരമയുടെ ബാലജനസഖ്യം വാർത്തകളിൽ ‘സാഹിത്യക്യാമ്പ് നടത്തി’ ‘കലാസന്ധ്യ നടത്തി’ ‘ചിത്രകലാ ക്യാമ്പ് നടത്തി’ എന്നൊക്കെ വല്ല്യതലക്കെട്ടുകൾ കാണുമ്പോൾ ആകാംക്ഷയോടെ വാർത്ത വായിക്കുമെങ്കിലും മരുന്നിനുപോലും ഒരു സാഹിത്യകാരന്റേം കലാകാരന്റേം പേര് കാണാൻ കിട്ടാറില്ല. ഉദ്‌ഘാടകനും പ്രസംഗകരുമെല്ലാം സ്ഥലം പഞ്ചായത്ത് ‘പാര’ സോറി, ഭാരവാഹികളും ചില പള്ളീലച്ചന്മാരും! സഖ്യം രക്ഷാധികാരിമാർ, കുട്ടികളെ രക്ഷിച്ചില്ലെങ്കിലും ഇങ്ങനെ ശിക്ഷിക്കരുത്. ദീപസ്തംഭം മഹാശ്ചര്യം നമുക്കും അച്ചടിക്കണം ഫോട്ടോ എന്ന നിലയിലേക്ക് വലിയ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ രക്ഷാധികാരികൾ മാറരുതെന്നൊരപേക്ഷ!
അല്പലാഭം പെരുംചേതം
എഴുത്തുകാരും കലാകാരന്മാരുമൊക്കെ അല്പലാഭത്തിനു വേണ്ടി ഏതെങ്കിലുമൊക്കെ രാഷ്ര്ടീയപാർട്ടികളുടെയോ സംഘടനകളുടേയോ ചട്ടക്കൂട്ടിൽ ചെന്നുപെട്ടാൽ പിന്നീടത് അവർക്കുതന്നെ പെരുംചേതമാകും. പി. സുരേന്ദ്രന്റെയും, കെ.സി. ഉമേഷ്‌ബാബുവിന്റെയുമൊക്കെ കാര്യത്തിൽ ഇതു തന്നെയാണ് സംഭവിച്ചത്.
മഹാത്മാക്കൾ ഉണ്ടാക്കപ്പെടുമ്പോൾ
യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്തവരെ മുഖസൗന്ദര്യത്തിന്റെയോ മസിൽപ്പെരുപ്പത്തിന്റെയോ പന്തേറിന്റെയോ ഒക്കെമാത്രം മികവിൽ മഹാന്മാരായി ചിത്രീകരിക്കുന്ന മാധ്യമങ്ങളോട് പരമപുച്ഛമാണ് തോന്നുന്നത്.
വാർഡുതല എഡീഷനുകൾ
പത്രങ്ങളെല്ലാം മുക്കിന് മുക്കിന് പുതിയ എഡീഷനുകൾ തുടങ്ങിയതോടെ ഒരു വാർഡിൽ വച്ചു വായിച്ച വാർത്ത അങ്ങേവാർഡിലെ പത്രത്തിൽ ഇല്ല എന്ന കോലത്തിലായി. ഇതുതന്നെ ഇപ്പോഴത്തെ പ്രധാന വാർത്താകൗതുകം.
Generated from archived content: essay4_july20_07.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English