മലയാളത്തിലെ കാർട്ടൂൺകലയ്‌ക്ക് 2004 ഒക്‌ടോബർ മാസത്തോടെ 85 വയസ്സുതികയുകയാണ്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചുപോന്നിരുന്ന ‘വിദൂഷകൻ’ എന്ന മാസികയിൽ 1919 ഒക്‌ടോബർ ലക്കത്തിൽ പ്രത്യക്ഷപ്പെട്ട ‘മഹാക്ഷാമദേവത’യാണ് മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യകാർട്ടൂൺ. അജ്ഞാതനായ ഏതോ ചിത്രകാരനാൽ രചിക്കപ്പെട്ട ഈ കാർട്ടൂണിനുശേഷം മലയാളത്തിൽ നാളിതുവരെ ലക്ഷക്കണക്കിന് കാർട്ടൂണുകൾ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടു. ഇന്ത്യൻ കാർട്ടൂണിസ്‌റ്റുകളുടെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശങ്കർ മുതൽ പുതിയ തലമുറയിലെ അത്ഭുതപ്രതിഭാസമായ ഗോപീകൃഷ്‌ണൻ വരെ ഒട്ടേറെ അതുല്യരായ കാട്ടൂണിസ്‌റ്റുകൾക്ക് ജന്മം നൽകിയ മണ്ണാണ് മലയാളക്കരയുടേത്. മലയാളമനോരമയുടെ സ്‌റ്റാഫ് കാർട്ടൂണിസ്‌റ്റ് യേശുദാസൻ, രവീന്ദ്രൻ, കുട്ടി, കേരളവർമ്മ, ബി.എം.ഗഫൂർ, ടോംസ്, ഒ.വി.വിജയൻ, അബു, കെ.എസ്.പിളള, പി.കെ.മന്ത്രി, സുകുമാർ, മലയാറ്റൂർ, അരവിന്ദൻ, സീരി, സോമനാഥൻ എന്നിങ്ങനെ പോകുന്നു സീനിയർ കാർട്ടൂണിസ്‌റ്റുകളുടെ നീണ്ടനിര. കാച്ചിക്കുറുക്കിയ വരകളിലൂടെയും വരമൊഴിയിലൂടെയും മലയാളിയെ തലയറഞ്ഞു ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തവരാണ് മേൽപ്പറഞ്ഞവരൊക്കെ.
കഴിഞ്ഞ എൺപത്തഞ്ചു വർഷത്തിനുളളിൽ ഒട്ടേറെ ആശാവഹമായ വികസനപരിണാമങ്ങൾക്ക് കാർട്ടൂൺകല സാക്ഷ്യം വഹിച്ചുവെങ്കിലും ഈ രംഗത്തെ ശ്രദ്ധേയമായ ചലനങ്ങളെ വേണ്ടത്ര പഠനവിധേയമാക്കുവാൻ നമ്മുടെ നിരൂപണകലയ്‌ക്ക് സാധിച്ചിട്ടില്ലെന്നതാണ് വാസ്‌തവം. ‘കണ്ടു, ചിരിച്ചു, മറന്നു’ എന്ന മലയാളിയുടെ പതിവു സമീപനത്തിൽനിന്നും വ്യത്യസ്‌തമായി കാർട്ടൂണിലെ കഥാപാത്രങ്ങളുടെ ഭാഷയെക്കുറിച്ചുപോലും പാശ്ചാത്യനിരൂപകർ പ്രൗഢമായ ഗവേഷണപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. കലയും സാഹിത്യവും ഒരുമിച്ചുചേരുന്ന ‘കാർട്ടൂൺ’ എന്ന ചിരിവരകളെക്കുറിച്ച് ‘ചിരിച്ചിത്രകാരൻമാരുടെ ചാകര’യുളള കേരളത്തിൽ ശ്രദ്ധേയമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് കഷ്‌ടംതന്നെ. ചെറുകഥയിലെയും നോവലിലെയും മുന്നേറ്റത്തിനു സമാനമായി ശ്രദ്ധേയമായ വികാസപരിണാമങ്ങൾ മലയാളത്തിലെ കാർട്ടൂണുകൾക്കും ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന മലയാളത്തിലെ നിരൂപകശ്രേഷ്‌ഠന്മാർ മാപ്പർഹിക്കുന്നില്ല.
‘കാർട്ടൂൺ ക്രിറ്റിസിസം’ എന്ന സാഹിത്യശാഖ മലയാളത്തിൽ നാളിതുവരെ രൂപമെടുക്കാതിരിക്കുന്നതിന്റെ കാരണവും മലയാളനിരൂപകരുടെ കുറ്റകരമായ അനാസ്ഥമൂലമാണ്. അടുത്തകാലത്തായി കാർട്ടൂണിസ്‌റ്റ് ജോഷി ജോർജ്ജിനെപ്പോലെ ചിലരുടെ ശ്രമഫലമായി ‘കാർട്ടൂൺ ക്രിറ്റിസിസം’ എന്ന സാഹിത്യശാഖ മലയാളത്തിലും ജീവൻവെച്ചുവരുന്നുവെന്നത് ഏറെ ആശ്വാസത്തോടെ എടുത്തുപറയേണ്ടതാണ്.
Generated from archived content: essay2_sep.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English