അന്തോണിമാഷ് അന്തരിച്ചുവെന്ന വാർത്ത നാട്ടിലെല്ലാവരെയും ഞെട്ടിച്ചു. ആരോഗ്യവാനായ മാഷ് ഇത്രപെട്ടെന്ന് മരിക്കുമെന്ന് ആരും കരുതിയില്ല.
പെൻഷനായപ്പോൾ കിട്ടിയ കാശ് ബാങ്കിലിട്ടിട്ട് പൊതുപ്രവർത്തനത്തിനു തുനിഞ്ഞ മാഷ് നാട്ടുകാരുടെ കണ്ണിലുണ്ണിയായി. അങ്ങനെയാണ് അദ്ദേഹം പഞ്ചായത്തുമെമ്പറായത്.
മാഷിന്റെ സഹായം നാട്ടിലെല്ലായിടത്തുമെത്തി. റോഡുകളായും വഴിവിളക്കുകളായും പാവപ്പെട്ടവർക്കുളള വീടുകളായും കക്കൂസുകളായും…
പരേതനെ ഒരുനോക്കു കണ്ടിട്ട് താങ്ങാനാവാത്ത ദുഃഖത്തോടെ നാട്ടുകാർ തരിച്ചുനില്‌ക്കുമ്പോൾ, ഉളളിൽ വലിയ ആശ്വാസത്തോടെ രണ്ടുപേർ ദുഃഖം നടിച്ച് അവിടെ നിലയുറപ്പിച്ചിരുന്നു; ചാക്കോയും കേളുവും.
അന്തോണിമാഷിനോട് അവർക്ക് രഹസ്യമായ ഒരു കടപ്പാടുണ്ട്. ഇരുവർക്കും കച്ചവടത്തിന് ബാങ്ക് ലോൺ ലഭിക്കുന്നതിന് ജാമ്യം നിന്നത് അന്തോണിമാഷാണ്. അതുകൊണ്ടാണ് ചാക്കോയ്‌ക്ക് നല്ലനിലയിൽ ഒരു ബേക്കറി തുടങ്ങുന്നതിനും, കേളുവിന് ശവപ്പെട്ടിക്കച്ചവടം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞത്.
മാഷ് മരിച്ചതുവഴിയും ഇവർക്കു രണ്ടാൾക്കും ചില്ലറ ബിസിനസ്സൊക്കെ തരപ്പെട്ടുവെന്നത് മറ്റൊരു നേട്ടം!
പിന്നെ, മരിച്ചവരെ ബാങ്കുകാർ ശിക്ഷിക്കില്ലല്ലോ!!
Generated from archived content: story8_sep2.html Author: rejish_theppupara
Click this button or press Ctrl+G to toggle between Malayalam and English