മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?

കുംഭകോണത്ത്‌ തൊണ്ണൂറ്‌ കുട്ടികൾ വെന്തുമരിച്ചാലും രജനിമാർ ചാടിച്ചത്താലും കർഷകർ കൂട്ടയാത്മഹത്യ ചെയ്‌താലും കർത്താവിന്റെ മണവാട്ടിമാർ ആക്രമിക്കപ്പെട്ടാലും ഗുരു ശിഷ്യയെ പിച്ചിച്ചീന്തിയാലും ആർക്കെന്ത്‌ കുലുക്കം?

ഇതൊക്കെക്കണ്ട്‌ പല്ലു ഞെരിച്ചും പ്‌രാകിയും സാമാന്യജനത്തിന്‌ പ്രതിഷേധം മാത്രമറിയിക്കാൻ കഴിയുമ്പോൾ ഇവയെല്ലാം പ്രതിരോധിക്കാൻ കെല്‌പുളള നമ്മുടെ ഭരണാധിപൻമാർ ഈ സംഭവത്തിലെങ്ങും ഞങ്ങൾക്ക്‌ യാതൊരു പങ്കുമില്ലെന്നമട്ടിൽ നടക്കുന്നു! ഈ നിശ്ചല നിർഗുണ പരബ്രഹ്‌മങ്ങൾ വാഴുന്ന നാട്ടിൽ എന്തെങ്കിലും സാമൂഹികമാറ്റം ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ പഴയ നക്‌സൽപാത പിന്തുടർന്ന്‌ അധികാരത്തിനുവേണ്ടി വെറിപൂണ്ട ഈ വ്യാളികളുടെ കുലം മുച്ചൂടെ മുടിക്കണം. ഭരണവിഭാഗത്തിനെതിരെ ഒന്നടങ്കം കേരളജനത പ്രതിഷേധമറിയിച്ചിട്ടും ‘ആസനത്തിൽ കുരുത്തവേര്‌ ആഴത്തിലിറങ്ങട്ടേന്നു’ കരുതി കണ്ണുംകെട്ടിയിരിക്കുന്ന ഈ മാംസപിണ്ഡങ്ങളെ കസേരയോടെ തൂത്തുവാരി കടലിലെറിയണം.

ആത്മഹത്യകളും പീഡനങ്ങളും വാണിഭങ്ങളും മറ്റ്‌ ദുരന്തങ്ങളും പ്രധാന വാർത്താസ്ഥാനത്തെത്തുമ്പോൾ രാഷ്‌ട്രീയ കോമരങ്ങൾക്ക്‌ അതെല്ലാം ഉത്സവലഹരിയായി മാറുന്നു.

കൂടുതൽ ലാഭം കൊയ്യാൻ പറ്റിയ വകുപ്പുകൾക്കായി, കടിപിടികൂട്ടുന്ന ചാവാലിപ്പട്ടികളെപ്പോലെ രാഷ്‌ട്രീയനേതാക്കൾ അധഃപതിക്കുമ്പോൾ മലയാളഭാഷപോലും നന്നായി സംസാരിക്കാനറിയാത്ത സൂപ്പിമാർ വിദ്യാഭ്യാസമന്ത്രിമാരാകുന്നു.

സഹജീവികളോട്‌ ദീനാനുകമ്പ പുലർത്തിയ ഡോ.മജീദ്‌ എന്ന മനുഷ്യസ്‌നേഹി, ഭരണമന്ദിരത്തിന്റെ മൂക്കിനുതാഴെ ഇരുപത്‌ മിനിറ്റോളം, അപകടത്തിൽപെട്ട്‌ രക്തംവാർന്നു മരിക്കുന്നതിന്‌ പോലീസുകാരുൾപ്പെടെയുളളവർ ദൃക്‌സാക്ഷികളായി. മനുഷ്യാവകാശത്തെപ്പറ്റി അപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന മന്ത്രിക്കോ, ഡോ.മജീദിനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ച പോലീസിനോ ഈ അരുംകൊലയുടെ ഉത്തരവാദിത്വം? ഇതൊക്കെ നിത്യേന കണ്ടുംകേട്ടും വായിച്ചും അറിയുന്ന പ്രബുദ്ധകേരളത്തിന്റെ സഹനവീര്യം അമ്പോ അപാരം തന്നെ!

വാണിഭങ്ങൾക്കൊരു മറുമൊഴി

വാർത്തകളിൽ നിത്യേന ഞെട്ടിക്കുന്ന തരത്തിൽ വാണിഭങ്ങളും പീഡനങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ പെൺമക്കളെ പ്രസവിച്ച ഓരോ അമ്മയുടെ നെഞ്ചിലും നെരിപ്പോട്‌ പുകയുന്നു!

പല വാണിഭങ്ങളും സ്‌ത്രീയ്‌ക്ക്‌ ശത്രു സ്‌ത്രീതന്നെ എന്നത്‌ ഏറെ അങ്കലാപ്പിന്‌ വക നല്‌കുന്നു. എങ്കിലും പുരുഷപ്രജകളോട്‌ ഒരുവാക്ക്‌; നിങ്ങളുടെ കൈകളിലകപ്പെടുന്ന നിഷ്‌കളങ്കബാല്യം മുതൽ നിറയൗവ്വനംവരെ അനുഭവിക്കാൻ ആർത്തികാണിക്കുംമുൻപ്‌ ഒന്നോർക്കുക-നിങ്ങൾ ഭൂമിയിലേക്കെത്തിയതും ഒരു സ്‌ത്രീയുടെയുളളിൽനിന്നായിരുന്നു; അത്‌ മറക്കരുത്‌ന്ന നിങ്ങൾ ചവിട്ടിതേയ്‌ക്കുന്ന, പണം കൊയ്യാനുപയോഗിക്കുന്ന, വിലപേശുന്ന, ചുട്ടെരിക്കുന്ന, പിഴുതെറിയപ്പെടുന്ന, പിച്ചിച്ചീന്തപ്പെടുന്ന ഓരോ പെണ്ണിലും പ്രാണവേദന കടിച്ചമർത്തി അടുത്ത തലമുറയെ സൃഷ്‌ടിക്കുവാൻ പെടാപ്പാടുപെടുന്ന ഓരോ അമ്മമാരുണ്ടെന്നറിയുക; സർവ്വതെറ്റുകൾക്കും മാപ്പുകൊടുക്കാൻ കഴിയുന്ന മഹത്തരമായ മാതൃത്വമുണ്ടെന്നറിയുക. പകരം വയ്‌ക്കാനാവാത്ത പവിത്രമായ വാത്സല്യമുണ്ടെന്നറിയുക. ജന്മം നൽകി പത്തുമാസം ശരീരത്തിനുളളിൽ ഒരു ഇളം ചലനം പോലും തട്ടാതെ സൂക്ഷിച്ചുവളർത്തിയ അതേ ഗർഭപാത്രത്തിലേക്കുതന്നെയാണ്‌ നിങ്ങൾ വിഷവിത്തുകൾ വാരിയെറിയുന്നതെന്ന്‌ ഓർക്കുക. ഭോഗിക്കാൻ മാത്രമല്ല പ്രസവിക്കാനും അവൾക്കുമാത്രമേ കഴിയൂ എന്ന ബോധവും തിരിച്ചറിവും നിങ്ങൾക്കുണ്ടായാൽ സ്‌ത്രീ പൂജിതയായില്ലെങ്കിലും അപമാനിതയാകാതിരിക്കും. ഒരമ്മയുടെ ശരീരത്തിന്റെ ഭാഗമായിവന്ന പുരുഷൻ മുലപ്പാലിലൂടെ നിവർന്നുനില്‌ക്കാൻ ബലം നേടിക്കഴിഞ്ഞപ്പോൾ മറ്റൊരമ്മയെ പീഡനത്തിനിരയാക്കുന്നു; കഷ്‌ടം, ക്രൂരം!

Generated from archived content: essay8_dec.html Author: raji_vyshnavam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here