പണാധിപത്യത്തിന്റെ അരങ്ങുവാഴ്‌ച

ജനാധിപത്യ മതേതരരാഷ്‌ട്രമെന്ന പ്രത്യേകതയോടെ ലോകരാജ്യങ്ങൾക്കുമുന്നിൽ തലയുയർത്തിപ്പിടിച്ചുനിന്ന ഇന്ത്യയുടെ ജനാധിപത്യം പണാധിപത്യത്തിനു മുന്നിൽ തകർന്നടിയുന്ന ദാരുണദൃശ്യം തുടർക്കഥപോലെ നീളുന്നു.

വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും ഏറെ മുന്നിട്ടുനില്‌ക്കുന്ന കേരളത്തിൽ ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ പണാധിപത്യം നടമാടാൻ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. തെരഞ്ഞെടുപ്പ്‌ എന്ന ജനായത്ത സമ്പ്രദായത്തിൽ കവിഞ്ഞ്‌ എന്ത്‌ ജനാധിപത്യ പ്രക്രിയയാണ്‌ ഇവിടെ നടപ്പിലായി കാണുന്നത്‌? ഒരുപറ്റം സമ്പന്നരും രാഷ്‌ട്രീയപ്രമുഖരും ഉദ്യോഗസ്ഥ പ്രമാണിമാരുംകൂടി ചുരുക്കം ചില വമ്പന്മാർക്കുവേണ്ടി തട്ടിക്കൂട്ടുന്ന ഒരു തരികിട കലാപരിപാടിയായി ജനാധിപത്യം അധഃപതിച്ചിരിക്കുന്നു.

ബഹുരാഷ്‌ട്രകുത്തകകളുടെ സാമ്പത്തികവികസനം ലക്ഷ്യമാക്കിക്കൊണ്ട്‌ ‘കേരളത്തിന്റെ വികസനം’ എന്ന മുഖംമൂടിയുടെ പിന്നിൽ കൊണ്ടുവരുന്ന എക്‌സ്‌പ്രസ്‌ ഹൈവേപോലെയും കരിമണൽ ഖനനം പോലെയുമുളള ‘വികസന’ പദ്ധതികളിൽ ആരുടെ വികസനമാണ്‌ മന്ത്രിപുംഗവന്മാർ ലക്ഷ്യമാക്കുന്നത്‌? കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ രക്ഷിക്കാനല്ല ഇതൊന്നും എന്ന്‌ നിസ്സംശയം ഏത്‌ ഒന്നാംക്ലാസുകാരനും അറിയാം. മുറുകെ നടന്നാൽ മൂക്കടിച്ചു വീഴുന്ന നാട്ടുപാതകളുടെ ശോച്യാവസ്ഥ മാറ്റുവാനുളള നിവേദനങ്ങളുമായി സാധാരണക്കാരൻ ഓടിനടക്കുമ്പോൾ അഞ്ചുമണിക്കൂറുകൊണ്ട്‌ കന്യാകുമാരിയിൽനിന്ന്‌ കാസർകോട്ട്‌ എത്തേണ്ടതാർക്കാണ്‌?

ജനങ്ങൾക്കുവേണ്ടിയുളള യഥാർത്ഥ വികസനപദ്ധതികളിൽ എക്കാലത്തും ജനപിന്തുണയും കൂട്ടായ്‌മയുമുണ്ടാകും. അവർക്കാവശ്യമില്ലാത്ത പദ്ധതികളുമായി ഭരണകർത്താക്കൾ മുന്നോട്ടുവരുമ്പോൾ ആയിരം നാവോടെ അതിനെതിരെ അലറിവിളിച്ചിട്ടും കേൾക്കാൻ കഴിയാതെ സ്വാർത്ഥതാത്‌പര്യങ്ങൾക്കുവേണ്ടി നിലകൊളളുന്ന ഭരണക്രമം ജനാധിപത്യമല്ല, ഏകാധിപത്യമാണ്‌. ആബാലവൃദ്ധം ജനങ്ങളും കൂക്കുവിളിച്ചിട്ടും കരിങ്കൊടി കാണിച്ചിട്ടും പുച്ഛിച്ച്‌ തളളിയിട്ടും മന്ത്രിക്കസേരയിൽ അളളിപ്പിടിച്ചിരിക്കുന്ന കുളയട്ടകളെ മറ്റേത്‌ ജനാധിപത്യരാജ്യത്ത്‌ കാണാൻ കഴിയും?

മതേതരരാഷ്‌ട്രത്തിന്റെ, അറസ്‌റ്റിലായ കൊലയാളിക്കുവേണ്ടി മതത്തിന്റെ പേരിൽ മാത്രം ഹർത്താലുകൾ നടത്തുന്നു! മതാദ്ധ്യക്ഷന്മാർ നിയമങ്ങൾക്ക്‌ അതീതരാണോ? സമൂഹത്തെ നന്മയിലേക്ക്‌ നയിക്കാൻ വിധിക്കപ്പെട്ട സ്ഥാനത്തിരുന്ന്‌ അഴിഞ്ഞാട്ടം നടത്തുന്ന കപട കാവിവേഷക്കാരെ പെരുവഴിയിൽ നിർത്തി കല്ലെറിയേണ്ട കാലം കഴിഞ്ഞു.

Generated from archived content: essay6_jan.html Author: raji_vyshnavam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here