ഛട്ട്‌പൂജ

ബീഹാറിന്റെ തനതായ ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യം ഛട്ട്‌പൂജയ്‌ക്കാണ്‌. കാർത്തിക മാസത്തിലെ അമാവാസി ദിവസമാണ്‌ സാധാരണ ദീപാവലി ആഘോഷിച്ചുവരുന്നത്‌. ദീപാവലി കഴിഞ്ഞ്‌ ആറാം ദിവസം അതായത്‌ ഷഷ്‌ഠിദിവസമാണ്‌ ഛട്ട്‌പൂജ ആഘോഷിക്കുന്നത്‌.

ഛട്ട്‌പൂജ കർഷകന്റെ പ്രകൃതിയോടുളള ബന്ധം വിളിച്ചറിക്കുന്നു. ഷഷ്‌ഠിദിവസത്തെ അസ്‌തമനസൂര്യന്റേയും ജലാശയത്തിൽ കാണുന്ന പ്രതിബിംബത്തെയാണ്‌ ഛട്ട്‌പൂജ നടത്തുന്നത്‌. പ്രസാദമായി അന്നു കിട്ടാവുന്ന എല്ലാ കിഴങ്ങുവർഗ്ഗങ്ങളും ഫലങ്ങളും കരിമ്പും സൂര്യദേവന്‌ നിവേദ്യമായി അർപ്പിക്കുന്നു. എന്നിട്ട്‌ മൺവിളക്കുകളിൽ നെയ്‌ത്തിരി നിറച്ച്‌ ദീപം തെളിയിച്ച്‌ ജലാശയങ്ങളിലും നദികളിലും ഒഴുക്കിവിടും. ജലാശയങ്ങളുടേയും നദികളുടേയും തീരത്ത്‌ അസ്‌തമനപൂജ കഴിഞ്ഞശേഷം ഉദയരശ്‌മികൾ ജലാശയത്തിൽ പതിയുന്നതും കാത്ത്‌, കരിമ്പും പുല്ലും മേഞ്ഞ കൂടാരങ്ങളിൽ ഭക്തർ കാത്തിരിക്കുന്ന കാഴ്‌ചയും കാണേണ്ടതുതന്നെ.

വ്രതാനുഷ്‌ഠാനത്തിലും ആചാരോപചാരങ്ങളിലും മറ്റ്‌ ഉത്തരേന്ത്യൻ ഉത്സവങ്ങളോടു താരതമ്യം ചെയ്യുമ്പോൾ, പ്രകൃതിയെ ഇത്രയധികം ആദരിക്കുന്ന ഒരു ഉത്സവം വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഭക്തിനിർഭരമായ ജലാശയങ്ങളുടേയും നദികളുടേയും തീരങ്ങൾ വർണ്ണജാലങ്ങൾ നിഴൽപാകുന്നതിനോടൊപ്പം ജലാശയങ്ങളിൽ ഒഴുകിനടക്കുന്ന ദീപാവലിയും ദൃഷ്‌ടിഗോചരങ്ങൾക്ക്‌ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി പ്രദാനം ചെയ്യുന്നു. ഒപ്പം അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന ഭക്തിഗാനങ്ങളും സുഗന്ധധൂമങ്ങളും ഭക്തിസാന്ദ്രമാകുന്നു.

സൂര്യഭഗവാൻ തൃപ്‌തനായാൽ കൃഷിയും കാലികളും അഭിവൃദ്ധി പ്രാപിക്കുമെന്ന്‌ കർഷകർ വിശ്വസിക്കുന്നു. പ്രകൃതിയോ പാപങ്ങളിൽനിന്ന്‌ നാടിനെ രക്ഷിക്കുമെന്ന്‌ അവർ വിശ്വസിക്കുന്നു. തികച്ചും, കർഷകന്റെ പ്രകൃതിയോടുളള ആദരവും അടുപ്പവും വിളിച്ചറിയിക്കുന്ന ഈ ഉത്സവം കണ്ടുതന്നെ അറിയണം.

Generated from archived content: sept_essay2.html Author: rajanbabu_meenambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here