കഥയില്ലാത്ത കുറേപ്പേർ കഥാസംഗമത്തിനെത്തി. കഥ കേൾക്കാൻ കുറെ കഥയുളളവരുമെത്തി.
ഒന്നാമത്തെ കഥ വാണിഭത്തെക്കുറിച്ചായിരുന്നു. അനുഭവസമ്പന്നരായ ഒരു വാണിഭക്കാരനെപ്പോലെ കഥാകൃത്ത് വാ തുറന്നു. വാണിഭവും വാണിഭത്തിനെത്തുന്ന ചരക്കുകളും കഥയുടെ പുറംതാളുകളിൽ പുനർജനിച്ചു. വഴിവാണിഭവും അങ്ങാടിവാണിഭവുമറിയാത്ത ആട്ടിൻകുട്ടികളായി കഥകേൾക്കർ അമ്പരന്നിരുന്നു. രണ്ടാമത്തെ കഥ പീഡനത്തെക്കുറിച്ചായിരുന്നു. ദുഃഖിതരും പീഡിതരുമായ മൂന്നു കഥാകൃത്തുക്കൾ. ആത്മപീഡനവും പരപീഡനവും അവർക്കു വിഷയമായി. പതിനഞ്ചുകാരിയുടെ പീഡനം മാജിക്കൽ റിയലിസമായി. കേൾക്കർക്ക് കൗതുകമായി. മൂന്നാമത്തെ കഥ സംസ്‌കാരത്തെക്കുറിച്ചായിരുന്നു. സംസ്‌കൃതചിത്തനായ കഥാകാരൻ പുലയാട്ടു നടത്തിയതെന്തിനെന്ന് കേൾക്കർ അമ്പരന്നു. ബാറിലെ പുളിച്ചു നാറിയ പുലഭ്യരസം ഉളളിൽക്കിടന്ന് കഥാകാരനെ പ്രചോദിപ്പിക്കുകയാണെന്ന് കേൾക്കർക്കു മനസ്സിലായി. അവർ കഥാകാരന്റെ കഥയുടെ തുമ്പിൽ പിടിച്ചുവലിച്ച് മെല്ലെമെല്ലെ അതിനെ വസ്‌ത്രാക്ഷേപം നടത്തി ഹരംകൊണ്ടു. നാലാമത്തെ കഥ കേരളത്തെക്കുറിച്ചായിരുന്നു. രാമന്റെ മഴുത്തലയിലെ ചോരയുടെ മണം കഥാകാരനെ മത്തുപിടിപ്പിച്ചതു പോലെയുണ്ടായിരുന്നു. കഥ കേട്ട കേൾക്കരോ, കുറുക്കന്മാരായി നാവുനീട്ടി ചോര നുണഞ്ഞു. കരിമണൽ പൊരികടലയായി. ടൂറിസം നീലവെളിച്ചമായി. അറ്റുപോകുന്ന ആത്മബന്ധങ്ങളും വിറ്റുപോകുന്ന പെങ്ങന്മാരും ആരുടെയും കണ്ണിൽ പെട്ടില്ല. എല്ലാവർക്കുമാവശ്യം വെളളിക്കാശായിരുന്നു. മുപ്പതല്ല, മുന്നൂറല്ല, മൂവായിരം…. മൂവായിരം കോടി വെളളിക്കാശ്.
സംഗമത്തിനെത്തിയ തങ്ങളും വിറ്റുപോയിരിക്കുന്നുവെന്ന് കേൾക്കർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രളയമായിരുന്നു.
Generated from archived content: story4_jan.html Author: rajan_perunna