ഓപ്പറേഷൻ

അയാളുടെ ആകാംക്ഷയുടെ മുമ്പിലേക്ക്‌, ഓപ്പറേഷൻ തീയേറ്ററിൽനിന്ന്‌ അവൾ ഇറങ്ങിവന്നു. കഴുത്തിൽ സ്‌റ്റെതസ്‌കോപ്പും കൈകളിൽ രക്തംപുരണ്ട ഗ്ലൗസും. ഗ്ലൗസുകൾ അവൾ മനഃപൂർവം ഊരിമാറ്റാഞ്ഞതല്ലേ?

ദേഹത്തോടു ചാരിനില്‌ക്കുന്ന രണ്ടു കുഞ്ഞുങ്ങളെയും അയാൾ കൈകൊണ്ട്‌ ചേർത്തുപിടിച്ചു. കുഞ്ഞുങ്ങളുടെ ദൈന്യം വാക്കുകളായി ഊർന്നു.

“അമ്മയ്‌ക്ക്‌ എന്താണച്ഛാ?”

ആ ചോദ്യത്തിന്റെ ആവർത്തനംപോലെ അയാൾ അവളുടെ മുഖത്തേക്കുനോക്കി.

“എന്തായി…?”

‘ഡോക്‌ടർ’ എന്നുകൂടി കൂട്ടിച്ചേർക്കണോ എന്ന്‌ അയാൾ ഒരുനിമിഷം സംശയിച്ചു. അഞ്ചുകൊല്ലം ‘ചക്കരമോളേ’ എന്നു വിളിച്ചു കളിയാക്കിനടന്നിരുന്ന തന്റെ നാവിൽ ഡോക്‌ടർ എന്നു വഴങ്ങുന്നില്ലെന്ന്‌ അയാൾ തിരിച്ചറിഞ്ഞു.

“ഓപ്പറേഷൻ നടക്കുന്നതേയുളളു.”

അവളുടെ കണ്ണുകളിൽ പകപോക്കലിനു വീണുകിട്ടിയ അവസരം മുതലാക്കാനുളള വെമ്പലായിരുന്നു. ഒരിക്കൽ മോഹിപ്പിച്ചവന്റെ ഭാര്യയാണിപ്പോൾ ഓപ്പറേഷൻ ടേബിളിൽ. അഞ്ചുകൊല്ലത്തെ മോഹിപ്പിക്കൽ… ഒരു നിമിഷം മതി എല്ലാം അവസാനിപ്പിക്കാൻ. തന്റെ സ്വപ്‌നങ്ങളുടെ ചിറകുകളരിഞ്ഞതുപോലെ, മൂർച്ചയേറിയ കത്തി ആ ഹൃദയത്തിന്റെ….

അയാളൊരു തേങ്ങലായി.

“ആശയ്‌ക്കു വകയുണ്ടോ?”

“ഇല്ല, രക്ഷപ്പെടില്ല.”

അവളുടെ മുഖത്ത്‌ ഭഗ്നപ്രണയത്തിന്റെ അഗ്നിനാളമെരിഞ്ഞു. അയാൾക്കു ശ്വാസം മുട്ടി. തേങ്ങൽ പുറത്തെത്തി.

“കുഞ്ഞുങ്ങളോട്‌ ഞാനെന്തു പറയും?”

ഓപ്പറേഷൻ തീയേറ്ററിലേക്കു വീണ്ടും കയറാൻ തിരിഞ്ഞ അവൾ ഒരു നിമിഷം നിന്നു. കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കി. നിഷ്‌കളങ്കമായ ആ മുഖങ്ങളിൽ പെയ്യാൻ തുടങ്ങുന്ന മഴയുടെ ഈർപ്പം. അവളുടെ കണ്ണുകളിലെ അഗ്നിക്കുമേൽ അതു മെല്ലെ പെയ്യാൻ തുടങ്ങി. കാണെക്കാണെ അഗ്നി അണഞ്ഞു. അവളുടെ മുലകൾ അറിയാതെ ചുരന്നു. അവൾ വേഗം തീയേറ്ററിലേക്കു കയറി.

അരമണിക്കൂറിനുശേഷം അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോൾ രക്തംപുരണ്ട ഗ്ലൗസുകൾ ഊരിമാറ്റിയിരുന്നു. ‘എന്തായി’ എന്ന ചോദ്യം അയാളുടെ മുഖത്തുനിന്ന്‌ വായിച്ച്‌ അവൾ പറഞ്ഞു.

“ദൈവത്തിന്‌ നന്ദി പറഞ്ഞോളൂ. പിന്നെ ഈ കുഞ്ഞുങ്ങൾക്കും.”

അവൾ വേഗം റെസ്‌റ്റ്‌റൂമിലേക്കു പോയി.

Generated from archived content: sept_story5.html Author: rajan_perunna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here