വളളികുന്നത്തിന്റെ പ്രിയപ്പെട്ട കമ്മ്യൂണിസ്‌റ്റ് സഖാവും ശൂരനാട് സമരത്തിന്റെ നായകനുമായ ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ ചരമവാർത്തയുമായി ബന്ധപ്പെടുത്തി ‘മാതൃഭൂമി’ ദിനപത്രത്തിൽ (മെയ് 28) വന്ന ഒരു വാർത്തയും കവിതാശകലവുമാണ് ഈ കുറിപ്പിന്നാധാരം.
‘കവിതയിലും വിപ്ലവമായി ചേലക്കോടൻ’ എന്ന തലക്കെട്ടോടെ രാജു വളളികുന്നം എന്ന കവിയുടെ ‘വളളികുന്നത്തെ കമ്മ്യൂണിസ്‌റ്റുകാർ’ എന്നൊരു കവിതയിലെ ചില വരികളാണ് മാതൃഭൂമി ഉദ്ധരിച്ചിരിക്കുന്നത്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി, പുതുപ്പളളി രാഘവൻ, പേരൂർ മാധവൻപിളള, ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കളുടെ പേരുകൾ എടുത്തുപറയുന്ന വരികൾ മാത്രം ഉദ്ധരിച്ചശേഷം ഇവരെയൊക്കെ കളിയാക്കുന്ന അടുത്ത വരികൾ സാന്ദർഭികമായി ഒഴിവാക്കിയിരിക്കുന്നു. സഖാവിന്റെ ചരമവാർത്തയോടൊപ്പം ഈ കവിത അച്ചടിച്ചപ്പോൾ, ഇവരെയൊക്കെ ആദരിക്കുന്നതും വളളികുന്നത്തിന്റെ സമരചരിത്രം പാടിപ്പുകഴ്‌ത്തുന്നതുമാവും രാജുവിന്റെ കവിത എന്ന് ഏതൊരാൾക്കും തോന്നിപ്പോകും. ഏറെ പ്രചാരമില്ലാത്ത ഒരു പ്രസിദ്ധീകരണത്തിൽ വന്ന ഈ കവിത അധികം പേർ വായിച്ചിരിക്കാനിടയില്ലാത്തതിനാൽ മാതൃഭൂമി വായനക്കാർ തെറ്റിദ്ധരിക്കപ്പെടും എന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്.
സി.കെ.കുഞ്ഞിരാമൻ ഉൾപ്പെടെയുളള ആദ്യകാല നേതാക്കളെയും അവരുടെ സമരത്തെയും കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെയും അധിക്ഷേപിക്കുന്നതാണ് ഈ കവിത. ആദരണീയരായ സഖാക്കളുടെ പേരുകൾ നിരത്തിയശേഷം അടുത്ത ഖണ്ഡംകൂടി വായിച്ചാൽ ഇത് ബോധ്യമാവും.
പുതുപ്പളളിയും കാമ്പിശ്ശേരിയും
തോപ്പിൽ ഭാസിയും പേരൂരാനും…..
ചേലക്കോടനും ഉളളിവാസുവും
ഇൻക്വിലാബ് വിളിച്ച ‘തമ്പ്രാക്കളെ’
അന്തിയുറക്കിയ പുലയികളും
എന്റെ പാട്ടിൽ വഴിനടക്കുന്നു.
(‘വഴി നടക്കുന്നു’ എന്നത് മാതൃഭൂമിയിൽ ‘പിടയുന്നു’ എന്ന് തിരുത്തിയിരിക്കുന്നു.)
‘ഒരേക്കർ കൃഷിക്കാരനെ
ജന്മിയാക്കിയ ഗാഥകൾ
ഒരേറ് കാളക്കാരനെ
തൊഴിലുടമയാക്കിയ കാഹളം
വർഗ്ഗസമരത്തിന്റെ വോട്ടുകൾ
പെട്ടിയിലാക്കിയ ഭൗതികവാദം’
കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഇത്തരത്തിൽ ആക്ഷേപിക്കുന്ന ഈ കവി ഒടുവിൽ ശൂരനാട് സമരത്തെയും മേനിസമരത്തെയും അധിക്ഷേപിക്കുന്നത് എത്ര നികൃഷ്‌ടമായാണെന്നു നോക്കുക.
‘ഒരു കുളത്തിലെ മീൻപിടിക്കാൻ
എട്ടു പോലീസുകാരെ വെട്ടിക്കൊന്നതും
ഒരു വയലിലെ നെല്ലുകൊയ്യാൻ
എണ്ണൂറ് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതും
എന്റെ പാട്ടിൽ പിടയുന്നു.’
(ഈ കവി ചേലക്കോടന്റെ ചെയ്‌തികൾ അന്യായമാണെന്നാണല്ലോ സൂചിപ്പിക്കുന്നത്.)
അടുത്ത ഖണ്ഡത്തിൽ-
‘പറന്നുപോകുന്ന കാക്കയുടെ
നിറമെന്തേ ചുവക്കാഞ്ഞൂ….
പതഞ്ഞുപോകും കടലുകളിൽ
നിണമെന്തേ കലരാത്തൂ!
നമ്മളുകൊയ്‌തൊരു വയലുകളിൽ
യന്ത്രം കൊയ്‌തതു കണ്ടല്ലോ?
വിപ്ലവം മഹാശ്ചര്യം
എനിക്കും കിട്ടണം പണം!’
കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെയും പഴയകാല സഖാക്കളെയും കളിയാക്കുന്ന ഈ കവി നിരാശമായ ചില ചോദ്യങ്ങളിൽ കവിത അവസാനിപ്പിക്കുന്നു.
ചേലക്കോടനെന്ന നിസ്വാർത്ഥനും ത്യാഗിയുമായ ഒരു സഖാവിന്റെ ചരമക്കുറിപ്പിനോടൊപ്പം ഇത്ര സത്യവിരുദ്ധവും കമ്മ്യൂണിസ്‌റ്റ് വിരുദ്ധവുമായ ഒരു കവിതയുടെ ഭാഗങ്ങൾ എങ്ങനെ സാന്ദർഭികമായി അടർത്തിയെടുത്ത് അച്ചടിച്ചുവന്നു എന്നത് ഏറെ ചിന്തനീയമാണ്. വളളികുന്നത്തുകാർ ഒരു ഞെട്ടലോടെയാണ് ലോക്കൽപേജിൽ വന്ന ഈ വാർത്തയും കവിതയും വായിച്ചത്. 1993 ൽ അച്ചടിച്ചുവന്ന ഈ കവിതയ്‌ക്ക് ഈ ലേഖകൻ അന്നുതന്നെ ഒരു മറുപടിക്കവിത (വളളികുന്നത്തെ കമ്മ്യൂണിസ്‌റ്റുകാർ) ‘ഉൺമ’ ഓണപ്പതിപ്പിൽ എഴുതിയിരുന്നു. സത്യത്തിൽ ഈ കവിതയാണ് ഏറെ വായിക്കപ്പെട്ടതും ചർച്ചാവിഷയമായതും. വളളികുന്നത്തുകാർക്കൊക്കെ നന്നായറിയാവുന്ന സത്യവുമാണിത്. കവി അറിഞ്ഞുതന്നെയാണോ ഈ കവിതാശകലം ഇപ്പോൾ അച്ചടിച്ചത് എന്നറിയില്ല. ആണെങ്കിൽ സ്വന്തം പ്രശസ്‌തിക്കായി ഒരു നല്ല സഖാവിന്റെ മരണവാർത്തയെ ദുരുപയോഗപ്പെടുത്തി എന്ന കുറ്റബോധമെങ്കിലും അദ്ദേഹത്തിനുണ്ടാകണം. ഈ കവിത മുഴുവൻ വായിച്ചിരുന്നെങ്കിൽ ‘മാതൃഭൂമി’യുടെ സബ്ബ് എഡിറ്റർമാരും ഇങ്ങനെയൊരു പാതകം ചെയ്യുമായിരുന്നില്ല.
Generated from archived content: essay4_july.html Author: rajan_kailas