വീടും വിപ്ലവവും

ജന്മം കൊണ്ടല്ല, കർമ്മംകൊണ്ടും, ചിലപ്പോൾ മരണംകൊണ്ടുമാണ്‌ പലരും മഹാന്മാരാകുന്നത്‌. ഈ ജനുസ്സിൽപെട്ടവനായിരുന്നു പൊൻകുന്നത്തുകാരൻ വർക്കി. തമസ്സിന്റെ ശക്തികളെന്നു താൻ വിശ്വസിച്ച മതാധിപതികളെ മരണംകൊണ്ടുകൂടി അധിക്ഷേപിച്ചു അദ്ദേഹം. വ്യാജരേഖയുമായി വന്ന വെളളക്കുപ്പായക്കാർ ഇളിഭ്യരും പരിഹാസ്യരുമായി.

ഇദ്ദേഹം കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായിരുന്നോ, ആവോ. പക്ഷെ ‘ജനകോടികളുടെ നായനാർ’ തികഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നുവത്രെ. സമരവും ഭരണവും പ്രയോഗിച്ച വിപ്ലവകാരി. പക്ഷെ ജീവിച്ചിരിക്കെ തന്റെ മരണാനന്തരകർമ്മത്തെപ്പറ്റി എന്തായിരിക്കാം അദ്ദേഹം പറഞ്ഞിരിക്കുക-പയ്യാമ്പലത്ത്‌ ദഹിപ്പിക്കണമെന്നു മാത്രമോ. പക്ഷെ വർക്കിക്ക്‌ അതിൽ നിർബന്ധമുണ്ടായിരുന്നു. മാർക്‌സിസ്‌റ്റുകാരല്ലാത്ത മക്കൾ അത്‌ അനുസരിക്കുകയും ചെയ്‌തു.

അരനൂറ്റാണ്ടിലേറെ വിപ്ലവകാരിക്കൊപ്പം ജീവിച്ചവൾ, വിപ്ലവം ഊട്ടിവളർത്തിയ മക്കൾ അവരുടെ നായനാരെ വെറുമൊരു ഹിന്ദുവായാണ്‌ കണ്ടത്‌. ജനലക്ഷങ്ങളുടെ മനസ്സിൽ ജീവിക്കുന്ന നായനാരെന്ന കമ്മ്യൂണിസ്‌റ്റിന്റെ ശമ്പളംപറ്റി ജീവിച്ചവർ, ഒരുപിടി ചാരം വെളളത്തിൽ കലക്കുന്ന ഒരു ‘ആഭാസനാടക’ത്തിലേക്ക്‌ എത്തുമ്പോൾ കേരളത്തെത്തന്നെ അവഹേളിക്കുകയായിരുന്നു. നായനാരുടെ ‘ആത്മാവിനെ’ രക്ഷിച്ചെടുത്ത ആ അമ്മയും മക്കളും അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ അപഹസിക്കുകയായിരുന്നു.

എന്തുകൊണ്ടാണിങ്ങനെ? ഭൗതികവാദിയെന്നും കമ്മ്യൂണിസ്‌റ്റെന്നുമൊക്കെ ഘോഷിക്കുന്നവർ ഭൂരിപക്ഷവും അതിനെ സ്വന്തം വീടുകളിൽനിന്ന്‌ ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. യാതനകളുടെ കഥകൾ പറയുമ്പോഴും സ്വന്തം മക്കളെ എൻജിനീയറും എക്‌സിക്യൂട്ടീവും, വിദേശ ബിസിനസ്സുകാരുമൊക്കെയായി, രാഷ്‌ട്രീയമെന്ന ‘കൊളളരുതായ്‌മയിൽ’നിന്ന്‌ അകറ്റിനിർത്തുന്നു ബോധപൂർവ്വം. ഇരുപത്തെട്ടുകെട്ടൽ മുതൽ, ജാത്യാചാരവിവാഹവും, കിലോക്കണക്കിനു സ്വർണ്ണം സ്‌ത്രീധനവുമൊക്കെ വാങ്ങിക്കൂട്ടുമ്പോഴും, പ്രത്യയശാസ്‌ത്രം വിലങ്ങുതടിയാകുന്നില്ല- അവർ പാർട്ടി മെമ്പറല്ല; വ്യക്തിസ്വാതന്ത്ര്യമുളളവരാണ്‌. ഇതിനെ വിമർശിക്കുന്നവരോ, അവർ കേവലവാദികൾ, യാന്ത്രിക ഭൗതികവാദികൾ! അവർക്കു വർഗ്ഗബോധമില്ല! ഈയെമ്മസ്സിന്റെ ചാരത്തിനു പിന്നാലെ നായനാരുടെ ചാരവും പുണ്യതീർത്ഥം തേടിപ്പോകുന്നതു ഈ പശ്ചാത്തലത്തിലാണ്‌.

വിപ്ലവം വീട്ടിൽനിന്നാരംഭിക്കണമെന്നു പറഞ്ഞ വി.ടി ഒരുപക്ഷേ കേവലവാദിയായിരിക്കാം. പക്ഷെ ഇഹലോകത്തിൽ സ്വർഗ്ഗം പണിയാൻ ശ്രമിച്ച വിപ്ലവകാരികൾക്കു ലഭിച്ചത്‌ തെമ്മാടിക്കുഴികളായിരുന്നു. വിമർശനവും സ്വയം വിമർശനവും പടിയിറങ്ങിപ്പോയ വിപ്ലവപ്രസ്ഥാനങ്ങളുടെ, വർഗ്ഗബോധത്തെ, വർഗ്ഗസഹകരണമാക്കിയവരുടെ മരണംപോലും രക്തസാക്ഷികളെ ആക്ഷേപിക്കുംവിധമായിപ്പോകുമ്പോൾ ആര്‌ ആരോടാണ്‌ പഴിപറയുക?

Generated from archived content: essay7_sep2.html Author: rajagopal_vakathanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English