ഷോപ്പിംഗ്‌

വിൻഡോഷോപ്പിംഗ്‌ എന്നത്‌ പുതിയ കാലഘട്ടത്തിലെ ഒരുതരം കലയാണ്‌. ഷോറൂമിന്റെ കണ്ണാടിവാതിലിനിപ്പുറത്തുനിന്ന്‌ ഉല്‌പന്നങ്ങൾ നോക്കി കണ്ണിനും മനസ്സിനും മാത്രം സുഖിക്കുന്ന തരത്തിൽ, കീശയുടെ വലിപ്പം കുറയാത്തതരത്തിൽ നോക്കി നുണയുന്ന രീതി.

വാങ്ങേണ്ടതില്ല. കണ്ടുസുഖിക്കുക. നിരാസക്തി ഒരു ഉപായമാക്കി രക്ഷപ്പെടുക. അങ്ങനെ ഒരു മൊബൈൽഫോൺ വാങ്ങാതെ വാങ്ങാനാണ്‌ അയാൾ വിൻഡോഷോപ്പിംഗ്‌ നടത്തിയത്‌.

ഫോണിന്റെ ആകർഷകത്വങ്ങൾ നോക്കിനിന്ന അയാൾ അറിയാതെ ആ ഷോറൂമിനുളളിലെത്തി. സെയിൽസ്‌മാൻ പുതിയ മോഡൽ അയാളെ കാണിച്ചു.

“നോക്കിയാട്ടെ ഈ ‘നോക്കിയാ’ മോഡൽ.” അയാൾക്ക്‌ വില്‌പനക്കാരന്റെ പ്രാസം ഇഷ്‌ടപ്പെട്ടു.

മാജിക്കുകാരൻ പ്രേക്ഷകരെ നോക്കി സ്ഥിരംപറയുന്ന ശൈലി അയാൾക്കോർമ്മവന്നു. “ഞാൻ നിങ്ങളെ ഇപ്പോളൊരു തീപ്പെട്ടിയെ പരിചയപ്പെടുത്താം. കർചീഫിനെ പരിചയപ്പെടുത്താം.”

വില്‌പനക്കാരൻ പുതിയ പുതിയ മോഡലുകളെ പരിചയപ്പെടുത്തി. തീപ്പെട്ടിയെയോ കർചീഫിനെയോപോലെ ഉപയോഗിച്ച്‌ പരിചിതമായ വസ്‌തുക്കൾ അല്ലാത്തതിനാൽ അയാൾക്ക്‌ ഇതും മാജിക്കുപോലെ കൗതുകം തോന്നി.

റിംഗ്‌ടോണുകൾ പ്രത്യേക നമ്പറുകളിലേക്ക്‌ അസൈൻ ചെയ്യുന്ന വിദ്യയാണ്‌ അയാൾക്കേറെ ഇഷ്‌ടപ്പെട്ടത്‌. ചങ്ങാതി വിളിക്കുമ്പോൾ ഒരു റിംഗ്‌ടോൺ, ഭാര്യ വിളിക്കുമ്പോൾ, ബോസ്‌ വിളിക്കുമ്പോൾ ഓരോരോ ടോൺ.

‘ചെപ്പുകിലുക്കണ ചങ്ങാതി, നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലേ…’ ഈ ട്യൂൺ സെയിൽസ്‌മാൻ കേൾപ്പിച്ചു. തന്റെ അടുത്ത സുഹൃത്തിന്റെ വിളിക്കായി ആ ടോൺ അയാൾ റിസർവ്‌ ചെയ്‌തു മനസ്സിൽ. ‘ഉമ്മ തരാം രാക്ഷസി’യോ ‘ലജ്ജാവതിയേ…’യോ ഏതു ഭാര്യയുടെ വിളിക്കുവേണ്ടി മാറ്റിവയ്‌ക്കമെന്ന്‌ അയാൾക്ക്‌ കൺഫ്യൂഷനായി.

ഇത്‌ വാങ്ങിയാൽ കമ്പനിയുടെ അൺറിയലസ്‌റ്റിക്‌ ടാർജറ്റ്‌ തരുന്ന തന്റെ ബോസിന്‌ തന്നെ ട്രാക്കുചെയ്യുവാൻ എളുപ്പമാകുമെന്ന്‌ കരുതിയാണല്ലോ ഇത്‌ ഇതുവരെ വാങ്ങാതിരുന്നത്‌. ആ അദൃശ്യ ചങ്ങലയുടെ ഒരറ്റം സ്വന്തം കൈയിൽ കെട്ടി നടക്കുന്ന ‘ബന്ധനസ്ഥനായ അനിരുദ്ധനാകാൻ’ അയാൾക്ക്‌ ഇപ്പോൾ ആഗ്രഹം വരുന്നു.

അയാൾ സെയിൽസ്‌മാനോട്‌ ചോദിച്ചുഃ

“കരിമൂർഖൻ ചീറ്റുന്ന ശബ്‌ദം റിംഗ്‌ടോണായി കിട്ടുമോ?”

തന്റെ ബോസിന്റെ വിളിക്കും ശകാരത്തിനും മുന്നോടിയായി ആ ശബ്‌ദം വന്നാൽ ഒരു തയ്യാറെടുപ്പോടെ എത്രയോ കാരണങ്ങൾ പറഞ്ഞ്‌ രക്ഷപ്പെടുവാൻ ഈ ടെക്‌നോളജി തന്നെ സഹായിക്കുമെന്ന്‌ അയാൾ വൃഥാ കണക്കുകൂട്ടി.

“നോക്കിയാട്ടെ സാർ ഈ ‘നോക്കിയാ’ ഫോണിന്റെ പ്രകടനം?” സെയിൽസ്‌മാന്റെ ശബ്‌ദം വീണ്ടും.

അയാൾക്ക്‌ ഇൻഫർമേഷൻടെക്‌നോളജിയോട്‌ സ്‌നേഹാദരങ്ങൾ അപ്പോൾ കൂടിവരികയായിരുന്നു.

Generated from archived content: story6_aug13_05.html Author: r_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English