ജോലികഴിഞ്ഞ് വൈകുന്നേരം അയാൾ വീട്ടിലേക്കുളള യാത്രയിലാണ്. കൈയിലെ ബിഗ്‌ഷോപ്പറിൽ കുറെയേറെ സാധനങ്ങൾ കുത്തിനിറച്ചിരിക്കുന്നു. ഒരുഡസനോളം ഉജാലക്കുപ്പികൾ. പത്തുപതിനഞ്ചുമുഴത്തോളം നീളമുളള മുല്ലപ്പൂമാലക്കെട്ട് രണ്ടെണ്ണം. രണ്ടുഡസനോളം കോഴിമുട്ടകൾ അടങ്ങിയ പ്ലാസ്‌റ്റിക് ഹോൾഡർ, പെർഫ്യൂംകുപ്പികൾ അടങ്ങിയ പായ്‌ക്ക്. മുല്ലപ്പൂവും മുട്ടയും ഉജാലയും അന്യോന്യം ചേരാതെ നിങ്ങളുടെ ചിന്തയിൽ ഇപ്പോൾ സംശയം കൂടുന്നുണ്ട്. ബിഗ്‌ഷോപ്പറിന്റെ അടിയിലേക്കു നോക്കൂ. സ്‌റ്റോൺലെസ് റൈസിന്റെ പത്തുകിലോചാക്ക് ഒരെണ്ണം കണ്ടു അല്ലേ? മാർജിൻഫ്രീ മാർക്കറ്റിൽനിന്നും വാങ്ങിയ സാധനങ്ങളാവണം സഞ്ചിയിലെന്ന് നിങ്ങൾക്ക് തീർച്ചയായി. കല്ലില്ലാത്ത അരി എന്നു വായിച്ചപ്പോൾ നിങ്ങളുടെ ചിന്തയിൽ കഴിഞ്ഞ തവണയും കല്ലുളള അരി വേണോ, കല്ലില്ലാത്ത അരി വേണോ എന്ന് കടയുടമസ്ഥൻ ‘യുവർ ചോയ്‌സ്’ ചോദിച്ച സംഭവം ഓർമ്മവന്നുകാണും. നെല്ലുകുത്തിയാൽ കിട്ടുന്ന അരിയിൽ കല്ലുവാരിയിട്ടാലല്ലേ കല്ലുളള അരി വില്‌ക്കാനാകൂ എന്ന സംശയം ന്യായമായും ചോദിക്കുവാൻ നിങ്ങളുടെ ആധുനിക സാമൂഹ്യപ്രതിബദ്ധത അനുവദിച്ചില്ലല്ലോ ഇതുവരെ. അരിച്ചാക്കും ഉജാലയും പെർഫ്യൂമും സഞ്ചിയിൽ കണ്ട നിങ്ങൾ അശ്വമേധക്കാരനെപ്പോലെ മറ്റൊന്ന് ഊഹിച്ചിട്ടുണ്ടാവും. വഴിയിൽ മൈക്രോഫോണും ക്യാമറയുമായി എതിരെ വന്നവർ ചോദിച്ച കുസൃതിചോദ്യത്തിന് ഉത്തരം പറഞ്ഞവകയിൽ കിട്ടിയ ബന്ധമില്ലാത്ത സമ്മാനസാമാനങ്ങളാണ് അവയെന്ന്. എന്നാൽ അയാളുടെ ജോലിസ്ഥലത്തെക്കുറിച്ച് കൂടുതലറിയുമ്പോൾ നിങ്ങളുടെ സംശയം ഒരേയൊരു സംഗതിയിൽ മാത്രമൊതുങ്ങുമെന്ന് തീർച്ചയാണ്. വാളയാർ സെയിൽടാക്‌സ് ചെക്കുപോസ്‌റ്റിലെ ലാസ്‌റ്റ് ഗ്രേഡ് സെർവന്റാണ് അയാളെന്നറിയുമ്പോൾ നിങ്ങളുടെ ചിന്തയിൽ ഇപ്പോൾ ബിഗ്‌ഷോപ്പറിലെ സാധനങ്ങൾ കയറ്റിയ ലോറികൾ മാത്രമല്ല ഉളളത്. അയാളുടെ കീശയുടെ അന്നത്തെ വികാസവും കൂടിയുണ്ടാകും. പക്ഷെ നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് അല്ലെങ്കിലും ഒന്നും ചെയ്യാനാവില്ലല്ലോ.
Generated from archived content: story13_sep2.html Author: r_radhakrishnan