നദീജലസമ്പത്ത്‌ സംരക്ഷിക്കാൻ രാഷ്‌ട്രീയ ഇച്ഛാശക്തി അനിവാര്യം

കിഴക്കോട്ട്‌ ഒഴുകുന്ന മൂന്ന്‌ നദികൾ അടക്കം നാല്‌പത്തിനാല്‌ നദികൾകൊണ്ട്‌ സമൃദ്ധമാണ്‌ കേരളം. വർഷത്തിൽ 120 ഇഞ്ച്‌ മഴ ലഭിക്കുന്ന കേരളം ജലഉപഭോഗത്തിന്റെ കാര്യത്തിൽ വരൾച്ചാസംസ്ഥാനമായ രാജസ്ഥാനേക്കാൾ പിന്നിലാണ്‌. ദേശീയ തലത്തിൽ കണക്കാക്കപ്പെടുന്ന വൻനദികൾ ഒന്നും നമുക്കില്ല. നാല്‌ ചെറുകിട നദികൾ മാത്രമാണ്‌ നമ്മുടെ ‘വലിയ സമ്പത്ത്‌.’ ഭാരതപ്പുഴ, പെരിയാർ, ചാലിയാർ, പമ്പ എന്നിവയാണവ. കാവേരി നദിയിലെ 750 ടി.എം.സി ജലത്തിൽ 127 ടി.എം.സി ജലം കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. ഇതു സംബന്ധിച്ച്‌ കേരളത്തിന്‌ തമിഴ്‌നാടും കർണ്ണാടകവുമായി തർക്കം നിലവിലുണ്ട്‌. 1886ൽ രൂപംകൊണ്ട പെരിയാൽ പാട്ടക്കരാർ ഇന്ന്‌ വിവാദങ്ങളുടെ വിളഭൂമിയാണ്‌. അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയിൽനിന്നും 152 അടിയിലേക്ക്‌ ഉയർത്തണമെന്ന്‌ തമിഴ്‌നാടും, ഡാമിന്റെ സുരക്ഷയെക്കരുതി ജലനിരപ്പ്‌ ഉയർത്തുന്നത്‌ അപകടം ചെയ്യുമെന്ന്‌ കേരളവും വാദിച്ചു വരുന്നു. 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്സും മദ്രാസ്‌ മുഖ്യമന്ത്രി കാമരാജും തമ്മിൽ ഏർപ്പെട്ട പ്രഥമിക കരാറാണ്‌ 1970ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1954 മുതൽ മുൻകാല പ്രാബല്യം നൽകി ഉണ്ടാക്കിയ പറമ്പിക്കുളം അലിയാർ കരാറും, മുല്ലപ്പെരിയാർ കരാറും. കോയമ്പത്തൂർക്ക്‌ കുടിവെളളം കൊടുക്കുന്ന ശീർവാണിപ്പിഴയിലെ ജലം തമിഴ്‌നാട്‌ ‘ബിസ്സിലേറിയായി’ കുപ്പിയിലാക്കിവിറ്റ്‌ കാശാക്കുകയാണ്‌. നെയ്യാർഡാമിലെ ജലം കരാറൊന്നുമില്ലാതെതന്നെ തമിഴ്‌നാടിന്‌ കേരളം നല്‌കുന്നുമുണ്ട്‌.

ചാലിയാറിന്റെ പ്രഭവസ്ഥാനങ്ങളിൽ പാണ്ടിപ്പുഴയുടെയും പുന്നപ്പുഴയുടെയും കൈവഴികളിൽനിന്നും പമ്പ, അച്ചൻകോവിൽ നദികളുടെ ഉത്ഭവസ്ഥാനങ്ങളിൽനിന്നും ജലം വിദഗ്‌ദ്ധമായി കവർന്നെടുക്കുകയെന്ന തന്ത്രപരമായ സമീപനം തമിഴ്‌നാട്‌ തുടരുകയാണ്‌. ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ വൈപ്പാർ ലിങ്ക്‌ പ്രോജക്‌ട്‌. കുട്ടനാട്‌ അടക്കമുളള പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഇടയുളള ഒന്നാണ്‌ ഈ പ്രോജക്‌ട്‌. തമിഴ്‌നാട്‌ നദീജലപ്രശ്‌നത്തിൽ കാണിക്കുന്ന പ്രത്യേക താല്‌പര്യം പ്രശംസനീയമാണ്‌. ഉയർന്ന രാഷ്‌ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചുകൊണ്ട്‌ മാത്രമേ കേരളത്തിന്‌ നദീജലം സംരക്ഷിക്കുവാൻ കഴിയൂ. അതിനായി കക്ഷിരാഷ്‌ട്രീയത്തിന്റെ മാറാലകൾ മാറ്റി വയ്‌ക്കുവാനും ഒരേ സ്വരത്തിൽ പോരാടുവാനും ഓരോ മലയാളിക്കും കടമയുണ്ട്‌.

Generated from archived content: sept_essay6.html Author: pt_thomas_mla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here