അധാർമ്മികതയിലേക്കുനീളുന്ന വിദ്യാഭ്യാസ വ്യവസ്ഥിതികൾ

കേരളം പണ്ട്‌ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുമ്പിലായിരുന്നു-വിദ്യ, വൈദ്യം, കൃഷി, വ്യവസായം, റോഡുകൾ-ഇങ്ങനെ പലതിലും. ഇന്ന്‌ കേരളം പിന്നോക്ക സംസ്ഥാനമായി മാറിക്കഴിഞ്ഞു. മുപ്പത്തഞ്ചുവർഷങ്ങൾക്കുമുമ്പ്‌ വിദ്യാഭ്യാസത്തിൽ ഏറ്റവും മുമ്പിൽനിന്ന കേരളത്തിന്‌ ഇന്ന്‌ ഇരുപത്തിമൂന്നാമത്‌ സ്ഥാനം. നാം പുച്ഛിച്ചുതളളുന്ന ബീഹാറിന്റെ സ്ഥാനം 18. ആരോഗ്യത്തിലും നാം പിന്തളളപ്പെട്ടു. കാർഷിക നാണ്യവിളകളൊക്കെ നശിച്ചു. വ്യവസായശാലകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. എങ്കിലും നാം മൂന്നുകാര്യങ്ങളിൽ മുന്നിൽ. മദ്യപാനം, ആത്മഹത്യ, സ്‌ത്രീപീഡനം….. എസ്‌.എസ്‌.എൽ.സി പരീക്ഷ വർഷങ്ങളായി വളരെ ഉത്തരവാദിത്വത്തോടെ നടന്നുവന്നു. ഇപ്പോൾ അതും തകർന്നു. വിദ്യാഭ്യാസത്തിലും കഴിവിലും അദ്ധ്വാനശേഷിയിലും ലോകത്തിൽ ഏറ്റവും കഴിവുറ്റ ജനത എങ്ങനെ അധഃപതിച്ചു? ധാർമ്മികമൂല്യങ്ങൾ എല്ലാ മേഖലകളിലും തകർന്നു. എങ്ങനെ? ഏറ്റവും വലിയ പ്രശ്‌നം നേതൃത്വദാരിദ്ര്യമാണ്‌. രാഷ്‌ട്രീയത്തിനും വ്യക്തിതാത്‌പര്യങ്ങൾക്കുംമീതെ രാജ്യതാല്‌പര്യം കാണുന്ന യോഗ്യരായ നേതാക്കൾ നമുക്കില്ല. ജനങ്ങളെ നന്മയിലേക്കു നയിക്കുന്നവരാണ്‌ നേതാവ്‌; അല്ലാതെ നേതൃസ്ഥാനത്തെത്തിയവരെല്ലാം നേതാക്കളാവില്ല.

വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതിയാണ്‌ ഏറ്റവും ഭയാനകം. ‘സൽഗുണങ്ങളോടുകൂടാത്ത അറിവ്‌ മാരകമാണ്‌’-ഗാന്ധിജി പറഞ്ഞു. അഡ്‌മിഷൻ മുതൽ ഡിഗ്രി കടക്കുന്നതുവരെ ധനമാണ്‌ സർവ്വാധിപതി. മെറിറ്റിനു സ്ഥാനമില്ല. കഴിവിനെ ആരും അംഗീകരിക്കുന്നില്ല. ‘വിദ്യ’ എന്നാൽ വിദ്‌-പ്രകാശം-നൽകുന്നത്‌ എന്നാണ്‌. പക്ഷെ ഇന്ന്‌ എങ്ങും കൂരിരുട്ട്‌. പാവപ്പെട്ടവനെ ഗൗനിക്കാതെ പണക്കാരനുമാത്രം സേവനം നൽകുന്ന ഡോക്‌ടറും, പൊളിയാറായ സ്‌കൂൾകെട്ടിടത്തിന്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ കൊടുക്കുന്ന എൻജീനിയറും, പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്ന അധ്യാപകനുമൊക്കെ നമുക്കുണ്ടായി. സ്വഭാവശുദ്ധിയില്ലാത്ത മനുഷ്യനെ നൂൽപൊട്ടിയ പട്ടത്തോടോ, വിലയില്ലാത്ത നാണയത്തോടോ ഉപമിക്കാം. അധ്യാപകൻ സമൂഹത്തിലെ ഏറ്റവും വിലപ്പെട്ട ‘വസ്‌തു’ ആണ്‌. “ഒരു ഡോക്‌ടർക്ക്‌ പറ്റുന്ന തെറ്റ്‌ ആറടിമണ്ണിൽ കുഴിച്ചുമൂടപ്പെടും. ഒരു വക്കീലിനു പറ്റുന്ന തെറ്റ്‌ ആറടി മുകളിൽ തൂങ്ങിനില്‌ക്കും. ഒരു അധ്യാപകനുപറ്റുന്ന തെറ്റ്‌ ആറുതലമുറകൾവരെ ഫലം അനുഭവിക്കപ്പെടും” എന്നാണ്‌ ഒരു മഹത്‌വചനം. ഒരു രാഷ്‌ട്രത്തിന്റെ പുരോഗതിയോ നാശമോ അധ്യാപകരാണു തീരുമാനിക്കുന്നത്‌. സ്വാതന്ത്ര്യം കിട്ടുമ്പോൾ പ്രധാനമന്ത്രിയാകുന്നതിനേക്കാൾ തനിക്കിഷ്‌ടം ഹൈസ്‌കൂൾ അധ്യാപകനാകാനാണെന്ന്‌ ലോകമാന്യതിലകൻ പറഞ്ഞു. അച്ചടക്കത്തെയും വിനയത്തെയും ആധുനികവിദ്യാഭ്യാസം അവഗണിക്കുന്നു. മൂല്യബോധമില്ലാത്ത ശാസ്‌ത്രവും, കാപട്യംനിറഞ്ഞ കർമ്മവും, അനുഭവങ്ങളില്ലാത്ത വൈദുഷ്യവും, മനുഷ്യത്വമില്ലാത്ത മാനവികതയും, രാഗമില്ലാത്ത സംഗീതവും ചേതനയറ്റതാണ്‌. നാലും അഞ്ചും നിലകളുളള, കമ്പ്യൂട്ടറുകളും ടി.വികളും കുത്തിനിറച്ച മണിമാളികകൾ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ-ഉയർന്നുവരുന്നു. അതുകണ്ട്‌ വിദ്യാഭ്യാസം വളരുന്നു എന്നു കരുതുന്നത്‌ അസുഖംമൂലം കുഞ്ഞിന്റെ ദേഹത്ത്‌ നീരുവന്നപ്പോൾ അതുകണ്ട്‌ “എന്റെ കുട്ടൻ നല്ലവണ്ണം വളരുന്നു” എന്നുകരുതി സന്തോഷിച്ച പാവം അമ്മയെപ്പോലെയുളള വിഡ്‌ഢികളാണ്‌. മൂല്യമുളള വിദ്യാഭ്യാസത്തിനുമാത്രമേ സർവ്വധർമ്മ സമഭാവനയും മാനവികതയുമുളള സമൂഹത്തെ സൃഷ്‌ടിക്കാനാവൂ. കുട്ടിക്കാലം മുതൽ-നഴ്‌സറിക്ലാസ്സുമുതൽ-നാം മത്സരം പിഞ്ചുമനസ്സുകളിൽ കടത്തിവിടുന്നു. പഠിത്തത്തിൽ മാത്രമല്ല കലയിലും സ്‌പോർട്ട്‌സിലുമെല്ലാം തന്റെ മകൻ ഒന്നാംറാങ്കുകാരനാകണം. 98% മാർക്കുകിട്ടിയ മകളെ അമ്മ ശപിക്കുന്നുഃ “നീ നശിക്കുകയേ ഉളളൂ.” നഷ്‌ടപ്പെട്ട 2% കാണുന്നു, കിട്ടിയ 98% കാണുന്നില്ല. ആ അമ്മയ്‌ക്ക്‌ എസ്‌.എസ്‌.എൽ.സിയ്‌ക്ക്‌ മൂന്നു സർട്ടിഫിക്കറ്റ്‌ ബുക്കുകളുളള കാര്യം അവർ മറക്കുന്നു. ഈ നഷ്‌ടം നികത്താൻ ഏത്‌ കുത്സിതമാർഗ്ഗവും ചില രക്ഷാകർത്താക്കൾ തേടുന്നു. ജീവിതയാത്രയിലെ വഴിവിളക്കാകേണ്ട അധ്യാപകനും, അറിവിന്റെ അമൃതപാത്രം പകർന്നുകൊടുക്കേണ്ട അധ്യാപകനും ഇതിൽ പങ്കുചേരുന്നു. ഇതറിയാവുന്ന മകൻ പിന്നെ എന്തിനു പഠിക്കണം? “വിജയം, അതെങ്ങനെയും നേടണം” അതാണ്‌ ഇന്നത്തെ മുദ്രാവാക്യം. തുണ്ടുകളിൽ എഴുതി കോപ്പിയടിക്കുന്ന സമ്പ്രദായം പഴഞ്ചൻ. മൊബൈൽ ഫോണും ഫോട്ടോസ്‌റ്റാറ്റും പോലുളള ശാസ്‌ത്രസാങ്കേതികവിദ്യകൾ ഇവരുടെ സഹായത്തിനെത്തുന്നു. ഇതിനൊക്കെപ്പുറമെ ‘മാർക്കുദാനം’ വേറെ. കഷ്‌ടപ്പെട്ടു പഠിക്കുന്നവൻ പിറകിലേക്ക്‌ തളളപ്പെടുന്നു! വിജയം പരമപ്രധാനമാകുന്നിടത്ത്‌ സത്യസന്ധത ദൂരെയെറിയപ്പെടുന്നു. മൂല്യങ്ങളെല്ലാംതന്നെ പിൻതളളപ്പെടുന്നു. പരീക്ഷയിൽ മാത്രമല്ല, ജോലിസമ്പാദത്തിലും ജീവിതത്തിലെ മറ്റെല്ലാരംഗങ്ങളിലും ധനം സർവ്വപ്രധാനമാകുന്നു. നഴ്‌സറിക്കാലത്തുതന്നെ മത്സരവിഷം കുത്തിവയ്‌ക്കപ്പെട്ട യുവാവ്‌ നന്മതീണ്ടാത്ത വിഷച്ചെടിയായി വളരുന്നു. സമൂഹത്തിൽ ഇരുൾ പരക്കുന്നു.

ബഹിരാകാശരഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിൽ മനുഷ്യൻ വിജയിച്ചു. എന്നാൽ മനുഷ്യഹൃദയാകാശത്തെ അറിയുവാൻ അവന്‌ കഴിഞ്ഞില്ല. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളുടെ ആഴം അവനറിയാം. എന്നാൽ തൊട്ടയൽവക്കത്തുളളയാളിന്റെ ദുഃഖത്തിന്റെ ആഴം അവനറിയില്ല. മനുഷ്യന്‌ ഒരിക്കലും വെളളത്തിലൊഴിച്ച എണ്ണത്തുളളിപോലെ വേറിട്ടുകഴിയാനാവില്ല. സമൂഹത്തിൽ ജീവിച്ച്‌ അതോടൊപ്പം വളർന്ന്‌ അതിനുവേണ്ടി പ്രയത്‌നിക്കുകയാണ്‌ മനുഷ്യന്റെ കർത്തവ്യം.

Generated from archived content: essay1_june_05.html Author: prof_krc_pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here