യുവത്വവും സാമൂഹ്യപുരോഗതിയും

യുവത്വം മനസ്സിന്റെ ഗുണമാണ്‌, ശരീരത്തിന്റേതല്ല എന്ന്‌ പ്രൊഫ.ജി.വെങ്കിട്ടരാമൻ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. യൗവനം പ്രായത്തിന്റെ പരിധിയിലൊതുങ്ങുന്നില്ല. ഏതു പ്രായത്തിലും, കാലത്തിലൂടെ ശരീരം എത്ര മുമ്പോട്ടുപോയാലും യൗവനം നിലനിർത്താൻ കഴിയും. ചെറുപ്പക്കാരിൽ പലരും യൗവനത്തിന്റെ ചൈതന്യം നിലനിർത്തുന്നില്ല. അറുപതുകഴിഞ്ഞ ചിലരെങ്കിലും യൗവന സഹജമായ ഗുണങ്ങൾ വിദ്യോതിപ്പിക്കുന്നതായും കാണാം. 79-​‍ാമത്തെ വയസ്സിൽ വധിക്കപ്പെട്ട മഹാത്മാഗാന്ധി ജീവിതാന്ത്യംവരെ യൗവനത്തിന്റെ പ്രസരിപ്പ്‌ പ്രകടിപ്പിച്ചുപോന്നു. തന്നെ മുട്ടിക്കടന്നുപോയ ഓരോ നിമിഷത്തെയും കർമ്മവീര്യംകൊണ്ട്‌ പരിപുഷ്‌ടമാക്കിയാണ്‌ അദ്ദേഹം പറഞ്ഞുവിട്ടിട്ടുളളത്‌.

ഏതൊരു വ്യക്തിക്കും ഏതു പ്രായപരിധിയിലും യൗവനത്തിന്റെ ലക്ഷണങ്ങൾ വെച്ചു പുലർത്തുവാൻ കഴിയും. ഒരു ലക്ഷണം ‘ഉത്സാഹ’മാണ്‌. ഉത്സാഹത്തോടെവേണം ഏതു കർമ്മവും ചെയ്യാൻ. എനിക്കിതു ചെയ്യേണ്ടിവന്നല്ലോ ഈ ജോലി എന്നിൽ അടിച്ചേൽപ്പിക്കപ്പെട്ടുവല്ലോ എന്നു ചിന്തിച്ച്‌, അതിനോടു നീതിപുലർത്തുന്നില്ലെങ്കിൽ, അതുവഴി ഒരുവൻ സ്വയം ശിക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. അയാൾ യാന്ത്രികമായാണ്‌ നിയുക്തകർമ്മം അനുഷ്‌ഠിക്കുന്നത്‌. കർമ്മം ചെയ്‌തുതീർക്കുമ്പോൾ ലഭിക്കാവുന്ന ആനന്ദവും മറ്റു ഫലങ്ങളും അയാൾക്ക്‌ നിഷേധിക്കപ്പെടുന്നു. ഇന്നത്തെ പല ചെറുപ്പക്കാരും ഒന്നുകിൽ ഒരു ജോലിയും ചെയ്യാതെ അലയുന്നു; മസ്‌തിഷ്‌കത്തിൽ പിശാചിനെ കുടിയിരുത്തുന്നു. അല്ലെങ്കിൽ കിട്ടുന്ന ജോലിയോട്‌ ആത്മാർത്ഥത കാണിക്കുന്നില്ല. എങ്ങനെയെങ്കിലും യാന്ത്രികമായി അതു ചെയ്‌തെന്നു വരുത്തിക്കൂട്ടുന്നു. ഉത്സാഹിയായ പുരുഷസിംഹത്തെയാണ്‌ ഈശ്വരൻ അനുഗ്രഹിക്കുന്നത്‌. ഇക്കാലത്ത്‌ ഒരുവന്‌ ഇഷ്‌ടമുളള കർമ്മം ചെയ്യാൻ സാധിച്ചുവെന്ന്‌ വരികയില്ല. കിട്ടിയത്‌ ഇഷ്‌ടപ്പെടുകയാണ്‌ വേണ്ടത്‌. ഏതു കർമ്മം ചെയ്യേണ്ടിവന്നാലും ഉത്സാഹപൂർവ്വം അതു ചെയ്യണം. ആത്മസംതൃപതിയിലേക്കു നയിക്കും അത്‌. യുവത്വത്തിന്റെ മറ്റൊരു ലക്ഷണം ‘സാഹസികത’യാണ്‌. ചിലരുണ്ട്‌ നൂറുശതമാനം സുരക്ഷിതമെന്നുറപ്പുളള ജോലിയെ ചെയ്യൂ. അപകടസാധ്യതയുളള ഒരു രംഗത്തേക്കും എത്തിനോക്കുകയില്ല. മനുഷ്യരെല്ലാം ഇത്തരക്കാരായിരുന്നുവെങ്കിൽ ലോകത്തിന്‌ ഒരു പുരോഗതിയും ഉണ്ടാകുമായിരുന്നില്ല. ഒരു കണ്ടുപിടുത്തവും നടക്കുമായിരുന്നില്ല. മനുഷ്യനെ ഇന്നത്തെ അവസ്ഥയിലേക്കുയർത്തിയത്‌ അവന്റെ സാഹസികതയാണ്‌. വീഴുമെന്ന്‌ പേടിച്ചുനില്‌ക്കുന്നവൻ ഒരുക്കലും സൈക്കിൾ പഠിക്കുകയില്ല. മുങ്ങിപ്പോകുമെന്ന്‌ ഭയമുളളവൻ നീന്തൽ ശീലിക്കുകയില്ല. യൗവനസഹജമായ സാഹസികതകൊണ്ടാണ്‌ പല നേട്ടങ്ങളും മനുഷ്യൻ നേടിയിട്ടുളളത്‌. ഉറച്ച ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുളളവർ സാഹസികമെന്ന്‌ പറയാവുന്ന പല നിയോഗങ്ങളും ഏറ്റെടുക്കും. ഏതു പ്രായത്തിലും ഈ സാഹസികത നിലനിർത്താം.

ഇന്നത്തെ യുവാക്കളിൽ സാഹസികത ഇല്ലെന്നു പറയുന്നില്ല. അതു മനുഷ്യത്വരഹിതമായ ക്രൂരകർമ്മങ്ങൾക്കും അപഹരണത്തിനും ഉപയുക്തമാക്കുന്നു. സാഹസികത സമൂഹത്തിന്റെ പുരോഗതിക്കുതകുമാറ്‌ പ്രയോഗിക്കലാണ്‌ അഭികാമ്യം. യുവത്വത്തിന്റെ മറ്റൊരു ലക്ഷണം തെളിഞ്ഞ ബുദ്ധിയാണ്‌. സത്യമെന്തെന്നു കണ്ടെത്താനാണ്‌ ബുദ്ധി ഉപയോഗിക്കേണ്ടത്‌; പിന്നെ സേവനപരമായ കാര്യങ്ങൾക്കും. ബുദ്ധിയോടൊപ്പം ‘ശക്തി’യും നിലനിർത്തണം. ഒരു വിപത്തിന്റെ മുമ്പിലും യുവത്വമുളളവർ വിവശനാകരുത്‌. സ്വന്തം ശക്തിയിൽ അയാൾക്ക്‌ വിശ്വാസമുണ്ടാവണം.

ധൈര്യവും പരാക്രമവുമാണ്‌ മറ്റു രണ്ട്‌ യുവത്വലക്ഷണങ്ങൾ. ധൈര്യം മനസ്സിന്റെ ഉറപ്പാണ്‌. അസാധാരണധൈര്യം അനിവാര്യമാകുന്ന ഒരു കാലമാണിന്നു നിലനില്‌ക്കുന്നത്‌. അരക്ഷിതവും സംഘർഷാത്മകവുമാണ്‌ ഇന്നത്തെ സമൂഹം. ഇവിടെ നിലനില്‌ക്കാൻ കഴിയണമെങ്കിൽ ഓരോ വ്യക്തിയും ധീരനായിരിക്കണം. ധൈര്യത്തോടൊപ്പം പരാക്രമവും കിട്ടിയേതീരൂ. സാമൂഹിക തിന്മകൾക്കും സേച്ഛാവൃത്തികൾക്കും എതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കേണ്ടിവരും. ഇതാണു പരാക്രമം. മറ്റുളളവരെ നിന്ദിക്കാനും വീഴ്‌ത്താനുമാണ്‌ ഇന്നു ചെറുപ്പക്കാർ പരാക്രമം കാണിക്കുന്നത്‌. ഈ സ്ഥിതി മാറണം. സമൂഹനീതിയും നന്മയും നടമാടാൻവേണ്ടി ഉപയുക്തമാക്കേണ്ടതാണ്‌ പരാക്രമം.

യുവത്വത്തിന്റെ ഈ ഗുണങ്ങൾ നിലനിർത്തുന്നവരെല്ലാം അവരുടെ പ്രായം എന്തായാലും യുവാക്കന്മാരാണ്‌; തീർച്ച.

Generated from archived content: essay9_sep2.html Author: prof_cherukunnam_purushothaman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here