ദി റിച്ച്‌, ദി പവർഫുൾ, ദി ബ്യൂട്ടിഫുൾ

കോരിത്തരിപ്പിക്കുന്ന സംജ്ഞകൾ-ആനുകാലിക ഇൻഡ്യൻ രാഷ്‌ട്രീയത്തിന്റെ ഞരമ്പുകളിൽ അതിവേഗം സ്ഥാപിതവല്‌ക്കരിക്കപ്പെടുന്ന അടിസ്ഥാന യോഗ്യതകൾ. ഗുജറാത്തിലെ ഗർഭിണിയായ മുസ്ലീം സ്‌ത്രീയുടെ വയർ പിളർന്ന്‌ ത്രിശൂൽ ദീക്ഷ നടത്തിയ അതേ രാഷ്‌ട്രീയത്തിൽ ‘തിളങ്ങി’ നില്‌ക്കുന്ന ഇൻഡ്യയുടെ പുത്തൻ പാർലമെന്റേറിയൻ പ്രതിച്ഛായ കൂടിയാണിത്‌. അജണ്ടകൾ മാറി ‘ഹിജൻ അജണ്ട’കളായപ്പോൾ പ്രവർത്തനം മാറി ‘കാഴ്‌ചകളായി’. ബി.ജെ.പിയും കോൺഗ്രസും തിരഞ്ഞെടുപ്പുമത്സരം തുടങ്ങിയതുതന്നെ സിനിമാതാരങ്ങളെ പാർട്ടിയിൽ ചേർത്തുകൊണ്ടാണ്‌. ബോളിവുഡിന്റെ മാസ്‌മരികതയിൽനിന്ന്‌ പാർട്ടി ഓഫീസിലേക്ക്‌ പറന്നിറങ്ങുന്ന നടീനടന്മാരെ പാർട്ടിയിലെ പ്രാഥമികാഗംത്വം നൽകി സ്വീകരിക്കാൻ ബി.ജെ.പി പ്രസിഡന്റും കോൺഗ്രസ്‌ പ്രസിഡന്റും മട്ടുപ്പാവിൽ പത്രക്കാരുമായി കാത്തിരിക്കുന്നു. മുമ്പ്‌ തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങിയിരുന്ന ഈ രീതി ഇന്ന്‌ ഒരുളുപ്പും കൂടാതെ ഇന്ത്യയൊട്ടുക്ക്‌ പരീക്ഷിക്കപ്പെടുന്നു!

“പഴയ ഖദറുടുപ്പുകാരനെ പുറംകാൽ കൊണ്ട്‌ തട്ടിയെറിഞ്ഞ ദില്ലി, ബ്ലൂചിപ്പിന്റെയും മൈക്രോചിപ്പിന്റെയും ദില്ലി” ആവേശത്തളളലിൽ പറഞ്ഞുതീർത്തു മറന്ന ഈ സിനിമാവാചകം അതേ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു ഇന്ദ്രപ്രസ്ഥം. ഇവിടുത്തെ രാഷ്‌ട്രീയത്തിലെ പിച്ചവെപ്പിന്റെ തട്ടകമായ ഡൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾ സിനിമാക്കാരെപ്പോലും വെല്ലുന്ന ‘സുന്ദരന്മാരും സുന്ദരികളു’മായിരുന്നു. ദർശനസുഖം നൽകി വോട്ടുപിടിക്കുന്ന രീതി വിജയിച്ചു. അതിസുന്ദരി വിജയിയായി. കഴിയും പ്രവർത്തനവുമല്ല ‘ഏച്ചുകെട്ടലിലും പണക്കൊഴുപ്പിലുമാണ്‌’ ജനം ഇന്ന്‌ നേതാക്കളെപ്പോലും തിരിച്ചറിയുന്നത്‌.

ഇവയൊല്ലാം പറഞ്ഞുവെക്കുന്നത്‌ ഒരർത്ഥത്തിൽ അപകടകരമായ ഒരു യാഥാർത്ഥ്യത്തെയാണ്‌. രാഷ്‌ട്രീയവും രാഷ്‌ട്രീയക്കാരും ജനങ്ങളുടെ മനസ്സിൽ നിന്ന്‌ അകന്നിരിക്കുന്നു. തങ്ങളിലേക്ക്‌ ഒതുങ്ങാൻ വ്യഗ്രത കാണിക്കുന്ന ഒരു ഉപഭോഗസമൂഹം വളരെവേഗം ഉരുത്തിരിഞ്ഞുവരുന്നുണ്ട്‌. ഈയവസരത്തിൽ രാഷ്‌ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ ആൾക്കൂട്ടങ്ങൾ കുറവായിരിക്കും. ഇതിനെ താത്‌ക്കാലികമായെങ്കിലും പുറത്തു കാട്ടാതിരിക്കാനാണ്‌ ലക്ഷങ്ങൾ മുടക്കി ഓരോ പാർട്ടിയും സിനിമാ സീരിയൽ നടീനടന്മാരെ രംഗത്തിറക്കുന്നത്‌. അവർ കൂടെക്കൊണ്ടുവരുന്ന ആൾക്കൂട്ടങ്ങളാണ്‌ യഥാർത്ഥലക്ഷ്യം. ഇലക്ഷൻ പ്രവർത്തനത്തിലും ഇപ്രാവശ്യം വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. വോട്ടർപട്ടികയുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന പ്രാദേശിക പ്രവർത്തകരെ ഒഴിവാക്കി പണം കൊടുത്ത്‌ പ്രൊഫഷണലുകളെ അതിലേക്ക്‌ മുഖ്യപാർട്ടികൾ നിയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്‌.

മൗലികമായ മാറ്റങ്ങൾ സ്വന്തം ജീവിതത്തിൽ സംഭവിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ കാഴ്‌ചപ്പാടുകൾ അതിവേഗം മാറുന്നുണ്ട്‌. എല്ലാത്തിലും ഒരു പ്രൊഫഷണൽ എക്‌സിക്യൂട്ടീവ്‌ ‘ടച്ച്‌’ കണ്ടാൽ അവന്റെ വിശപ്പടങ്ങും. അഥവാ അത്തരമൊരവസ്ഥയിലേക്ക്‌ ഈ നാട്ടിലെ ദരിദ്രനാരായണന്മാരെപ്പോലും കൊണ്ടുചെന്നെത്തിക്കുവാനുളള വക്രബുദ്ധി ഇന്നത്തെ രാഷ്‌ട്രീയക്കാരൻ വിജയകരമായി പ്രയോഗിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ജനത്തിന്‌ പതിവുകാഴ്‌ചകൾവിട്ട്‌ ‘ദർശനസുഖ’ വാഗ്‌ദാനവുമായി നടിമാർ രാഷ്‌ട്രീയ ഗോദയിലെത്തിയത്‌. പണക്കൊഴുപ്പും അധികാരവും സൗന്ദര്യവും മോസ്‌റ്റ്‌ സാസ്‌ജാക്കുന്ന പോസ്‌റ്റ്‌മോഡേൺ ജനസേവകവൃന്ദം നെഞ്ചിലേറ്റുന്നതാകട്ടെ മതമൗലികവാദങ്ങളും. എല്ലാം കൂട്ടിക്കുഴച്ച്‌ നാട്ടാരെക്കൊണ്ടവൻ തീറ്റിക്കുന്നു.

ദിവ്യത്വം ലഭിച്ച നിരവധി മനുഷ്യദൈവങ്ങളുടെ ഈ വിഹാരഭൂമിയിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ച യുവതലമുറപോലും തലച്ചോർ പണയപ്പെടുത്തി ചിന്ത തിരിച്ചുവിടുന്നത്‌ വിഘടനവാദ വികസനസൂക്തങ്ങളിലാണ്‌.

ദേശീയ വളർച്ചാസൂചികയുടെ കയറ്റം അളന്ന്‌ ആശ്വാസം തരുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞനും അണുബോംബിന്റെ ഫോർമുല ദരിദ്ര ഇൻഡ്യയ്‌ക്കു സമ്മാനിച്ച മഹാരഥന്മാരും ചേർന്ന്‌ ഉണ്ടാക്കിത്തന്ന ഈ പുത്തൻ ദേശീയത ഒരു ക്രിക്കറ്റ്‌ വിജയത്തിനുമപ്പുറം മാനവസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും വലിയ ക്യാൻവാസിൽ എത്താതിരിക്കാൻ രാഷ്‌ട്രീയക്കാരൻ വേണ്ടതെല്ലാം ചെയ്യുന്നു. അവനാവശ്യം പൊട്ടക്കിണറ്റിലെ തവളയെയാണ്‌. അധികാരവും പണവും ഉപയോഗിച്ചും നിലയ്‌ക്കു നിർത്തി ഇടയ്‌ക്ക്‌ നയനമനോഹര ‘കാഴ്‌ചകൾ’ കാട്ടി ആനന്ദിപ്പിച്ചും ഒപ്പം ദംഷ്ര്ടകൾ കാട്ടി വിറപ്പിച്ച്‌ ഒടുവിൽ ‘സ്‌റ്റേറ്റ്‌ സ്‌പോൺസേർഡ്‌’ വറചട്ടിയിലേയ്‌ക്കെടുക്കാൻ.

Generated from archived content: essay5_july.html Author: prethesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here