ശ്രീപാദം ഈശ്വരൻനമ്പൂതിരി
അന്തച്ഛിദ്രം
ഈ അന്തച്ഛിദ്രം കാൺകെ
ഗർഭച്ഛിദ്രമായിരു-
ന്നായതിൽ നന്നെന്നമ്മ
ചിന്തിക്കുന്നുണ്ടാം പക്ഷേ!
പി.കെ.ഗോപി
ജീവിതം
സൂര്യദിനങ്ങൾ വരുമെന്നു നിങ്ങളാ
ദൂരത്തിരുന്നു മൊഴിഞ്ഞ ദിനങ്ങളിൽ
ചോരയിൽ തൊട്ടുനടന്ന ജന്മങ്ങൾക്കു
ധീരസാക്ഷ്യം ചൊല്ലിവന്ന കവിതയിൽ
ഓർമ്മയിൽനിന്നുതെറിച്ച കനൽതൊട്ടു
ജീവിതം ജീവിതമെന്നെഴുതുന്നു ഞാൻ.
ഭാനു പാങ്ങോട്
സ്‌നേഹം
സ്‌നേഹത്തിൽ നിന്നുളള സ്‌നേഹം
ദ്വേഷമേ തീണ്ടാത്ത സ്‌നേഹം
സ്‌നേഹമോ ഭാവനയായാൽ
ദ്വേഷം ഫണംപൊക്കിയെത്തും.
രാജു പാമ്പാടി
കടം
കടമെന്റെ ജീവിതം
കൈ പിടിച്ചോർക്കും
കാത്തുനിന്നോർക്കും
കടമെന്റെ ജീവിതം
കൂട്ടുപിരിഞ്ഞോർക്കും
കൂട്ടം വിട്ടോർക്കും.
പി.പി.ജാനകിക്കുട്ടി
ഇലയ്‌ക്കു ഭയം
ഹരിതപത്രത്തെ
ഇളംകാറ്റുതൊട്ടു
കലിതുളളിയതുചൊല്ലി-
‘തൊടരുതിനിയെന്നെ’
നിന്റെയസ്ഥിരതയിലിളകി വീ-
ണേയ്‌ക്കുമീ എന്റെ ജന്മം.
ആർ.സീതാപതി
കവികളേ ഇതിലേ
ഇവിടെയൊരുക്കുന്നു നൂതന കാവ്യമേള
ഈരടി ചൊല്ലുവാനൊരുത്തമ വേദിതന്നെ
ഈവക മഹാഭാഗ്യമാരുമേ കളഞ്ഞീടാ
താവക കവനങ്ങളൊന്നുടൻ വന്നീടുക.
കെ.ആർ.ചെത്തല്ലൂർ
തഴമ്പ്
താതൻ
ആനക്കാരനല്ലെന്നാകിലും
മകന്റെ ചന്തിയിൽ തഴമ്പ്!
പെരുംതഴമ്പ്!
മുഴുത്തഴമ്പ്!
ഇൽയാസ് പാരിപ്പളളി
ശോഭ
തീരത്തിനെന്നും സ്ഥിരമായ ശോഭ
തിരമാല നൽകുന്ന സ്‌നേഹപ്രശോഭ
കടൽശോഭ കണ്ടിട്ട് മെല്ലെ മെല്ലെ
വിടവാങ്ങും കാഴ്‌ചക്കാരേകുന്ന ശോഭ.
ദൂരത്തിനെന്നും മങ്ങാത്ത ശോഭ
ഒരിക്കലും പൊലിയാത്ത താരപ്രശോഭ
അകലെയാണെങ്കിലും അകലാത്ത ശോഭ
അടുക്കുവാനെപ്പൊഴും തോന്നുന്ന ശോഭ.
മനോജ് മുരളി
അയാൾ പറഞ്ഞത്
ആമ്പൽ പൂവിൻ
കൂട്ടപ്പുഞ്ചിരി കണ്ടെൻ
മനസ്സ് രസിച്ചെങ്കിലും
ഭൂമിയുടെ ദയനീയതയോർത്ത്
ഞാൻ കരഞ്ഞുപോയി!
Generated from archived content: poem6_mar.html