പൊരുൾ

ജീവിതക്കയ്‌പിൽനിന്നു

കവിതാമൃതമൂറും

കാലത്തെ ജയിക്കുന്ന

ദർശനപ്പൊരുൾ പെയ്യും!

ഷൈജു കോട്ടാത്തല

സമരശേഷം

സമരം അവസാനിച്ചു,

ഇപ്പോൾ ഈച്ചകൾ

വഴിവക്കിലെ

കല്ലുകൾ തിന്നാൻ ശ്രമിക്കുന്നു.

മുരളീധരപ്പണിക്കർ

ഒന്നാംപ്രതി

എലിയും കൊതുകും

മാറാടും ഗ്രൂപ്പുവഴക്കും;

രാത്രികൾക്കു പനിപിടിച്ചപ്പോൾ

പത്രപ്പരസ്യങ്ങളിലേയും

ചാനലുകളിലേയും

നഗ്നമേനികണ്ട്‌ ഈയുളളവൻ

സ്‌ത്രീപീഡനത്തിലെ

ഒന്നാംപ്രതിയായി.

സരളാ മധുസൂദൻ

വരവുംകാത്ത്‌

പകലിന്റെ അറുത്തെടുത്ത തല,

ചെങ്കണ്ണുകളോടരുമസന്ധ്യ

പനിമതിതൻ പൊട്ടിച്ചിരി

വിതറും പൂക്കൾ

നിശതൻ മണിയറയിൽ

ഉതിരുന്നൊരുടയാട

സമയത്തിൻ നഗ്നമേനിയിൽ

പടരാൻ വെമ്പുമർക്കന്റെ

വരവുംകാത്ത്‌.

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

നീ എന്റെ സ്വന്തം

കിളി മധുരശബ്ദത്തിൽ പാടിഃ

“ഈ കൊമ്പ്‌ എന്റെ സ്വന്തം.”

വേടൻ മനപ്പായസമുണ്ടുകൊണ്ട്‌

ഉത്തരമായി പാടിഃ

“നീ എന്റെ സ്വന്തം.”

കവിത ചേലേമ്പ്ര

മരം

മരം, കാറ്റ്‌….

ശക്തിയായ ഒഴുക്ക്‌

ഒലിച്ചുപോയ മഞ്ഞച്ചിത്രം

നിന്റെ മരത്തിന്റേത്‌.

എനിക്കൊരിലപോലുമവശേഷിപ്പില്ല.

പി.പി.നാരായണൻ

കാലൻ

ഒരു വിഷപ്പാമ്പിനു ജീവിതംമടുത്തു

മരണമാർഗ്ഗത്തിൽ സ്വയം ദംശിച്ചു

ഫലിച്ചില്ല;

റെയിൽപാളം മുറിച്ചുകടക്കുമ്പോൾ

തീവണ്ടി കാലന്റെ രൂപത്തിൽവന്ന്‌

കണ്ണടച്ച്‌ അനുഗ്രഹിച്ചു.

ശിവരാമൻ കൊണ്ടംപളളി

മാറാട്‌

ബുദ്ധാ… നിന്റെ

ചരിത്രത്തിലെ ആട്ടിൻകുട്ടി

കേരളക്കരയിൽ കൊല്ലപ്പെട്ടു;

മാറാട്‌.

എൻ. വിജയമോഹനൻ

സമ്മർദ്ദം

ന്യൂനപക്ഷത്തിന്റെ സമ്മർദ്ദവും

ഭൂരിപക്ഷത്തിന്റെ വൻമർദ്ദവും

മനുഷ്യപക്ഷത്തെ മർദ്ദിച്ചൊതുക്കുന്നു!

Generated from archived content: poem1_nov.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here