വില്‌പനാനന്തരം

നമ്മുടെ നാട്‌ പലതരം ബഹുജന സമരങ്ങളിലൂടെ കടന്നുപോകുകയാണ്‌. തൊഴിലിനുവേണ്ടിയും കുടിവെളളത്തിനുവേണ്ടിയും പരിസ്ഥിതിയ്‌ക്കുവേണ്ടിയും സമരങ്ങൾ. ഒരുവശത്ത്‌ ഹെലിപ്പാഡ്‌ ഉൾപ്പെടെ കോടിക്കണക്കിനുരൂപയുടെ അത്യാധുനിക സംവിധാനങ്ങളുളള സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികളും, നക്ഷത്രഹോട്ടലുകളും, ഇന്റർനാഷണൽ ജ്വല്ലറികളും മറ്റും. മറുവശത്ത്‌ ഒരു പുതിയ പാവാടയ്‌ക്കും ഒരു വാച്ചിനും വേണ്ടി കൗമാരക്കാർ ആത്മഹത്യചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ രണ്ടറ്റവും നീറിപ്പിടിക്കുന്ന ജീവിതത്തിന്റെ തീയുംപുകയും ആരുംകാണാതെ മൂടിവച്ച്‌ ആത്മഹത്യയ്‌ക്കും കൊലയ്‌ക്കുമിടയിൽ ഇടത്തരക്കാരനും.

നമ്മുടെ നദികളും നാട്ടറിവുകളും ജലാശയങ്ങളും കടലും കടൽത്തീരവും എല്ലാം വിലനിശ്ചയിക്കപ്പെട്ട ചരക്കുകളാണ്‌. അധികാരികൾ ബഹുരാഷ്‌ട്ര കുത്തകകളുമായി അനുരഞ്ഞ്‌ജനത്തിലുമാണ്‌. കാടിനുവേണ്ടി കാട്ടുമൃഗങ്ങളും കാട്ടുമനുഷ്യരും, കടൽത്തീരത്തിനുവേണ്ടി തീരത്തെ മീൻമണക്കുന്ന മനുഷ്യരും മുറവിളികൂട്ടുന്നു.

‘രാജ്യത്തെ രക്ഷിക്കൂ രാജ്യത്തെ നിർമ്മിക്കൂ’ എന്ന സന്ദേശവുമായി പരിസ്ഥിതി പ്രവർത്തക മേധാപട്‌കർ കേരളത്തിലൂടെ കടന്നുപോയത്‌ ഈയിടെയാണ്‌. ഈ സമരം വലിയൊരു സന്ദേശമാണ്‌ സാമാന്യജനങ്ങൾക്കു നല്‌കുന്നത്‌. പണ്ട്‌ കറുത്തപൊന്നും സുഗന്ധവസ്‌തുക്കളും തേടിയാണ്‌ വിദേശികൾ ഇവിടെ ആധിപത്യം സ്ഥാപിച്ചതെങ്കിൽ അതുപോലുളള പ്രകൃതിവസ്‌തുക്കളായ മണ്ണിനും വെളളത്തിനുംവേണ്ടിയാണ്‌ പുതിയവരവ്‌. ഈ വരവിലൂടെ അവരുടെ ആധിപത്യം പൂർണ്ണമാകും. കാരണം സംസ്‌കാരത്തിന്റെ എല്ലാതലങ്ങളിലും വിദേശി നമ്മെ എന്നേ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. .അവശേഷിക്കുന്ന ഭാഷയും അന്നവും വസ്‌ത്രവും നമുക്ക്‌ നഷ്‌ടപ്പെടാൻ പോകുന്നു. സ്വത്വത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നിലവിളിക്കുന്നവൻ ‘ഫാസിസ്‌റ്റ്‌’ എന്നുംകൂടി മുദ്രകുത്തപ്പെടുമ്പോൾ നമ്മുടെ ഇല്ലം അകവും പുറവും കത്തുന്നത്‌ നമുക്ക്‌ കണ്ടുനില്‌ക്കേണ്ടിവരുന്നു.

ഹെൽത്ത്‌ ടൂറിസവും, സെക്‌സ്‌ ടൂറിസവും, ചാരിറ്റി ബിസിനസ്സും വമ്പൻ വാർത്തയും ധനാഗമമാർഗ്ഗവുമാണ്‌ മേൽത്തട്ട്‌ മാസികകൾക്ക്‌. ഷൈലോക്കുമാരും ശകുനിമാരും ചേർന്ന്‌ പത്രത്താളുകളിൽ വിഗ്രഹങ്ങളെ നിർമ്മിക്കുന്നു. ഇവരെ പൂജിക്കാൻ അവർ നമ്മോട്‌ ആവശ്യപ്പെടുന്നു.

“എന്റെ കറിമസാല വാങ്ങിക്കൂ, ഞാൻ നിങ്ങളെ സൗജന്യമായി ചികിത്സിക്കാം” എന്നൊരു ദയാപരനായ വ്യവസായി.

“ഒന്നേകാൽകോടിയുടെ യന്ത്രസംവിധാനത്തിൽ മൂത്രത്തിലെ കല്ലുപൊടിക്കാൻ വരൂ” എന്ന്‌ ഒരു ആശുപത്രി ഭീമൻ!

ഇവിടെ മൂന്നുനേരം ഭക്ഷണവും, ഈറൻ മാറ്റാൻമാത്രം വസ്‌ത്രവും, കയറിക്കിടക്കാനൊരു കൂരയും, കുത്തകമുതലാളിമാർക്ക്‌ കരംകൊടുക്കേണ്ടാത്ത ഒരുതുണ്ടു ഭൂമിയും, ഒരു വേലയും സ്വപ്‌നം കാണുന്നവന്‌ ഒന്നേകാൽ കോടിയുടെ യന്ത്രത്തിൽ പൊടിക്കാൻമാത്രം വലിയകല്ലുകൾ ഉണ്ടാകുമോ മൂത്രത്തിൽ?

Generated from archived content: essay5_mar20.html Author: pisharadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here