ഒന്ന്
ഒരിക്കൽ ഒരു സ്‌നേഹിതൻ കാഫ്‌കയോടു ചോദിച്ചുഃ
“നിങ്ങൾ കാസ്‌പർ ഹൗസിനെപ്പോലെ ഏകാകിയാണോ?”
ചിരിച്ചുകൊണ്ട് കാഫ്‌ക മറുപടി പറഞ്ഞുഃ
“അതിനെക്കാൾ മോശമാണ് എന്റെ സ്ഥിതി. ഞാൻ ഫ്രാൻസ് കാഫ്‌കയെപ്പോലെ ഏകാകിയാണ്.
രണ്ട്
പെണ്ണെഴുത്ത്, സ്‌ത്രീ പക്ഷപാതരചന ഇതൊക്കെ എന്നു തുടങ്ങി? ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പുതിയൊരാവിഷ്‌കാരമല്ലേ ഇത്! തന്ത്രത്തിന് ഇരയാകുന്നവർ അറിയാതെ തുളളുന്നതുപോലെ ചിലരൊക്കെ ഉറഞ്ഞുതുളളുന്നു. സാഹിത്യരചനകളെ വർഗ്ഗബന്ധപശ്ചാത്തലത്തിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. എന്നാൽ അവയെ ലിംഗനിർണ്ണയാടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുമ്പോൾ കാര്യങ്ങൾ വഷളാകുന്നു. പെണ്ണെഴുത്ത്, സ്‌ത്രീപക്ഷപാത രചന ഇത്യാദികളെ വിലയിരുത്തുന്നതിനും ആയതിന് വോട്ട് ചെയ്യുന്നതിനും മുമ്പ് വാൽമീകിയിൽ തുടങ്ങി ആശാനിൽ വരെയെത്തുമ്പോൾ അവരൊക്കെ നിർണ്ണയിച്ച പക്ഷപാതം ആരും കാണുന്നില്ല, ഇത് തമസ്‌കരിക്കപ്പെടുന്നു. നിർഭാഗ്യവശാൽ, നമ്മുടെ പ്രഖ്യാപിത എഴുത്തുകാർ ഈ ചതിക്കുഴി കാണുന്നില്ല. സാഹിത്യമൊന്നേയുളളൂ. അത് ജീവിതത്തിന്റെ പ്രതിസ്‌ഫുരണമാകുന്നു. അതാകട്ടെ ആണും പെണ്ണും ചേർന്നതാകുന്നു. അവിടെ ‘വിഭജിച്ചുഭരിക്കുക’ എന്ന തന്ത്രത്തിന്റെ കൈക്കോടാലികളായി സാഹിത്യം കൈയാളുന്ന സ്‌ത്രീകൾ മാറാതിരിക്കട്ടെ. മായക്കാഴ്‌ചകൾ നമുക്ക് മറക്കാം. മണ്ണിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് നക്ഷത്രങ്ങളെ കാണാം. അതല്ലേ നന്ന്?
Generated from archived content: sept_essay3.html Author: pg_sadanandan