പഴയ കഥയാണ്; ഭിക്ഷയില്ലായെന്ന് പറഞ്ഞ് അനന്തരവന്മാർ മടക്കിയയച്ച ഒരുവനെ തറവാടിന്റെ മുന്നിൽവച്ച് കാണുന്നു. ഭിക്ഷകിട്ടാതെ മടങ്ങിപ്പോകുന്നവനോട് വൈകിയെത്തിയ കാരണവർ കാര്യം തിരക്കുന്നു. ഭിക്ഷകിട്ടിയില്ലെന്ന് മറുപടി. രോഷംകൊണ്ട കാരണവർ അയാളെ മടക്കിവിളിച്ച് ചാരുകസേരയിൽ ഇരിക്കുന്നു. പിന്നെ ഇങ്ങനെ ഉവാചഃ“ഇവിടെ ഭിക്ഷയില്ലായെന്ന് പറയുവാൻ അവന്മാർ ആരാ? അതു ഞാൻ പറയണം. അതുകൊണ്ട് നോം പറയുന്നു ഭിക്ഷയില്ലായെന്ന്.”
കാരണവർ പിന്നെ താംബൂലചർവ്വണത്തിലേക്ക്. ഭിക്ഷക്കാരൻ മടങ്ങുന്നത് ഇന്റർകട്ട്. വെറുതെ ആലോചിച്ചുപോയതാണ്. ഇത്തരം തമ്പ്രാക്കൾ, കാരണവന്മാർ അല്ലേ മലയാള സാഹിത്യതറവാട്ടിലുളളത്? ഭിക്ഷയില്ലെന്ന് പറയുവാൻപോലും ഇവർവേണം.
ആലോചിച്ചുപോയത് മറ്റുചില പരിസരങ്ങളിൽനിന്നാണ്; അതിവിടെ വെളിവാക്കുന്നില്ല. എങ്കിലും കാരണവന്മാരോട് ഒരുചോദ്യം; പുസ്‌തകം മരിക്കുന്നുവെന്നും മരിച്ചുവെന്നും വിലാപകാവ്യം രചിക്കുന്ന നിങ്ങൾ, പുസ്‌തകം വിറ്റുപോകേണ്ടതായ തീരുമാനങ്ങൾ എടുക്കേണ്ടതായ നിങ്ങൾ-അപ്പോഴെന്തേ മൗനത്തിന്റെ വല്‌മീകംതേടുന്നു? മലയാളത്തിൽ കുഞ്ഞ് പ്രസാധകരുണ്ട്. അവരൊക്കെ ജീവിതം ഹോമിച്ചിട്ടാണ് പ്രസാധനരംഗത്ത് നില്‌ക്കുന്നത്. എന്നിട്ടും അവരുടെയൊന്നും ഹോമാഗ്നിയുടെ ചൂട് നിങ്ങൾക്കറിയില്ലേ? ഇതൊന്നുമറിയാതെ, മറ്റേ വർത്തമാനമുണ്ടല്ലോ, പുസ്‌തകം മരിക്കുന്നുവെന്നൊക്കെയുളളത്- അതങ്ങ് പരണത്ത് വച്ചേക്കണം. തമ്പ്രാക്കളേ, നിങ്ങടെയൊക്കെ പുസ്‌തകങ്ങളും, ലിറ്റററി ഏജന്റ്‌സായി നിങ്ങളൊക്കെ പ്രവർത്തിക്കുന്നവരുടെ പുസ്‌തകങ്ങളും മൊത്തക്കച്ചവടത്തിൽ പോകുന്നില്ലേ! തമ്പ്രാക്കളെ, എഴുത്തുകാരനെയും പ്രസാധകനെയും ഇനിയും തെണ്ടിക്കണ്ടാ! തെണ്ടിച്ചോ. പക്ഷെ മറ്റേ ഡയലോഗുണ്ടല്ലോ, പുസ്‌തകം മരിക്കുന്നു, പ്രസാധനം തീരുന്നു. ഇത്തരം സോദ്ദേശസാഹിത്യമൊന്നും വേണ്ട. എല്ലാ സാഹിത്യതമ്പ്രാക്കൾക്കും നന്ദി! നമസ്‌കാരം….!
Generated from archived content: essay_pgs.html Author: pg_sadanandan