ജീവിതംനീളെ യാത്രചെയ്‌ത് ഒടുവിൽ അയാൾ ഒരു പുഴവക്കത്തെത്തി. പുഴക്കരയിലെ പഴയ വാടകവീട്ടിൽ അയാൾക്ക് കൂട്ടിനു വേറെ ആരുമുണ്ടായിരുന്നില്ല. അയാൾ ഏകാകിയായ ഒരാളായിരുന്നു. ഉപേക്ഷിച്ചു പോന്ന വീടും ബന്ധങ്ങളും സൗഹൃദങ്ങളും അയാൾക്കൊരു മുജ്ജന്മസ്‌മൃതിയായിരുന്നു. എന്തിനാണ് അങ്ങനെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നതെന്ന് അയാൾക്കറിയില്ല. ഏതോ ഒരശാന്തി അയാളുടെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. എവിടെയൊക്കെ അലഞ്ഞുതിരിഞ്ഞെന്ന് ഇപ്പോൾ അയാളോർക്കുന്നില്ല. ഒന്നും ഓർമ്മയിൽ സൂക്ഷിക്കരുതെന്നും ഉണ്ടായിരുന്നു അയാൾക്ക്.
പുഴയിലേക്ക് കെട്ടിയിറക്കിയ കല്‌പടവുകളിൽ പുഴയിലെ ഒഴുക്കും നോക്കി അയാൾ ഇരുന്നു. അപ്പോൾ സായാഹ്നമായിരുന്നു. പുഴയുടെ ഓളങ്ങളിൽ ആകാശത്തിന്റെ നിഴൽ കിടന്നിളകുന്നത് അയാൾ കണ്ടു. പുഴയിലെ ഒഴുക്കും നോക്കി ഇരിക്കുമ്പോൾ അയാൾ അയാളോടു പറഞ്ഞുഃ “പുഴ കാലമാണ്. നിനക്കുമുമ്പേ ഈ പുഴയുണ്ടായിരുന്നു. നീ ഇല്ലാതായതിനുശേഷവും ഈ പുഴ ഉണ്ടായിരിക്കും.”
ഉപേക്ഷിച്ചുപോന്ന ഒന്നിനെക്കുറിച്ചും അയാൾക്ക് ദുഃഖമില്ല. നഷ്‌ടബോധവുമില്ല. എന്നുമാത്രമല്ല, തന്റെ ഏകാന്തമായ ജീവിതത്തെ അയാൾ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. എങ്കിലും എന്തോ ഒരു വ്യാകുലതയുണ്ടായിരുന്നു അയാൾക്ക്. അതെന്താണെന്നോ അതിന്റെ കാരണമെന്താണെന്നോ അയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.
അയാളുടെ വ്യാകുലഭാവം കണ്ട് പുഴ അയാളോടു ചോദിച്ചുഃ
“എന്തിനാ വിഷമിക്കുന്നെ? ജീവിതം ഇങ്ങനെയൊക്കെയാണെന്ന് വിചാരിക്ക്. സ്വയം ഉപേക്ഷിച്ചവർ ഒരേടത്തും തങ്ങിനില്‌ക്കുന്നില്ല. എന്നെ നോക്ക്, ഒരു കടവിലും കെട്ടിക്കിടക്കാതെ ഒഴുകി, ഒഴുകി. പ്രപഞ്ചത്തിൽ എല്ലാം അങ്ങനെയല്ലേ?”
പടിക്കെട്ടുകളിറങ്ങിച്ചെന്ന് ഒരുകൈ വെളളത്തിൽ അയാൾ പുഴയെ കോരിയെടുത്തു.
Generated from archived content: story9_sep.html Author: perumbadavam_sreedharan