ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു മുക്രിയാണ്. കഥാപാത്രത്തിന് പേര് കൂടിയേ തീരൂ എങ്കിൽ നമുക്ക് ഈ കഥാപാത്രത്തെ സുലൈമാൻ എന്നു വിളിക്കാം. ഏതു പേരുമാകാം. പക്ഷെ, ആൾ മുക്രിയായിരിക്കണമെന്ന് നിർബന്ധമുണ്ട്.
അപ്പോൾ സുലൈമാൻ മുക്രി! അദ്ദേഹം എന്താണ് ചെയ്തത്? ഭാര്യയോടുള്ള അരിശംമൂത്ത് വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടിനു തീവെച്ചു. ഭാര്യയും മക്കളും കിടന്നു നിലവിളിച്ചപ്പോൾ അയൽക്കാരും നാട്ടുകാരും ഓടിക്കൂടി. അപ്പോൾ മുക്രിയുടെ വീട് നിന്ന് കത്തുന്നു! ഈ മുക്രിക്കെന്താണ് സംഭവിച്ചതെന്ന് അയൽക്കാരും നാട്ടുകാരും അൽഭുതപ്പെട്ടു. ആരെങ്കിലും സ്വന്തം വീടിനു തീവയ്‌ക്കുമോ?
നാട്ടുകാരിൽ ആരോ പോലീസിൽ ചെന്നു പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ ആളൊരു ഇടിയൻ നാറാപിള്ളയായിരുന്നു. അതാണോ അദ്ദേഹത്തിന്റെ പേരെന്നു തീർച്ചയില്ല. കഥാകൃത്തിന്റെ മൊഴി ഇതാണ്‌ഃ അയാളെ കണ്ടാൽ ഒരു ഇടിയൻ നാറാപിള്ളയാണെന്നു തോന്നും.
ഇടിയൻ നാറാപിള്ള മീശപിരിച്ചു.
“മുക്രിയാണോ വീടിനു തീവച്ചത്?”
‘അതെ’ എന്ന് മുക്രി തലയാട്ടി, ഒരു കൂസലും കൂടാതെ. സുലൈമാൻ മുക്രിയുടെ ആ കൂസലില്ലായ്മ ഇടിയൻ നാറാപിള്ള എന്ന പോലീസ് ഇൻസ്പെക്ടർക്ക് പിടിച്ചില്ല.
ഇൻസ്പെക്ടർ പോലീസ് മുറയിൽ തന്നെ ചോദിച്ചുഃ “എന്തിനാ സ്വന്തം വീടിനു തീ വച്ചത്?”
അപ്പോൾ സുലൈമാൻ മുക്രിക്കു ചിരിവന്നു. “അതെന്തൊരു ചോദ്യമാ സാറേ? അതൊരു ചോദ്യമല്ല യഥാർത്ഥത്തിൽ”.
പോലീസ് ഇൻസ്പെക്ടറുടെ പുരികം ചുളിഞ്ഞു. “പിന്നെ എന്താണ് യഥാർത്ഥ ചോദ്യം?”
സുലൈമാൻ മുക്രി അപ്പോഴും ചിരിച്ചു. “ഞാനെന്തിനാ വീട് പണിഞ്ഞേന്ന് ചോദിക്കിൻ”.
അമർഷം അമർത്തിക്കൊണ്ട് പോലീസ് ഇൻസ്പെക്ടർ ചോദിച്ചു. “ശരി താനെന്തിനാ വീടുണ്ടാക്യേ?”
അപ്പോൾ താടിയുഴിഞ്ഞുകൊണ്ട് സുലൈമാൻ മുക്രി പറഞ്ഞുഃ “എനിക്ക് കത്തിക്കാൻ തന്നെ”. ഇടിയൻ നാറാപിള്ളയ്‌ക്ക് അതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ല. അതേതോ മറുഭാഷിയായിട്ടാണ് അയാൾക്കു തോന്നിയത്.
Generated from archived content: story6_novem5_07.html Author: perumbadavam_sreedharan